- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിൽ ബാറും റസ്റ്റോറന്റും; സംസ്ഥാനത്തും വിദേശത്തും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ; പെരുമ്പടപ്പിലെ അബ്ദു റസാഖിനെ അഴിക്കുള്ളിലാക്കി എൻഫോഴ്സ്മെന്റ്; കോഴിക്കോട്ടെ അറസ്റ്റിന് ശേഷം നേതാവിനെ കൊണ്ടു പോയത് യുപിയിലേക്ക്; പോപ്പുലർ ഫ്രണ്ടിനെ വെട്ടിലാക്കാൻ ഇഡി സജീവം
മലപ്പുറം: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിദേശപണമെത്തിച്ചു നൽകിയെന്ന കേസിൽ ഒരാൾ അറസ്റ്റിലാകുമ്പോൾ ചർച്ചയാകുന്നത് പോപ്പുലർ ഫ്രണ്ടിന്റെ കള്ളപ്പണം. പോപ്പുലർ ഫ്രണ്ട് പെരുമ്പടപ്പ് ഡിവിഷൻ മുൻ പ്രസിഡന്റ് ബി.പി.അബ്ദുൾ റസാഖിനെ (50) ആണ് കോഴിക്കോട് വിമാനത്താവളത്തിൽ ഇഡി അറസ്റ്റ് ചെയ്തത്. 9ന് അറസ്റ്റ് ചെയ്ത് 10ന് യുപിയിലെ ലക്‌നൗ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ഇയാളെ 7 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു.
വിദേശത്ത് വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പങ്കാളിത്തമുള്ള റസാഖിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഡിസംബറിൽ ഇഡി പരിശോധന നടത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഡൽഹിയിലെത്താൻ ഇഡി ആവശ്യപ്പെടുകയും ചെയ്തു. സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഇയാൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയ ഇയാൾ അബുദാബിയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് അറസ്റ്റ്. പോപ്പുലർ ഫ്രണ്ട് പെരുമ്പടപ്പ് ഡിവിഷൻ പ്രസിഡന്റായിരുന്നു ഇയാൾ.
രാജ്യവിരുദ്ധ പ്രവർത്തനത്തിന് വിദേശത്തുനിന്ന് പണം സ്വരൂപിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾക്കെതിരേ അന്വേഷണം നടക്കുകയായിരുന്നുവെന്നും രാജ്യം വിടാൻ ശ്രമിക്കുമ്പോഴാണ് പിടികൂടിയതെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇയാൾക്കെതിരേ ഇ.ഡി. ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ അധികൃതർ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. കഴിഞ്ഞ ഡിസംബറിൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സംശയകരമായ ചില രേഖകൾ പിടിച്ചെടുത്തിരുന്നതായി ഇ.ഡി. അറിയിച്ചു.
എന്നാൽ ഗൾഫിൽ ബിസിനസ് നടത്തുന്ന റസാഖ് ഇ.ഡി.യുടെ അനുമതി വാങ്ങി ഗൾഫിലേക്ക് പോകാനെത്തിയതാണെന്നും അവിടെ അറസ്റ്റ് നാടകം നടത്തുകയായിരുന്നുവെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ കുറ്റപ്പെടുത്തി. നേരത്തെ വീട്ടിൽ നടത്തിയ റെയ്ഡിൽ കുറ്റകരമായ ഒന്നും കണ്ടെത്തിയിരുന്നുമില്ല. എങ്കിലും അന്വേഷണവുമായി സഹകരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജൻസികളുടെ നീക്കം ശക്തമാക്കിയിരിക്കുകയാണ്. സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും ഓഫിസ് ജീവനക്കാരുടെയും വീടുകളിലും മറ്റും നടത്തിയ റെയ്ഡുകളിൽ കള്ളപ്പണ നിക്ഷേപ രേഖകൾ കണ്ടെത്തിയെന്ന് ഇഡി വിശദീകരിച്ചിരുന്നു. ആരോപണം പോപ്പുലർ ഫ്രണ്ട് നിഷേധിച്ചിരുന്നു. എന്നാൽ ഈ കേസിൽ ഇഡി പിന്മാറിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നതാണ് അറസ്റ്റ്. റെയ്ഡുകളിൽ കേരളത്തിലും വിദേശത്തും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. നേതാക്കളുടെ ഉടമസ്ഥതയിൽ മൂന്നാറിലെ മാങ്കുളത്തുള്ള വില്ല വിസ്റ്റ പ്രോജക്ടും, അബുദാബിയിൽ ബാറും റസ്റ്ററന്റും കള്ളപ്പണം വെളുപ്പിക്കലിന്റെ കേന്ദ്രമാണെന്നു തിരിച്ചറിഞ്ഞതായി ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.. വിദേശത്തെ വസ്തുവകകൾ സംബന്ധിച്ച രേഖകളടക്കം വിവിധ തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്.
