- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
73 ബാങ്ക് അക്കൗണ്ടുകളിലേക്ക് 120.5 കോടി രൂപ എത്തിയതും അവ തൊട്ടുപിന്നാലെ പിൻവലിച്ചതും സംബന്ധിച്ച രേഖകൾ കൈവശമുണ്ടെന്ന് ഇഡി; ആർ എസ് എസിന്റെ രാഷ്ട്രീയ ശത്രുതയെന്ന് പോപ്പുലർ ഫ്രണ്ടും; 26 കേന്ദ്രങ്ങളിലെ രാജ്യവ്യാപക റെയ്ഡിൽ നിറയുന്നത് കർഷക സമരത്തിലെ അതിശക്ത നിലപാടിലുള്ള പ്രതികാരമോ? നേതാക്കളെ അറസ്റ്റ് ചെയ്യാനും സാധ്യത
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയത് കേരളാ പൊലീസിനെ അറിയിക്കാതെ. കേന്ദ്ര സേനയെയാണ് സുരക്ഷയ്ക്ക് വിന്യസിച്ചത്. അതിനിടെ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് വ്യാപകമായി കള്ളപ്പണം സ്വീകരിച്ചിരുന്നതിന്റെ കൂടുതൽ തെളിവുകൾ കണ്ടെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ നേതാക്കളെ ഇഡി അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. തെളിവുകൾ പരിശോധിച്ചാകും അന്തിമ തീരുമാനം എടുക്കുക. ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ് ഇഡിയുടെ പരിശോധനയ്ക്ക് പിന്നിലെന്നാണ് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പ്രതികരണം.
ഡൽഹിയിൽ നിന്നെത്തിയ ഇഡി സംഘത്തിനൊപ്പം കേരളത്തിലെ മൂന്ന് സോണുകളിലെയും ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. ഏറെ വൈകിയാണ് പരിശോധന പൊലീസ് അറിഞ്ഞത്. സുരക്ഷയ്ക്കായി ഇഡി കേന്ദ്രസേനയെ വിന്യസിക്കുകയായിരുന്നു. കർഷക റാലിക്കിടെ ചിലരെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും ചില വിവരങ്ങൾ കിട്ടി. എന്നാൽ പണമൊന്നും പിടിച്ചെടുക്കാൻ കഴിയാത്തത് ഇഡിയുടെ രാഷ്ട്രീയ താൽപ്പര്യത്തിന് തെളിവാണെന്ന് പോപ്പുലർ ഫ്രണ്ടും ആരോപിക്കുന്നു. കേരളത്തിൽ അഞ്ചിടങ്ങളിലായി നടത്തിയ പരിശോധനയിൽ നിരവധി ബാങ്ക് ഇടപാട് രേഖകളും ലാപ്ടോപ്പുകളും പിടികൂടിയെന്ന് ഇഡിയും പറയുന്നു.
കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലെ പരിശോധന പന്ത്രണ്ട് മണിക്കൂറാണ് നീണ്ടത്. കേന്ദ്രസർക്കാരിന്റെ പക തീർക്കലെന്നാണ് നേതാക്കളുടെ പ്രതികരണം. സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരത്തിന്റെ മലപ്പുറത്തെ വീട്ടിലായിരുന്നു ആദ്യ പരിശോധന. പിന്നാലെ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലും ഇഡിയെത്തി. പൂന്തുറ, കളമശേരി, കാരന്തൂർ തുടങ്ങിയ ഇടങ്ങളിലെ സംസ്ഥാന, ജില്ലാ നേതാക്കളുടെ വീടുകളിലും പരിശോധിച്ച് രേഖകൾ പിടികൂടി. സംസ്ഥാനകമ്മിറ്റി ഓഫിസിലെ പരിശോധനയ്ക്കു ശേഷം മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പോപ്പുലർഫ്രണ്ട് പ്രവർത്തകർ തടഞ്ഞു. തുടർന്ന് കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് വാഹനങ്ങൾ പുറത്തേക്കുപോയത്.
ബാങ്ക് ഇടപാടുകൾ, വിവിധ പാർട്ടി പരിപാടികൾക്കു ചെലവഴിച്ച തുക, നേതാക്കളുടെ വിദേശയാത്ര തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. രാജ്യമാകെ 26 കേന്ദ്രങ്ങളിലായാണ് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയത്. കേരളത്തിനു പുറമേ തമിഴ്നാട്ടിലെ ചെന്നൈ, തെങ്കാശി, മധുര, ബംഗാളിലെ കൊൽക്കത്ത, മുർഷിദാബാദ്, കർണാടകയിലെ ബെംഗളൂരു, ഡൽഹിയിലെ ഷഹീൻ ബാഗ്, യുപിയിലെ ലക്നൗ, ബാരാബങ്കി, ബിഹാറിലെ ദർഭംഗ, പുർണിയ, മഹാരാഷ്ട്രയിലെ ഔറംഗാബാദ്, രാജസ്ഥാനിലെ ജയ്പുർ എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.
ഫെബ്രുവരിയിൽ വടക്കു കിഴക്കൻ ഡൽഹിയിൽ വർഗീയ കലാപമുണ്ടാക്കിയവർക്കു പോപ്പുലർ ഫ്രണ്ട് പണം ലഭ്യമാക്കിയെന്ന പേരിൽ ഡൽഹി ക്രൈംബ്രാഞ്ച് എടുത്ത കേസുകളിൽ ഇഡി സ്വമേധയാ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്ഡ്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള 73 ബാങ്ക് അക്കൗണ്ടുകളിലേക്ക് 120.5 കോടി രൂപ എത്തിയതും അവ തൊട്ടുപിന്നാലെ പിൻവലിച്ചതും സംബന്ധിച്ച രേഖകൾ കൈവശമുണ്ടെന്ന് ഇഡി അധികൃതർ പറഞ്ഞു.
ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ പോപ്പുലർ ഫ്രണ്ട് ശക്തമായ നിലപാട് സ്വീകരിച്ചു മുന്നോട്ടുപോകുന്നതിലുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികാരമാണ് പരിശോധനകളെന്നു പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരം പ്രതികരിച്ചു. ശ്രദ്ധ തിരിച്ചുവിടുന്നതിന്റെ ഭാഗമാണിത്. 2018 ൽ നടന്ന സാമ്പത്തിക കേസുമായി ബന്ധപ്പെട്ട മുഴുവൻ അന്വേഷണവും പൂർത്തിയാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം നേരത്തേ സമർപ്പിച്ചിട്ടുണ്ടെന്നും അനീസ് അഹമ്മദ്, ദേശീയ സെക്രട്ടറി മുഹമ്മദ് ഷക്കീഫ് എന്നിവർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