കോഴിക്കോട്: ഒക്ടോബർ 1ന് കടപ്പുറത്ത് നടക്കുന്ന പോപുലർ ഫ്രണ്ട് ജനമഹാസമ്മേളനത്തിന് കോഴിക്കോട് ഒരുങ്ങി. നഗരവും പരിസരവും സമ്മേളനത്തിന്റെ വരവറിയിച്ച് കൊടി തോരണങ്ങളും ബോർഡുകളും കൊണ്ട് അലങ്കിരിച്ചിട്ടുണ്ട്. സമ്മേളന സന്ദേശത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനായി ഒരുക്കിയിരിക്കുന്ന എൽഇഡി വാൾ സ്ഥാപിച്ച പ്രത്യേക വാഹനത്തിലെ പ്രദർശനം നഗരത്തിന്റെ മുക്കു മൂലകളിൽ നൂറുകണക്കിന് പേരയാണ് ആകർഷിച്ചിട്ടുള്ളത്.

നിർത്തൂ വെറുപ്പിന്റെ രാഷ്ട്രീയം പ്രമേയത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന കാംപയിനിന്റെ സംസ്ഥാന തല സമാപനത്തോടനു ബന്ധിച്ചാണ് കോഴിക്കോട്ട് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സപ്തംബർ 1ന് കന്യാകുമാരിയിൽ തുടക്കം കുറിച്ച കാംപയിൻ ഒക്ടോബർ 3ന് ഡൽഹിയിൽ നടക്കുന്ന സമ്മേളനത്തോടെയാണ് സമാപിക്കുക. ചെയർമാൻ കെ എം ഷെരീഫാണ് ദേശീയ കാംപയിനിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കൂടംകുളം സമര നായകൻ എസ് പി ഉദയകുമാർ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സന്നിഹിത രായിരുന്നു. കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം സപ്തംബർ 5ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ എച്ച് നാസറാണ് നിർവഹിച്ചത്.

ഗുജറാത്തിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ അച്ഛൻ ഗോപിനാഥ പിള്ള, മുൻ മന്ത്രി നീലലോഹിതദാസ് നാടാർ, ദലിത് ചിന്തകൻ എ എസ് അജിത് കുമാർ്, ലത്തീൻ കത്തോലിക്ക ഐക്യവേദി നേതാവ് അഡ്വ. ജെയിംസ് ഫെർണാണ്ടസ്, സാമൂഹിക പ്രവർത്തകൻ ആർ അജയൻ, റെനി ഐലിൻ, അർശദ് മൗലവി അൽഖാസിമി (ജംഇയ്യത്തുൽ ഉലമാ ഇ ഹിന്ദ്), പാച്ചല്ലൂർ അബ്ദുസ്സലാം മൗലവി (ഖത്തീബ് ആൻഡ് ഖാസി ഫോറം), പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുൽ സത്താർ തുടങ്ങി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

തുടർന്ന് ഫാഷിസത്തിന്റെ ഭീകരതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ പരിപാടികൾ സംഘടന സംഘടിപ്പിച്ചു. ടേബ്ൾ ടോക്കുകൾ, കുടുംബസംഗമങ്ങൾ, ജനസമ്പർക്ക ജന ജാഗ്രതാ സദസ്സുകൾ, ഗൃഹ സന്ദർശനങ്ങൾ, വാഹന ജാഥകൾ, പൊതുയോഗങ്ങൾ, തെരുവ് നാടകങ്ങൾ, ലഘുലേഖകൾ തുടങ്ങിയവയിലൂടെ ലക്ഷക്കണക്കിന് ആളുകളിലേക്ക് ഫാഷിസ്റ്റ് വിരുദ്ധ സന്ദേശം കൈമാറുന്നതിന് പരിപാടികൾക്കായി. ജനകീയ പ്രതിരോധമാണ് ഫാഷിസത്തിനുള്ള മറുപടിയെന്ന പോപുലർ ഫ്രണ്ട് സന്ദേശം ജനങ്ങൾ ഏറ്റെടുത്തു എന്നതിന് തെളിവാണ് സംഘടനയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ലഭിച്ച വൻ ജനപിന്തുണയെന്ന് നേതാക്കൾ അവകാശപ്പെട്ടു. ഒക്ടോബർ 1ന് വൈകീട്ട് 3.30ന് അരയിടത്തുപാലത്തിന് സമീപം വച്ചാണ് വോളന്റിയർ മാർച്ചും റാലിയും ആരംഭിക്കുക. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ ജനലക്ഷങ്ങൾ അണിനിരക്കുമെന്നും ഇത് ഫാഷിസത്തിനെതിരായ പ്രതിരോധത്തിൽ പുതിയ ചരിത്രം തീർക്കുമെന്നും നേതാക്കാൾ പറഞ്ഞു.


