- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2000 കോടിയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഉടമകൾ കീഴടങ്ങി; റോയി ഡാനിയേലും ഭാര്യ പ്രഭയും കീഴടങ്ങിയത് പത്തനംതിട്ട എസ്പി ഓഫീസിലെത്തി; കീഴടങ്ങൽ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ഡൽഹിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മക്കളായ റിനു മറിയം തോമസിനെയും റിയ ആൻ തോമസിനെയും കൊച്ചിയിൽ എത്തിച്ചതിന് പിന്നാലെ; മുങ്ങാൻ ലക്ഷ്യമിട്ടത് ദുബായ് വഴി ഓസ്ട്രേലിയയിലേക്ക്; പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ജനങ്ങൾക്ക് പാഠമാകണമെന്ന് ഐസക്ക്; ചിട്ടി നടത്തിപ്പിലെ പോരായ്മകൾ പരിശോധിക്കുമെന്നും മന്ത്രി
പത്തനംതിട്ട: 2000 കോടിയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഉടമകൾ കീഴടങ്ങി. സ്ഥാപന ഉടമ റോയി ഡാനിയേലും ഭാര്യ പ്രഭയുമാണ് കീഴടങ്ങിയത്. എസ് പി ഓഫീസിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്. അതേസമയം, ആസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ച റോയി ഡാനിയലിന്റെ രണ്ട് മക്കളേയും പൊലീസ് കേരളത്തിലെത്തിച്ചു. ഇതിന് പിന്നാലെയാണ് ഇരുവരും പൊലീസിൽ കീഴടങ്ങുകയും ചെയ്തത്. വലിയ ഗൂഢാലോചന തന്നെ ഈ സാമ്പത്തിക തട്ടിപ്പിൽ നടന്നിട്ടുണ്ട്.
സമീപകാലത്ത് പണം നിക്ഷേപിച്ചവർക്ക് നൽകിയത് വ്യത്യസ്ത സ്ഥാപനങ്ങളുടെ രേഖകളെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം സാമ്പത്തിക തട്ടിപ്പ് നികുതി വകുപ്പ് പരിശോധിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ചിട്ടി നടത്തിപ്പിലെ പോരായ്മകൾ പരിശോധിക്കും. പൊലീസ് അന്വേഷണത്തിന് പുറമെ നികുതിവകുപ്പും പരിശോധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ജനങ്ങൾക്ക് പാഠമാകണമെന്നും ധനമന്ത്രി വ്യക്തമാക്കി.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് നിക്ഷപകർക്ക് തുടക്കകാലം മുതൽ രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി നൽകുന്ന രേഖകൾ പോപ്പുലർ ഡീലേഴ്സ് പോപ്പുലർ പ്രിസ്റ്റേഴ് പോപ്പുലർ നിധി എന്നീ പേരുകളിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി വകയാറിലെ ആസ്ഥാനത്ത് പൊലീസ് നടത്തുന്ന പരിശോധനയില്ല രേഖകളിലെ ഈ വൈരുദ്ധ്യം കണ്ടെത്തി. റോയിയുടെ പെൺമക്കളുടെ ഭർത്താക്കന്മാരുടെ പേരിലുള്ള വ്യവസായ സംരഭങ്ങളിലേക്ക് ഫിനാൻസിന്റെ നിക്ഷേപം വകമാറ്റിയിരുന്നു. അതേസമയം, പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ നേതൃത്വത്തിൽ അക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രത്യക്ഷ സമരം തുടങ്ങി.
നേരത്തെ റോയി ഡാനിയേലിന്റെ മക്കളെ ഡൽഹി വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്. ഡൽഹിയിൽ നിന്ന് വിമാനമാർഗം ദുബായ് വഴി ഓസ്ട്രേലിയയിലേക്ക് കടക്കാനായിരുന്നു പദ്ധതി. അതിനിടെ നിക്ഷേപകർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് കോന്നി വകയാറിലെ ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം ആരംഭിച്ചു. നിക്ഷേപിച്ച പണം തിരികെ കിട്ടണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ സർക്കാർസംവിധാനങ്ങൾ കാര്യക്ഷമമായി ഇടപെടണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസങ്ങളിൽ സ്ഥാപനത്തിനുമുന്നിൽ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇന്നാണ് സംഘടിത സ്വഭാവം കൈവന്നത്. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുമ്പോഴും നൂറുകണക്കിന് നിക്ഷേപകർ പ്രതിഷേധത്തിനെത്തി. നിക്ഷേപകർ ആക്ഷൻ കൗൺസിലും രൂപീകരിച്ചു. പണം തിരിച്ചുകിട്ടുമോ എന്ന ആശങ്കയിലാണ് പലരും. 2000കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമീക കണക്ക്. സംസ്ഥാനവ്യാപകമായി പൊലീസ് സ്റ്റേഷനുകളിൽ സ്ഥാപന ഉടമയ്ക്കെതിര പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തെയും വിപുലീകരിച്ചു.
