- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ' മുദ്രാവാക്യത്തിലെ കേസിനെ ചെറുക്കാൻ പോപ്പുലർ ഫ്രണ്ട്; കേസെടുത്തത് ആർഎസ്എസ്സിനെ സഹായിക്കാനെന്ന് ആക്ഷേപം; പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരും അറസ്റ്റിലാകും; കുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും കേസെടുക്കും
ആലപ്പുഴ: കുട്ടിയെ ഉപയോഗിച്ചു അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ' എന്ന മുദ്രാവാക്യം വിളിച്ച സംഭവത്തിലെ പൊലീസ് നടപടികളെ പ്രതിരോധിക്കാൻ ഒരുങ്ങി പോപ്പുലർ ഫ്രണ്ട്. റാലിയിലെ മുദ്രാവാക്യത്തിന്റെ പേരിൽ കേസെടുത്തതിനെയാണ് പോപ്പുലർ ഫ്രണ്ട് പ്രതിരോധിക്കാൻ ഒരുങ്ങുന്നത്. കേസെടുത്തത്. ആർഎസ്എസ്സിനെ സഹായിക്കാനാണെന്ന് ആലപ്പുഴ ജില്ലാ നേതൃത്വം ആരോപിച്ചു. സംഘടന നൽകിയ മുദ്രാവാക്യമല്ല കുട്ടി വിളിച്ചതെന്നും ആവേശത്തിൽ വിളിച്ചതായിരിക്കാമെന്നും എന്നാൽ കേസുമായി സഹകരിക്കുമെന്നും ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം പറഞ്ഞു.
കുട്ടി വിളിച്ച മുദ്രാവാക്യം മതങ്ങൾക്കെതിരെയല്ലെന്നും ആർഎസ്എസസ്സിനെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിൽ നടന്ന റാലിയിൽ പ്രകോപന മുദ്രാവാക്യം മുഴക്കിയതിന് പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാക്കൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനെ തുടർന്നാണ് പ്രസിഡന്റിന്റെ പ്രതികരണം. ജില്ലാ സെക്രട്ടറി മുജീബ്, പ്രസിഡന്റ് നവാസ് വണ്ടാനം എന്നിവർ ഒന്നും രണ്ടും പ്രതികളായാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. എട്ടു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മതസ്പർധ വളർത്തണം എന്ന ഉദ്ദേശത്തോടെ കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചുവെന്നാണ് എഫ്‌ഐആറിൽ ചൂണ്ടിക്കാണിക്കുന്നത്.
കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ശനിയാഴ്ച നടന്ന റാലിയിൽ മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലെടുത്തത് ഇയാളായിരുന്നു. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ആലപ്പുഴയിൽ നിന്നെത്തിയ പൊലീസ് സംഘം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ഈരാറ്റുപേട്ടയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് രാത്രി 11 മണിയോടെ ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
നേരത്തെ കുട്ടിയെ കൊണ്ടുവന്നവർക്കും സംഘാടകർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല വിളിച്ചതെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ വിശദീകരണം. റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന തലക്കെട്ടിൽ ആലപ്പുഴയിൽ നടന്ന ജനമഹാ സമ്മേളനത്തിൽ കുട്ടി മുഴക്കിയ മുദ്രാവാക്യമാണ് വിവാദമായത്. അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്ന മുദ്രാവാക്യം എന്നായിരുന്നു പരാതി. സമ്മേളനത്തിൽ വിളിക്കേണ്ട മുദ്രാവാക്യങ്ങൾ എഴുതി നൽകിയിരുന്നുവെന്നും അതല്ല കുട്ടി വിളിച്ചതെന്നുമാണ് പോപ്പുലർ ഫ്രണ്ടിന്റെ വിശദീകരണം.
10 വയസ്സ് പോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലിൽ ഇരുന്ന് വിദ്വേഷ മുദ്രവാക്യം വിളിക്കുകയും മറ്റുള്ളവർ ഏറ്റുവിളിക്കുകയും ചെയ്യുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മനപ്പൂർവം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ സംഭവമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുക.
''അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നായിരുന്നു'' പത്ത് വയസ്സ് തോന്നിക്കുന്ന കുട്ടിയുടെ മുദ്രാവാക്യങ്ങൾ. ഹിന്ദു മതസ്ഥർ മരണാനന്തര ചടങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് അരിയും മലരും. കുന്തിരിക്കമാണ് ക്രിസ്ത്യൻ മതവിശ്വാസികൾ ഉപയോഗിക്കുന്നത്. ആലപ്പുഴ നഗരത്തിൽ ജനമഹാസമ്മേളനത്തിന്റെ ഭാഗമായുള്ള പോപ്പുലർ ഫ്രണ്ടിന്റെ ബഹുജന റാലിയിലായിരുന്നു കുട്ടിയുടെ മുദ്രാവാക്യങ്ങൾ.
ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസും സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. 7 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ദേശീയ ബാലാവകാശ കമ്മിഷൻ കത്ത് നൽകി. കുട്ടിയെക്കൊണ്ടു മുദ്രാവാക്യം വിളിപ്പിക്കുന്നതു നിയമവിരുദ്ധമാണെന്നും ബാലനീതിനിയമത്തിന്റെ ലംഘനമാണെന്നും പൊലീസിനു സ്വമേധയാ കേസെടുക്കാൻ സാധിക്കുമെന്നും ദേശീയ ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ പ്രിയാങ്ക് കനുംഗോ വ്യക്തമാക്കി.
അതേസസമയം വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർക്കുമെന്ന് ആലപ്പുഴ എസ്‌പി. മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയിൽ ഈരാറ്റു പേട്ടയിൽ നിന്ന് കസ്റ്റഡിയിലെടുത്തത് കുട്ടിയെ തോളിലേറ്റിയ ആളെയാണ്. ഇയാൾ കുട്ടിയുടെ ബന്ധവല്ലെന്നും പൊലീസ് വ്യക്തമാക്കി.'സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസെടുത്തത്. ഗൂഢാലോചനയടക്കം അന്വേഷിക്കും. കൂടുതൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരേയും കേസെടുക്കും. മുദ്രാവാക്യം വിളിച്ച സമയം, സ്ഥലം സംബന്ധിച്ച കാര്യങ്ങളിലും വിശദമായ അന്വേഷണം നടത്തും.' ആലപ്പുഴ എസ്‌പി വിശദീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