ന്യൂഡൽഹി: വിദേശത്തുനിന്ന് ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കാൻ പോപ്പുലർ ഫ്രണ്ട് മൂന്നാറിൽ റിയൽ എസ്റ്റേറ്റ് കമ്പനി രൂപവത്കരിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). അബ്ദുൾ റസാഖ് പീടിയേക്കൽ, അഷ്റഫ് എം.കെ എന്നീ രണ്ട് പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരേ ലഖ്നൗ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്.

മൂന്നാർ വില്ല വിസ്ത എന്ന റിയൽ എസ്റ്റേറ്റ് പ്രോജക്ട് ഉണ്ടാക്കി വിദേശത്ത് നിന്നുള്ള കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഇ.ഡി പറയുന്നത്. റസാഖ് 34 ലക്ഷം രൂപ യു.എ.ഇ.യിൽ നിന്ന് ഇന്ത്യയിലുള്ള 'റിഹാബ് ഇന്ത്യ' എന്ന സംഘടനയ്ക്ക് അയച്ചിട്ടുണ്ടെന്നാണ് ഇ.ഡി പറയുന്നത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സംഘടനയാണിത്. എസ്ഡിപിഐയുടെ പ്രസിഡന്റായ എം.കെ ഫൈസിയുടെ അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ടിന്റെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗവും മുൻ എറണാകുളം ജില്ലാ പ്രസിഡന്റുമായ അഷ്റഫ് അബുദാബിയിലെ തന്റെ റസ്റ്റോറന്റിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്നും കുറ്റപത്രം പറയുന്നു.തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഈ പണം ഉപയോഗിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇ.ഡി പറയുന്നത്. സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും ഓഫിസ് ജീവനക്കാരുടെയും വീടുകളിലും മറ്റും നടത്തിയ റെയ്ഡുകളിൽ കള്ളപ്പണ നിക്ഷേപ രേഖകൾ കണ്ടെത്തിയതോടെയാണ് പോപ്പുലർ ഫ്രണ്ടിനെതിരായി നീക്കം ഇഡി ശക്തമാക്കിയത്. ഇതിന്റെ തുടർച്ചയാണ് കുറ്റപത്രവും.

കണ്ണൂർ പെരിങ്ങത്തൂരിൽ എസ്ഡിപിഐ അംഗം ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പിൽ പോപ്പുലർഫ്രണ്ട് ഡിവിഷനൽ പ്രസിഡന്റ് അബ്ദുൽ റസാഖ്, മൂവാറ്റുപുഴയിലെ എസ്ഡിപിഐ നേതാവ് എം.കെ.അഷറഫ് എന്ന തമർ അഷറഫ് എന്നിവരുടെ വീടുകളിലും മൂന്നാറിലെ വില്ല വിസ്റ്റ പ്രൊജക്ടിലെ ഓഫിസിലും റെയ്ഡ് നടന്നിരുന്നു. കൊച്ചിയിൽ തമർ അഷറഫിന്റെ വീട്ടിലെ റെയ്ഡ് അഞ്ഞൂറോളം പ്രവർത്തർ എത്തിയാണ് തടയാൻ ശ്രമിച്ചത്. എന്നാൽ ഇതൊന്നും വിലപോയിരുന്നില്ല.

കേരളത്തിലും വിദേശത്തും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നതിന്റെ രേഖകൾ കണ്ടെത്തിയിരുന്നു. നേതാക്കളുടെ ഉടമസ്ഥതയിൽ മൂന്നാറിലെ മാങ്കുളത്തുള്ള വില്ല വിസ്റ്റ പ്രോജക്ടും, അബുദാബിയിൽ ബാറും റസ്റ്ററന്റും കള്ളപ്പണം വെളുപ്പിക്കലിന്റെ കേന്ദ്രമാണെന്നു തിരിച്ചറിഞ്ഞതായി ഇഡി വാർത്താക്കുറിപ്പിൽ അറിയിക്കുകയും ചെയ്തു. വിദേശത്തെ വസ്തുവകകൾ സംബന്ധിച്ച രേഖകളടക്കം വിവിധ തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ സംഘടനയുടെ പേരുപറഞ്ഞ് മുസ്ലിം ബിസിനസുകളെ തകർക്കാൻ ഇഡി ശ്രമിക്കുന്നുവെന്ന് പോപുലർ ഫ്രണ്ട് ആരോപിച്ചിരുന്നു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേരളത്തിൽ റെയ്ഡുകൾ നടത്തി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള മൂന്ന് പേർക്കെതിരെ മൊഴി നൽകിയത് പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് ആരോപിച്ചിരുന്നു. വൻകിട ബിസിനസ് തട്ടിപ്പുകളെല്ലാം തഴച്ചുവളരാൻ അനുവദിക്കുമ്പോൾ തന്നെ ചെറുതും വലുതുമായ സത്യസന്ധരായ മുസ്ലിം ബിസിനസുകാരെ വേട്ടയാടാൻ ഇഡിയെ വിന്യസിക്കുന്നത് വ്യക്തമായും സംഘപരിവാറിന്റെ വർഗീയ അജണ്ടയാണെന്നും വിശദീകരിച്ചു.

ഇഡിയുടെയും മറ്റ് ഏജൻസികളുടെയും നീക്കങ്ങൾക്കെതിരെ സംഘടന ജനാധിപത്യപരവും നിയമപരവുമായ പോരാട്ടങ്ങൾ തുടരും. പൗരാവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതിനും വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടുന്നതിനുമുള്ള ദൗത്യത്തിൽ നിന്ന് ജനകീയ പ്രസ്ഥാനമായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയോ അതിന്റെ അംഗങ്ങളെയോ പിന്തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം ആവർത്തിച്ചു.