പല വിധത്തിലായിരുന്നു പോപ്പുലർ ഫിനാൻസിൽ തട്ടിപ്പുകൾ അരങ്ങേറിയത്. ഇടപാടുകാർ പണയം വയ്ക്കാൻ എത്തിയാൽ ഗ്രാമിന് വളരെ കുറഞ്ഞ നിരക്കിലാണ് പണം നൽകുന്നത്. അതിന് ഈ സ്വർണം ഇവർ ഫെഡറൽ ബാങ്കിന്റെ ശാഖയിൽ കൊണ്ടുപോയി പണയപ്പെടുത്തി കൂടുതൽ പണം വാങ്ങും. ആ പണത്തിൽ ഒരു ഭാഗം നിക്ഷേപകർക്ക് പലിശയ്ക്ക് നൽകുകയും ചെയ്യും. ബാക്കി സ്വന്തം അക്കൗണ്ടിലും. ഇത് വിവിധ ആവശ്യങ്ങൾക്കും മറ്റ് ലോണുകൾ നൽകാനും വിനിയോഗിക്കും. ഇതിലൂടെ ലാഭം ഉണ്ടാക്കും. ഇതിനിടെ പണയം വച്ചത് എടുക്കാൻ ആളു വരുമ്പോൾ ഫെഡറൽ ബാങ്കിൽ പോയി എടുത്തു കൊടുക്കുകയാണ് ചെയ്യുന്നത്. പോപ്പുലർ ഫിനാൻസിന്റെ എല്ലാ ശാഖകളോടും ചേർന്നുള്ള ഫെഡറൽ ബാങ്ക് ശാഖകളിൽ ഇത്തരത്തിൽ സ്വർണം മറിച്ചു പണയം വച്ചിരുന്നതായി പൊലീസിന് പ്രാഥമികാന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്.
കൈ നനയാതെ മീൻ പിടിച്ച് സമ്പാദിക്കുകയാണ് പോപ്പുലർ ഉടമകൾ ചെയ്തത്. ആരാന്റെ സ്വർണം കൊണ്ട്, ഒരു പൈസ പോലും ചെലവില്ലാതെ ലക്ഷങ്ങളാണ് ഇവരുടെ അക്കൗണ്ടിലേക്ക് വന്നിരുന്നത്. പണയ സ്വർണവും ഇപ്പോൾ തിരിച്ചു നൽകുന്നില്ല എന്നാണ് കേൾക്കുന്നത്. ഫെഡറൽ ബാങ്കിന്റെ വിവിധ ശാഖകളിലുണ്ടായിരുന്ന പണയ സ്വർണം തിരികെ എടുത്ത് വിറ്റ് നാടുവിടാനായിരുന്നു സ്ഥാപനം ഉടമ ഇണ്ടക്കാട്ടിൽ തോമസ് ഡാനിയൽ(റോയ്), ഭാര്യ പ്രഭാ ഡാനിയൽ, മകൾ റിയ എന്നിവരുടെ പദ്ധതി. അതാണിന്നലെ ഭാഗികമായി പാളിയത്.
2000 കോടിയുടെ സാമ്പത്തിക തട്ടിപ്പിൽ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 250 ൽ അധികം പരാതികൾ ലഭിച്ചു. തട്ടിപ്പിന്റെ വ്യാപ്തി ഇതുവരെ മുന്നൂറു കോടി വരും. ഇനിയും പരാതിക്കാർ എത്താനുണ്ട്. കർണാടകയിൽ നിന്നും മറ്റും വിളി എത്തുന്നുണ്ട്. ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ച്, തമിഴ്നാട്ടിലും മുംബൈയിലും ബംഗളൂരുവിലുമൊക്കെയായി മുന്നൂറോളം ബ്രാഞ്ചുകളുള്ള സ്ഥാപനമാണ് പോപ്പുലർ ഫിനാൻസ്.
