- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടി വിളിച്ച ഒരു മുദ്രാവാക്യത്തിന്റെ പേരിലെ വേട്ടയാടൽ ആർ എസ് എസിന് വേണ്ടിയുള്ള ദാസ്യപ്പണി; തീക്കൊള്ളി കൊണ്ട് തല ചൊറിഞ്ഞാൽ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പ്രഖ്യാപനം; മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ച് അക്രമാസക്തം; കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജ്ജും നടത്തി പൊലീസ്; പോപ്പുലർ ഫ്രണ്ട് പ്രതിഷേധത്തിൽ അടിയും പുകയും
തിരുവനന്തപുരം: ഒരു മുദ്രാവാക്യത്തിന്റെ പേരിൽ ഇങ്ങനെ വേട്ടയാടുന്ന നാണമില്ലേ.... ആർ എസ് എസിന് സേവ ചെയ്യുന്ന സർക്കാർ... പോപുലർ ഫ്രണ്ടിനെതിരെയുള്ള പൊലീസ് ഭീകരത അവസാനിപ്പിക്കുക എന്ന ആഹ്വാനവുമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ച പോപ്പുലർ ഫ്രണ്ട് പിണറായി സർക്കാരിനെ വാക്കുകൾ കൊണ്ട് കടന്നാക്രമിക്കുകയാണ്. പിന്നാലെ മാർച്ച് അക്രമത്തിനും വഴിമാറി.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മുസ്ലിംകളെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയും ആർഎസ്എസിന്റെ വംശീയ കൊലവിളികൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ വിവേചനം പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുൽ ലത്തീഫ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 'ആഭ്യന്തരവകുപ്പ് കാണാതെപോയ വിദ്വേഷപ്രചരണങ്ങൾ' എന്ന പേരിൽ ആർഎസ്എസ് നേതാക്കളും സംഘപരിവാര സഹയാത്രികരും നടത്തിയിട്ടുള്ള മുസ്ലിം വിദ്വേഷത്തിന്റെയും കലാപാഹ്വാനത്തിന്റെയും വീഡിയോ ദൃശ്യങ്ങൾ തെരുവുകളിൽ പ്രദർശിപ്പിക്കുമെന്നും അറിയിച്ചു. ഇതിന്റെ ഭാഗമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള മാർച്ച്. ഇത് പൊലീസ് തടഞ്ഞു. എന്നാൽ ബാരിക്കേഡ് തകർത്ത് പ്രവർത്തകർ മുമ്പോട്ട് പോയി. കണ്ണീർവാതകവും ലാത്തിച്ചാർജ്ജും നടന്നു. മണിക്കൂറുകൾ മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള റോഡ് യുദ്ധ കളമായി.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീറിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രി ആലപ്പുഴയിൽ നിന്നും പൊലീസ് വന്നിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസ് ഇത് തങ്ങളുടെ തീരുമാനമല്ല; സർക്കാരിന്റെ തീരുമാനം ആണെന്നാണ് വ്യക്തമാക്കുന്നത്. നേതാക്കളെ മുഴുവനും ജയിലിലടക്കാനാണത്രേ തീരുമാനം. അഥവാ സിപിഎമ്മിന്റെ തീരുമാനപ്രകാരം ആണ് ആലപ്പുഴ മുദ്രാവാക്യ കേസിൽ സംഘടനയെ സംസ്ഥാന വ്യാപകമായി വേട്ടയാടുന്നത്. സിപിഎം തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്. ഈ പോക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു പോപ്പലർ ഫ്രണ്ട്. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയത്.
മുസ് ലിംകളും മുസ് ലിം സംഘടനകളും പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ വ്യാപകമായ നടപടികളെടുക്കുകയും ആർഎസ്എസിന്റെ വംശീയ കൊലവിളികൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ വിവേചനത്തിനെതിരേ പിണറായി വിജയന്റെ ഫേസ്‌ബുക്ക് പേജിൽ വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. #MuslimHuntInKerala #ResistIslamophobia തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് വിമർശനം ഉയരുന്നത്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പച്ചയായ വംശഹത്യാ ആഹ്വാനത്തോട് കണ്ണടച്ചിരുന്ന കേരളത്തിലെ ഇടത് സർക്കാരും അവരുടെ പൊലീസും ആലപ്പുഴയിൽ പോപുലർ ഫ്രണ്ട് സംഘടിപ്പിച്ച ജനമഹാ സമ്മേളന ബഹുജന റാലിയിൽ ഒരു കുട്ടി വിളിച്ച ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യത്തിന്റെ പേരിൽ ഇതുവരെ 31 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് അവർ കുറ്റപ്പെടുത്തി.
കേരളത്തിൽ സമീപകാലത്തുണ്ടായ സംഭവങ്ങളിലെല്ലാം പൊലീസ് ആർഎസ്എസ് അനുകല നിലപാടുകളാണ് സ്വീകരിച്ചതെന്നും പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നു. തലശ്ശേരിയിലും കുന്നംകുളത്തും മുസ് ലിം പള്ളികൾ തകർക്കുമെന്നും തൊപ്പി വയ്ക്കാൻ തലകൾ കാണില്ലെന്നും ആക്രോശിച്ച് ആർഎസ്എസ് പ്രകടനം നടത്തി. ഈ സംഭവങ്ങളെല്ലാം ചില പ്രവർത്തകർക്കെതിരേ മാത്രം കേസെടുത്ത് അവസാനിപ്പിക്കുകയാണ് പൊലീസ് ചെയ്തത്. ആർഎസ്എസ്-ബിജെപി നേതാക്കൾക്കെതിരേ കേസെടുക്കാൻ തയ്യാറാവാത്തത് അന്ന് തന്നെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. 153 എ വകുപ്പ് ചാർത്തുന്ന കേസുകളിലും പൊലീസ് നടപടികളിൽ മുസ് ലിം വിവേചനം വ്യക്തമായിരുന്നു. കേരളത്തിൽ വ്യാപകമായ മതവിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലക്കെതിരേ 153 എ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
മുസ് ലിം സ്ത്രീകൾ പന്നി പെറുന്നത് പോലെ പെറ്റുകൂട്ടുകയാണെന്ന് വംശീയ പ്രസംഗം നടത്തിയ സംഘപരിവാർ നേതാവ് ഗോപാലകൃഷ്ണനെതിരേയും 153 എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ഈ കേസിലും അറസ്റ്റ് ഉണ്ടായിട്ടില്ല. മുസ് ലിം സ്ത്രീകൾക്കെതിരേ കടുത്ത വർഗീയ പരാമർശം നടത്തിയ കെ ഇന്ദിരക്കെതിരേ ചാർത്തിയ 153 എ കേസിലും വർഷങ്ങളായിട്ടും നടപടിയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി ഭരണത്തിനെതിരെ പോപ്പുലർ ഫ്രണ്ട് പരസ്യമായി രംഗത്ത് വരുന്നത്.
മറുനാടന് മലയാളി ബ്യൂറോ