കൊച്ചി: ആലപ്പുഴ മതവിദ്വേഷ മുദ്രാവാക്യ കേസിൽ പ്രതികരിച്ച് കുട്ടിയുടെ പിതാവ് അസ്ജർ ലത്തീഫ്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഒളിവിൽ പോയ കുടുംബം നാട്ടിലെത്തിയിട്ടുണ്ട്. ഇന്ന് അഭിഭാഷകനെ കാണാൻ എത്തിയപ്പോഴാണ് പിതാവ് വിവാദത്തിൽ പ്രതികരണവുമായി രംഗത്തുവന്നത്. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ് അതെന്നും ചെയ്തതിൽ തെറ്റില്ലെന്നും പിതാവ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. മുൻപും ഈ മുദ്രാവാക്യം വിളിച്ചിട്ടുള്ളതാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ വിവാദ മുദ്രാവാക്യം സ്വയം വിളിച്ചതാതാണെന്നുമാണ് പിതാവിന്റെ വാദം. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതിൽ തെറ്റ് തോന്നുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം ഒരു മതത്തിനെതിരെയും പരാമർശം നടത്തിയിട്ടില്ലെന്നും ഒളിവിൽ പോയില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

''അഭിഭാഷകന്റെ നിർദ്ദേശമനുസരിച്ച് വന്നതാണ്. ഒളിവിലായിരുന്നില്ല. ടൂർ പോയതാണ്. മുദ്രാവാക്യം വിളിക്കുമ്പോൾ മകനോടൊപ്പം ഉണ്ടായിരുന്നു. ഇതിനു മുൻപ് വിളിച്ചിട്ടുള്ളതാണല്ലോ. എൻആർസി സമരത്തിൽ വിളിച്ചതാണ്. സംഭവത്തിൽ തെറ്റില്ല. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്. ഹിന്ദുമതത്തിനെയോ കൃസ്ത്യൻ മതത്തിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്. ഇതിൽ എന്താണ് പ്രശ്‌നമെന്ന് മനസ്സിലാവുന്നില്ല.''- കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

അതേസമയം 'വിളിച്ച മുദ്രാവാക്യങ്ങളുടെ അർഥം അറിയില്ലെന്ന് കുട്ടിയും പ്രതികരിച്ചു. ആരും വിളിക്കാൻ പറഞ്ഞതല്ല. സ്വയം തോന്നി വിളിച്ചതാണ് എൻ.ആർ.സിയുടെ പരിപാടിയിൽ നിന്നാണ് മുദ്രാവാക്യം വിളിക്കാൻ പഠിച്ചത്. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്.ഇപ്പോൾ മാത്രം എന്തിനാണ് പ്രശ്നം ഉണ്ടാക്കുന്നത് എന്ന് അറിയില്ല.ആർ.എസ്എസ്, സംഘപരിവാറിനെതിരെയാണ് പരാമർശം നടത്തിയതെന്നും കുട്ടി പറഞ്ഞു.

കേസിൽ ഇതുവരെ 20 പേരെയാണ് ഇതുവരെ റിമാൻഡ് ചെയ്തത്. റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. കുട്ടി എറണാകുളം ജില്ലക്കാരൻ ആണ്. ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകുമെന്നും കുട്ടിക്ക് കൗൺസിലിങ് നൽകുമെന്നും കൊച്ചി കമ്മീഷനർ സിഎച്ച് നാഗരാജു പറഞ്ഞു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും എങ്ങനെ പ്രകടനത്തിൽ എത്തിയെന്നത് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്. കുട്ടി വിളിച്ച മുദ്രാവാക്യം മറ്റുള്ളവർ ഏറ്റുവിളിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്തു. പ്രകടനത്തിൽ കുട്ടിയെ ചുമലിലേറ്റി നടന്ന അൻസാർ നജീബിനെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കൗതുകം തോന്നിയതിനാലാണ് കുട്ടിയെ ചുമലിലേറ്റിയതെന്നും കുട്ടിയെ തനിക്കറിയില്ലെന്നുമായിരുന്നു ഇയാളുടെ മൊഴി.