മലപ്പുറം/തൃശൂർ: ഐസിസ് ഗൂഢാലോചനയിൽ എൻ.ഐ.എ അറസ്റ്റു ചെയ്ത തിരൂർ പൊന്മുണ്ടം സ്വദേശി പൂക്കാട്ടിൽ വീട്ടിൽ സഫ്‌വാൻ (30) പൊലീസ് സ്‌റ്റേഷൻ ആക്രമിച്ച കേസിലെ പ്രതിയെന്ന് പൊലീസ്. സഫ്‌വാനെ ഐസിസ് ചിന്തയിലേക്ക് എത്തിച്ചത് എൻ.ഡി.എഫ് , പോപ്പുലർ ഫ്രണ്ട് രംഗത്തെ പ്രവർത്തനം.

എൻ.ഐ.എ അറസ്റ്റ് ചെയ്ത തൃശൂർ ചേലക്കര വെങ്ങല്ലൂർ സ്വദേശി അമ്പലത്ത് വീട്ടിൽ സ്വാലിഹ് മുഹമ്മദ് (26) തീവ്രവാദത്തിലേക്ക് ആകൃഷ്ടനായത് ചെന്നൈയിൽ വച്ചായിരുന്നു. സ്വാലിഹ് മുഹമ്മദിനെ ഐസിസ് ആശയത്തിലേക്ക് എത്തിച്ചത് തീവ്രസലഫി ചിന്താഗതിയാണ്.

പൊന്മുണ്ടം സ്വദേശി സഫുവാൻ തീവ്ര ആശയങ്ങളുമായി കുറെ വർഷങ്ങളായി ബന്ധപ്പെട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. മുമ്പ് എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന സഫ്‌വാൻ പിന്നീട് പോപ്പുലർ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും സജീവ പ്രവർത്തകനായി മാറുകയായിരുന്നു. സംഘടനകളിലെ പ്രവർത്തന പരിചയം കൊണ്ട് തന്നെയായിരുന്നു തേജസ് ദിനപത്രത്തിലെ സ്ഥിരം ജീവനക്കാരനാകാൻ സാധിച്ചതും. കഴിഞ്ഞവർഷം ഐഎസിൽ ചേർന്നതായി അന്വേഷണ ഏജൻസികൾ സംശയിക്കുന്ന 17 ഇന്ത്യക്കാരിൽ ഒരാളും തേജസിൽ ജോലി ചെയ്തിരുന്നു. തേജസിന്റെ പാലക്കാട് ഓഫിസിൽ ജോലി ചെയ്യുകയും തുടർന്ന് ഗൾഫിൽ പോവുകയും ചെയ്ത അബു താഹിറായിരുന്നു അത്.

ജനാധിപത്യ സംവിധാനത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയായുടെ പ്രവർത്തകനായിരുന്നു ഐഎസ് കേസിൽ അറസ്റ്റിലായ സഫ്‌വാനെന്നത് ഏറെ ആശങ്ക ജനിപ്പിക്കുന്ന കാര്യമാണ്. നിരവധി വർഷമായി സഫ്‌വാനും കുടുംബവും എൻ.ഡി.എഫ്, പോപ്പുലർഫ്രണ്ട് പ്രവർത്തന രംഗത്ത് സജീവമാണെന്ന് ഇവരുടെ ബന്ധുക്കളും അയൽവാസികളും പറയുന്നു.

2007ൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ 11ാം പ്രതിയാണ് സഫ്‌വാൻ. 2007 മാർച്ചിൽ കോട്ടക്കൽ പൊലീസ് സ്റ്റേഷൻ എൻ.ഡി.എഫുകാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. എൻ.ഡി.എഫ് പ്രവർത്തകനെ അറസ്റ്റു ചെയത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണം. ഈ കേസിൽ അറസ്റ്റിലായിരുന്ന സഫ്‌വാൻ ജാമ്യത്തിലിറങ്ങുകയായിരുന്നു. കേസിന്റെ വിചാരണ കോടതിയിൽ നടക്കാനിരിക്കെയാണ് ഐഎസ് ബന്ധത്തിൽ വീണ്ടും അറസ്റ്റിലായിരിക്കുന്നത്. മാതാവ് അടക്കമുള്ള കുടുംബാംഗങ്ങൾ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനത്തിൽ പങ്കാളികളായിരുന്നതായി അയൽവാസികൾ പറഞ്ഞു. അറസ്റ്റും വാർത്തയും പുറത്തു വന്ന പശ്ചാത്തലത്തിൽ കുടുംബം വീടുപൂട്ടി താമസം മാറിയിരിക്കുകയാണ്. അതേസമയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വൈലത്തൂർ യൂണിറ്റിലെ പ്രവർത്തകനായ സഫ്‌വാനെ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

തൃശൂർ ചേലക്കരയിലെ സ്വാലിഹ് മുഹമ്മദ് അമ്പലത്ത് താഹാ മുഹമ്മദിന്റെ നാലു മക്കളിൽ രണ്ടാമനാണ്. കടുത്ത സലഫി ആശയക്കാരനായിരുന്നു സ്വാലിഹ്. പിതാവ് ആഫ്രിക്കയിൽ നിന്നും വിവാഹം കഴിച്ച സ്ത്രീയോടൊപ്പം തൃശൂരിൽ തന്നെ മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. സ്വാലിഹിന്റെ മാതാവ്, രണ്ട് സഹോദരന്മാർ ഒരു സഹോദരി എന്നിവർ ഒരുമിച്ചായിരുന്നു. ജമാഅത്തേ ഇസ്ലാമിക്കാരനായ പിതാവ് മക്കളെ ഇതേ വഴിയിൽ കൊണ്ടുവരാനായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാൽ സലഫിസത്തിൽ സ്വാധീനിക്കപ്പെടുകയും മുജാഹിദ് സംഘടനയിൽ പ്രവർത്തിക്കുകയും ചെയ്തു. ഇവിടെ നിന്നും ചെന്നൈയിലേക്ക് ചേക്കേറിയതോടെയാണ് സ്വാലിഹ് മുഹമ്മദിൽ തീവ്രമായ ആശയങ്ങൾ പ്രകടമായിരുന്നത്.

