- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫിനാൻസ് തട്ടിപ്പു പണം ഹവാലയായും അല്ലാതെയും ഓസ്ട്രേലിയയിലേക്കും ദുബായിലേക്കും കടത്തി; തോമസ് ഡാനിയേൽ പണം ഡോളറാക്കി മാറ്റി ദുബായിലുള്ള ബന്ധുവിന് കൈമാറി; അവിടെ നിന്ന് ഓസ്‌ട്രേലിയയിലുള്ള ഭാര്യാസഹോദരനും കൈമാറി; മറുനാടൻ വാർത്ത ശരിവെച്ച് ഇഡിയും ഹൈക്കോടതിയിൽ
കൊച്ചി: പത്തനംതിട്ടയിലെ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. തട്ടിയെടുത്ത പണം ഓസ്‌ട്രേലിയയിലേക്കും ദുബായിലേക്കും കടത്തി എന്നത് അടക്കമുള്ള കാര്യങ്ങൾ ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം അടക്കം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ജസ്റ്റിസ് കെ. ഹരിപാലിന്റേതാണ് ഉത്തരവ്.
കേസിലെ സാക്ഷികളിലേറെയും ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരാണ്. അതിനാൽത്തന്നെ അവരെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ദുബായിലും ഓസ്ട്രേലിയയിലുമൊക്കെ ഹർജിക്കാരന് ബിസിനസ് താത്പര്യങ്ങളുണ്ട്. അതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ഇ.ഡി. കേസിൽ തോമസ് ഡാനിയലിന്റെ മകൾക്ക് നേരത്തേ വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, തോമസിന് നിഷേധിച്ചു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കോവിഡ് പ്രതിസന്ധിയാണ് കമ്പനിയുടെ തകർച്ചയിലേക്ക് നയിച്ചതെന്നും പണം ഓസ്ട്രേലിയയിലേക്ക് കടത്തിയെന്ന ആരോപണം തെറ്റാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യഹർജി നൽകിയത്. അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന കാപ്പിറ്റൽസ് പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനം കമ്പനി ഏറ്റെടുക്കാൻ സന്നദ്ധ അറിയിച്ചിട്ടുണ്ടെന്നും അത് സാധ്യമായാൽ നിക്ഷേപകർക്ക് പണം തിരികെനൽകാൻ കഴിയുമെന്നും അവകാശപ്പെട്ടിരുന്നു.
പോപ്പുലർ ഫിനാൻസിലെ തട്ടിപ്പു പണം ഓസ്‌ട്രേലിയയിലേക്കും ദുബായിലേക്കും കടത്തിയെന്ന് മുമ്പ് മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. ഈവാർത്ത ശരിവെച്ചു കൊണ്ടാണ് ഇ ഡിയുടെ റിപ്പോർട്ടും. ആയിരക്കണക്കിന് നിക്ഷേപകരിൽ നിന്ന് 1600 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ കേസാണിതെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി. ജാമ്യാപേക്ഷയെ എതിർക്കുകയാിരുന്നു.
പണം ഹവാലയായും അല്ലാതെയും ഓസ്ട്രേലിയയിലേക്കും ദുബായിലേക്കും കടത്തിയിട്ടുണ്ട്. നിക്ഷേപകരുടെ പണമുപയോഗിച്ച് സ്ഥലം വാങ്ങിയിട്ടുണ്ട്. നിക്ഷേപകർ പണയംവെച്ച സ്വർണം വീണ്ടും പണയപ്പെടുത്തിയും പണമെടുത്തിട്ടുണ്ട്. പിൻവലിച്ച പണം ഡോളറാക്കി മാറ്റി ദുബായിലുള്ള ബന്ധു ബോബന് കൈമാറി. അവിടെനിന്ന് ഓസ്‌ട്രേലിയയിലുള്ള ഭാര്യാസഹോദരൻ വർഗീസ് പൈനാടത്തിന് കൈമാറി.
ദുബായിലെ കാരി കാർട്ട് ട്രെയ്ഡിങ് എൽ.എൽ.സി. എന്ന സ്ഥാപനത്തിൽ തോമസിന് 50 ശതമാനം ഷെയർ ഉണ്ട്. എൽദോ എന്നയാളാണ് മറ്റൊരു പങ്കാളി. ഒരു മില്ല്യൻ ദിർഹം നൽകിയാണ് ദുബായിലെ കമ്പനിയിൽ ഷെയർ വാങ്ങിയതെന്ന് ചോദ്യംചെയ്യലിൽ കണ്ടെത്തി. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്. 2020 ഓഗസ്റ്റിൽ ഒരുകോടി രൂപയ്ക്ക് കോന്നിയിലെ 15 സെന്റ് സ്ഥലം വിറ്റിരുന്നു.
ഇതിൽ 90 ലക്ഷം രൂപ നിയമസഹായം ലഭിക്കുന്നതിനായിട്ടാണ് കൈമാറിയത്. ഓസ്ട്രേലിയയിലെ പോപ്പുലർ ഗ്രൂപ്പ് പി.ടി.വൈ. ലിമിറ്റഡ് എന്ന കമ്പനിയിലും തോമസ് ഡയറക്ടർ ആണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു ഇ.ഡി.ക്കായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചത്. ഇ.ഡി. കഴിഞ്ഞവർഷം ഓഗസ്റ്റ് ഒൻപതിനാണ് തോമസ് ഡാനിയലിനെ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് നിലവിൽ സിബിഐ. ആണ് അന്വേഷിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