കൊച്ചി: ലൗജിഹാദ്; വിദ്വേഷ രാഷ്ട്രീയത്തിന്റെ നുണ ബോംബ് എന്ന പ്രചരണവുമായി പോപ്പുലർ ഫ്രണ്ട്. ഈ തെരഞ്ഞെടുപ്പുകാലത്ത് കത്തുന്ന വിഷയമായി ലൗ ജിഹാദ് മാറിയ സാഹചര്യത്തിലാണ് ഇത്. ഇതിന് വേണ്ടി പ്രത്യേക ലഘുലേഖ പോപ്പുലർ ഫ്രണ്ട് തയ്യാറക്കി. *ലൗജിഹാദ്; നുണക്കഥയുടെ ഉത്ഭവവും ലക്ഷ്യവും എന്ന തലക്കെട്ടിൽ വർഗീയ പ്രചാരകർ മറുപടി പറയാത്ത ചോദ്യങ്ങൾക്ക് ഉത്തരമെന്നോണമാണ് അവതരിപ്പിക്കുന്നത്.

വർഗീയ പ്രചാരണം സജീവം; നടപടിയെടുക്കാതെ സർക്കാർ, പ്രണയവും മതപരിവർത്തനവും കുറ്റകൃത്യമോ?, പ്രണയവിവാഹങ്ങളുടെ മതം, കോടതികളും സർക്കാരുകളും തള്ളിക്കളഞ്ഞ ലൗജിഹാദ്, ലൗജിഹാദ് പ്രചാരണം അപകടമെന്ന് ക്രൈസ്തവ നേതാക്കൾ, മതപരിവർത്തനം കുറ്റകൃത്യമല്ല, മതപരിവർത്തനം; ആരാണ് മുന്നിൽ, ലൗജിഹാദ് പ്രചാരണം കർണാടകയിലും, നിമിഷ, മെറിൻ, ജസ്ന കേസ്; വസ്തുതയെന്ത്?, ഹാദിയ കേസ്, വർഗീയ ധ്രുവീകരണം മാത്രം ലക്ഷ്യമിട്ടുള്ള നുണക്കഥയുടെ യാഥാർത്ഥ്യം വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുന്നുവെന്നും വിശദീകരിച്ചാണ് ലഘുലേഖ. ലൗ ജിഹാദ് എന്നത് ആർഎസ്എസ് സൃഷ്ടിയാണെന്നാണ് ആരോപണം.

ആർ എസ് എസിന്റെ ഗവേഷണ വിഭാഗമായ പ്രജ്ഞാ പ്രവാഹിന്റെ യോഗത്തിൽ വച്ചാണ് ഇത്തരം ഒരു പ്രചാരണത്തിന്റെ വിപണ സാധ്യത ചർച്ച ചെയ്യുന്നത്. ഹൈന്ദവ കേരളം എന്ന വെബ് സൈറ്റ് വഴിയാണ് പ്രചരണം ആരംഭിച്ചത്. ഹിന്ദു-ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹം ചെയ്ത് ഭീകര പ്രവർത്തനത്തിന് അയച്ചുവെന്നായിരുന്നു ആരോപണം. ഈ കെട്ടുകഥ കെസിബിസി വിശ്വസിച്ചുവെന്നാണ് പോപ്പുലർ ഫ്രണ്ട് പറയുന്നത്.

വിവിധ ജാതിയിൽ പെട്ട പെൺകുട്ടികളെ പ്രണയിപ്പിച്ച് മതം മാറ്റുന്നതിന് വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നതെന്ന വ്യാജ പോസ്റ്ററും സന്ദേശങ്ങളും എത്തിയത് പ്രശ്‌നം സങ്കീർണ്ണമാക്കിയെന്നും ആരോപിക്കുന്നു. ഇതിനെതിരെ പരാതി കൊടുത്തിട്ടും ആരും അന്വേഷിച്ചില്ല. നിഷേധാത്മക സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്നും പോപ്പുലർ ഫ്രണ്ട് വിശദീകരിക്കുന്നു.

വിവാഹിതരായവർ രണ്ട് മതവിഭാഗത്തിൽ പെട്ടവരാണെങ്കിൽ സാധാരണ ഗതിയിൽ പെൺകുട്ടികൾ കാമുകന്റെ മതത്തിലേക്ക് മാറുന്നതാണ് പതിവ്. ഇത് സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷ കേന്ദ്രീകൃത സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി സംഭവിക്കുന്നതാണ്. അതിനെ ആസൂത്രിത മതപരിവർത്തനം എന്ന് പറയുന്നത് ശുദ്ധഭോഷ്‌കാണെന്നും പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നു.

പിസി ജോർജ് എംഎൽഎയുടെ മകൻ പാർവ്വതി എന്ന ഹിന്ദു പെൺകുട്ടിയെ പ്രണയിക്കുകയും ക്രിസ്ത്യാനിയാക്കുകയും ചെയ്തു. സിനിമാ സംവിധായകൻ പ്രിയദർശൻ വിവാഹം കഴിച്ചത് ക്രിസ്ത്യാനിയായ ലിസിയെ ആയിരുന്നു. ഇവർ പിന്നീട് മതം മാറി ലക്ഷ്മിയായി. സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തിന് വേണ്ടിയാണ് നടി ആനി മതം മാറി ചിത്രയായതെന്നും പോപ്പുലർ ഫ്രണ്ട് വിശദീകരിക്കുന്നു. ഹേമമാലിനു ധർമ്മേന്ദ്രയും അടക്കമുള്ളവരുടെ വിവാഹവും പറയുന്നു.

സിപിഎം നേതാവ് എഎ റഹീം വിവാഹം ചെയ്തത് ഹിന്ദുവായ അമൃതയെയാണ്. ഡിവൈഎഫ് ഐ നേതാവ് മുഹമ്മദ് റിസായ് വിവാഹം ചെയ്തത് ഹിന്ദുവായ വീണയേയും. ഇരുവരും മതം
മാറിയതുമില്ല. മതപരിവർത്തനത്തിൽ ആറാണ് മുന്നിലെന്നും കണക്കുകളിലൂടെ വിശദീകരിക്കുകയാണ് പോപ്പുലർ ഫ്രണ്ട്. ക്രിസ്തു മതത്തിൽ നിന്ന് ഹിന്ദുവായണ് കേരളത്തിൽ കൂടുതൽ മതം മാറ്റം നടക്കുന്നതെന്നും അവർ വിശദീകരിക്കുന്നു.