ചെന്നൈയിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശിനിയെ വിവാഹം ചെയ്ത ശേഷം ഇവർ നാലു വർഷത്തിലധികമായി ചെന്നൈയിൽ താമസിച്ചു വരികയാണ്. സ്വാലിഹ് മുഹമ്മദ് വ്യാജ പ്രൊഫൈലുണ്ടാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ടെലഗ്രാമിൽ ഗൂഢാലോചന ചർച്ചയിലും പങ്കാളിയാണ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ പ്രദേശങ്ങളിൽ ഐസിസ് ആശയം പ്രചരിപ്പിക്കുകയും വേരുറപ്പിക്കുകയുമായിരുന്നു ലക്ഷ്യം. കോയമ്പത്തൂർ സ്വദേശി അബൂ ബഷീറും അറസ്റ്റിലായ ആറു പേരിൽ ഒരാളാണ്. ഇതിനായി ചെന്നൈയിൽ തന്നെ സ്ഥിരതാമസമാക്കുകയായിരുന്നു. ചെന്നൈയിൽ നിന്നു തന്നെയായിരുന്നു ഞായറാഴ്ച കണ്ണൂർ കനകമലയിലേക്ക് എത്തിയിരുന്നത്. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള മറ്റു ചില ഐസിസ് ബന്ധമുള്ള തീവ്രവാദികളെ കുറിച്ച് സ്വലിഹ് മുമ്മദിൽ നിന്നും ഐൻ.ഐ.എക്ക് മൊഴി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ തിരുനെൽവേലിയിൽ നിന്നും കണ്ണൂരിലെ കനകമല, കോഴിക്കോട്ടെ കുറ്റ്യാടി എന്നിവിടങ്ങളിൽ നിന്നും ആറുപേരെയാണ് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ആരോപിച്ച് എൻഐഎ പിടികൂടിയതും തുടർന്ന് എൻഐഎ കോടതി കസ്റ്റഡിയിൽ വിട്ടതും. ഇവർ വ്യാജപേരുകളിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നതായും, ഇവരുടെ ഗ്രൂപ്പിന്റെ പേരുകൾ തുടരെ മാറ്റിയിരുന്നതായും എൻഐഎ വ്യക്തമാക്കുന്നു. ടെലഗ്രാമിലാണ് സന്ദേശങ്ങൾ അയച്ചിരുന്നതെന്നും അവസാനം ഗ്രൂപ്പിന് ഇട്ടിരുന്ന പേര് കുടുംബം എന്നാണെന്നും എൻഐഎ പറയുന്നു.

ഖത്തറിൽ ഓഫിസ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന മൻസീദാണ് അറസ്റ്റിലായ മറ്റൊരാൾ. ഞായറാഴ്ചത്തെ കൂടിക്കാഴ്ച തയ്യാറാക്കിയതും ഗ്രൂപ്പിന്റെ ലീഡറും മൻസീദാണെന്ന് എൻഐഎ പറയുന്നു. ഇടത്തരം സാമ്പത്തികാവസ്ഥയിലുള്ള കുടുംബത്തിൽ നിന്നും വരുന്ന മൻസീദിന്റെ അച്ഛൻ ബംഗ്ളൂരുവിൽ ഹോട്ടൽ ജീവനക്കാരനാണ്. അഞ്ചുവർഷം മുന് ജോലിക്കായി കടൽകടന്ന മൻസീദിന് പ്രത്യേകിച്ച് രാഷ്ട്രീയ ബന്ധങ്ങളോ, പ്രർത്തനങ്ങളോ ഇല്ലായിരുന്നെന്നും വിവരം അറിഞ്ഞപ്പോൾ തങ്ങൾ ഞെട്ടിപ്പോയെന്നുമാണ് പ്രദേശവാസിയായ പി.ഹരീന്ദ്രൻ അറസ്റ്റിനെക്കുറിച്ച് പറഞ്ഞത്.

എൻഐഎ അറസ്റ്റ് ചെയ്ത മറ്റ് രണ്ടുപേർ സഹോദരന്മാരായ ജാസിം എൻ.കെയും റംഷാദ് എൻ.കെയുമാണ്. ഇവർ കോഴിക്കോട് കുറ്റ്യാടി സ്വദേശികളാണ്. ജാസിം എറണാകുളത്തെ കുസാറ്റിൽ എൻജിനീയറിങ്ങിന് പഠിച്ചിരുന്നെങ്കിലും പിന്നീട് പാതിവഴിക്ക് ഉപേക്ഷിച്ചു പോയി. വിവിധ മത്സര പരീക്ഷകൾക്കായി പരിശീലന ക്ലാസുകൾക്ക് ചേരാറുള്ള ജാസിം ഇടക്കിടെ ബംഗ്ളൂരുവിൽ പോകാറുണ്ടായിരുന്നു.ഞായറാഴ്ച പദ്ധതിയിട്ടിരുന്ന മീറ്റിംഗിൽ പങ്കെടുക്കാനായിട്ടാണ് ജാസിം ശനിയാഴ്ച രാവിലെ വീട്ടിൽ എത്തിയതെന്നും എൻഐഎ പറയുന്നു. അബു ബഷീർ തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സ്വദേശിയാണെന്നും എൻഐഎ വ്യക്തമാക്കുന്നു.