ഫാഷിസത്തെ തുറന്നുകാട്ടി എൽഇഡി വാൾ പ്രദർശനം

കോഴിക്കോട്: ഫാഷിസത്തിന്റെ ക്രൂരതയും സംഹാരാത്മകതയും തുറന്നുകാട്ടിയും അതിനെതിരായ ജനകീയ മുന്നേറ്റത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരിച്ചുമുള്ള എൽഇഡി വാൾ പ്രദർശനം ജനമസ്സുകൾ കീഴടക്കി മുന്നേറുന്നു. നിർത്തൂ വെറുപ്പിന്റെ രാഷ്ട്രീയം പ്രമേയത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന കാംപയിനിന്റെ സംസ്ഥാനതല സമാപനത്തോടനുബന്ധിച്ച് കോഴിക്കോട്ട് നടക്കുന്ന ജനമഹാസമ്മേളനത്തിന്റെ പ്രചാരണാർഥമാണ് എൽഇഡി വാൾ സ്ഥാപിച്ച പ്രത്യേക വാഹനം നഗരത്തിന്റെ മുക്കുമൂലകളിൽ പ്രദർശനം ഒരുക്കിയിരിക്കുന്നത്.

സംഘപരിവാര നേതൃത്വത്തിൽ ദലിത്, മുസ്്ലിം, ക്രൈസ്തവ വിഭാഗങ്ങൾക്കെതിരേ നടന്ന അതിക്രമങ്ങളും സംഘ ബിജെപി നേതാക്കളുടെ വർഗീയ വിഷം ചീറ്റുന്ന വിദ്വേഷ പ്രസംഗങ്ങളുമെല്ലാം അതിന്റെ ക്രൗര ഭാവത്തിൽ ജനങ്ങളുടെ മുന്നിലെത്തിക്കുന്നതിൽ പ്രദർശനം വിജയിച്ചിട്ടുണ്ട്. പശുവിന്റെ പേരിൽ നടന്ന കൊലപാതകങ്ങൾ, ദലിതർക്കെതിരായ പീഡനങ്ങൾ, എഴുത്തുകാർക്കും സാംസ്‌കാരിക പ്രവർത്തകർക്കുമെതിരായ കൊലപാതകങ്ങൾ, അതിക്രമങ്ങൾ, ബിജെപി നടത്തുന്ന വർഗീയവിദ്വേഷ പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ചിത്രങ്ങളും ലഘു വിവരണങ്ങളും ഫാഷിസത്തിന്റെ യഥാർഥമുഖം ജനമനസ്സുകൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നു.

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചരിത്രം, സംഘടന ദേശീയ സംസ്ഥാന തലത്തിൽ നടത്തിയ വിവിധ പ്രചാരണ പരിപാടികളുടെ ദൃശ്യങ്ങൾ, സാമൂഹിക സന്നദ്ധ സേവന പ്രവർത്തനങ്ങൾ, പരേഡുകൾ എന്നിവയും അരമണിക്കൂർ ദൈർഘ്യമുള്ള പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചെയർമാൻ കെ എം ഷെരീഫ്, വൈസ് ചെയർമാൻ ഇ എം അബ്ദുർറഹ്്മാൻ, ജനറൽ സെക്രട്ടറി മുഹമ്മദലി ജിന്ന, സംസ്ഥാന പ്രസിഡന്റ് സി അബ്ദുൽ ഹമീദ് മാസ്റ്റർ, ജനറൽ സെക്രട്ടറി കെ എച്ച് നാസർ, സെക്രട്ടറി എ അബ്ദുൽ സത്താർ തുടങ്ങിയവരുടെ സന്ദേശങ്ങളും ഇതിൽ ദൃശ്യവൽക്കരിച്ചിട്ടുണ്ട്. ഫാഷിസത്തെക്കുറിച്ച ഭീതി കൈമാറുന്നതനൊപ്പം അതിനെതിരേ ഉയർന്നുവരേണ്ട ജനകീയ ചെറുത്തുനിൽപ്പിനെക്കുറിച്ച അവബോധം കൂടി നൽകിയാണ് പ്രദർശനം അവസാനിപ്പിക്കുന്നത്.