12 ശതമാനം പലിശയെന്ന് കേട്ട് മുൻപിൻ നോക്കാതെ നിക്ഷേപിക്കാൻ ഇറങ്ങിയവരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചവരൊന്നും തന്നെ ഈ സർട്ടിഫിക്കറ്റ് വായിച്ചതായി തോന്നുന്നില്ലെന്ന് അന്വേഷണം നടത്തുന്ന പൊലീസ് സംഘം ചൂണ്ടിക്കാട്ടുന്നു. അരലക്ഷം മുതൽ ഒന്നരക്കോടി വരെ നിക്ഷേപിച്ചവരുണ്ട്. കള്ളപ്പണം വെളുപ്പിക്കാനായി കൊണ്ടിട്ടവർ മാത്രം ഒന്നും മിണ്ടുന്നില്ല. മധ്യതിരുവിതാംകൂർ കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് കോന്നി ആസ്ഥാനമായുള്ള പോപുലർ ഫിനാൻസ് നടത്തിയത്.
കേരളത്തിനകത്തും പുറത്തുമായി 350 ശാഖകൾ ഉള്ള പോപുലർ ലക്ഷക്കണക്കിന് നിക്ഷേപകരിൽനിന്ന് ആയിരത്തിലധികം കോടിയാണ് തട്ടിയെടുത്തത്. 1976ൽ പ്രവർത്തനം ആരംഭിച്ച പോപുലറിന്റെ അടിത്തറ ഇളകിത്തുടങ്ങിയത് 2014-15 കാലഘട്ടത്തിലാണ്. നിലവിലെ കമ്പനി എം.ഡി റോയി ഡാനിയേലിന് വനാമി കൊഞ്ച് കയറ്റുമതിയിൽ കോടികളുടെ നഷ്ടമുണ്ടായി. ഇതോടെ മകൾ ഡോ. റീനു മറിയം തോമസിന് സിഇഒ ചുമതല നൽകി. ഇതിനെ തുടർന്ന് ഒരോവർഷം കഴിയുന്തോറും കൂടുതൽ കൂടതൽ അടിത്തറ തകർന്നു 2020 ആയപ്പോഴേക്കും പതനം പൂർത്തിയാവുകയായിരുന്നു. ഇതിനിടെ കള്ളക്കളികളും തുടങ്ങി. മകൾ ചുമതല ഏറ്റശേഷം ഏറ്റവും അധികം ബിസിനസ്സുള്ള ശാഖകൾ വിവിധ പേരുകളിൽ നിധി ലിമിറ്റഡുകളായി രജിസ്റ്റർ ചെയ്ത് നിക്ഷേപം സ്വീകരിച്ചതോടെ പാവങ്ങൾ ചതിയിൽ പെട്ടു തുടങ്ങി.
തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ പൊലീസ് സ്റ്റേഷനുകളിലേക്ക് പരാതികളുടെ പ്രവാഹമാണ്. അതിനിടെ തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്. പരാതികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ലോക്കൽ പൊലീസിൽ നിന്ന് അന്വേഷണം മാറ്റാൻ ആലോചന നടക്കുന്നത്. സംസ്ഥാന വ്യാപകമായി അന്വേഷണം വ്യാപിപ്പിക്കേണ്ടി വന്നാൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഇത് വരെയുള്ള കണക്കുകളെല്ലാം പ്രാഥമിക കണക്കുകൂട്ടൽ മാത്രമാണ്. മുഴുവൻ നിക്ഷേപകരുടെ പൂർണ്ണ കണക്കെടുത്തെങ്കിൽ മാത്രമേ കൃത്യമായ വിവരങ്ങൾ ലഭിക്കുകയുള്ളൂ. ഇതിനിടെ, സ്ഥാപന ഉടമ പത്തനംതിട്ട സബ്കോടതിയിൽ പാപ്പർ ഹരജി നൽകിയിട്ടുണ്ട്. കോടതി സെപ്റ്റംബർ ഏഴിന് പരിഗണിക്കും. സ്ഥാപനത്തിന് സംസ്ഥാനത്തും പുറത്തുമായി മുന്നൂറ്റമ്പതോളം ശാഖകളുണ്ട്.
മറുനാടന് മലയാളി ബ്യൂറോ