കണ്ണൂർ പെരിങ്ങത്തൂരിൽ എസ്ഡിപിഐ അംഗം ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പിൽ അബ്ദുൾ റസാഖ്, മൂവാറ്റുപുഴയിലെ എസ്ഡിപിഐ നേതാവ് എം.കെ.അഷറഫ് എന്ന തമർ അഷറഫ് എന്നിവരുടെ വീടുകളിലും മൂന്നാറിലെ വില്ല വിസ്റ്റ പ്രൊജക്ടിലെ ഓഫിസിലും റെയ്ഡ് നടന്നിരുന്നു. കൊച്ചിയിൽ തമർ അഷറഫിന്റെ വീട്ടിലെ റെയ്ഡ് അഞ്ഞൂറോളം പ്രവർത്തർ എത്തിയാണ് തടയുകയും ചെയ്തു. ഇതിൽ ഒരാളാണ് ഇപ്പോൾ കസ്റ്റഡിയിലാകുന്നത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിനും സാധ്യത ഏറെയാണ്. സംഘടനയുടെ പേരുപറഞ്ഞ് മുസ്ലിം ബിസിനസുകളെ തകർക്കാൻ ഇഡി ശ്രമിക്കുന്നുവെന്ന് പോപുലർ ഫ്രണ്ട് ആരോപിക്കുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേരളത്തിൽ റെയ്ഡുകൾ നടത്തി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള മൂന്ന് പേർക്കെതിരെ മൊഴി നൽകിയത് പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. ഇഡി നടത്തിയ റെയ്ഡുകളും പിന്നീട് പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ അവകാശവാദങ്ങളും അടിസ്ഥാനരഹിതവും അധാർമ്മികവും ദുരുദ്ദേശപരവുമാണെന്നും വ്യക്തമാക്കി.
വൻകിട ബിസിനസ് തട്ടിപ്പുകളെല്ലാം തഴച്ചുവളരാൻ അനുവദിക്കുമ്പോൾ തന്നെ ചെറുതും വലുതുമായ സത്യസന്ധരായ മുസ്ലിം ബിസിനസുകാരെ വേട്ടയാടാൻ ഇഡിയെ വിന്യസിക്കുന്നത് വ്യക്തമായും സംഘപരിവാറിന്റെ വർഗീയ അജണ്ടയാണ്. കേരളത്തിലെ ബിജെപി നേതാക്കളുടെ 400 കോടിയുടെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കാൻ താൽപ്പര്യമില്ലാത്ത ഇഡിയാണ് ഇപ്പോൾ നിയമാനുസൃതമായി പ്രവർത്തിക്കുന്ന മുസ്ലിം ബിസിനസുകൾക്ക് പിന്നാലെ പോകുന്നതെന്നായിരുന്നു ആരോപണം.
പോപ്പുലർ ഫ്രണ്ട് നേതാക്കൾ അബുദാബിയിൽ ബാറ് നടത്തുന്നു എന്നതും ചർച്ചയായിരുന്നു. ഡിസംബർ എട്ടിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ റെയ്ഡ് നടന്നത്. പരിശോധനാ സമയത്ത് ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. ഇഡി സംഘം മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇഡി ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് ഇവർ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഭീഷണി വകവെയ്ക്കാതെ ഇഡി തെരച്ചിൽ വിജയകരമായി പൂർത്തിയാക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