കോഴിക്കോട്: ബിജെപി ദേശീയ കൗൺസിൽ യോഗത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലി കോഴിക്കോട് കടപ്പുറത്തു നടന്നാൽ ഉണ്ടാവുന്ന ജനബാഹുല്യം ഊഹിക്കാവുന്നതാണ്. എന്നാൽ ജനപങ്കാളിത്തം കൊണ്ട് പോപ്പുലർ ഫ്രണ്ട് ഇന്നലെ കോഴിക്കോട്ട് നടത്തിയ റാലി രാജ്യം ഭരിക്കുന്ന പാർട്ടിയെും കവച്ചുവെക്കുന്നതാണ്.'നിർത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം' ദേശീയ കാമ്പയിന്റെ സംസ്ഥാനതല സമാപനത്തോടനുബന്ധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ജനമഹാസമ്മേളനമാണ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. തീവ്രമായ സാമുദായി നിലപാടുകൾമൂലം മുസ്ലീസമുദായത്തിൽനിന്ന് കാര്യമായ പിന്തുണ കിട്ടാതിരുന്ന ഈ സംഘടനക്കായി പി.സി ജോർജ് എംഎ‍ൽഎ രംഗത്തിറങ്ങിയതും ശ്രദ്ധേയമായി.

അതേസമയം ബിജെപി റാലിലെ കവച്ചുവെക്കുകയെന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും പ്രവർത്തകൾ എത്തിയതുകൊണ്ടാണ് റാലിയിൽ ഈ രീതിയിൽ ജന പങ്കാളിത്തതം ഉണ്ടായതെന്നാണ് നിരീക്ഷകർ പറയുന്നത്.ചെറിയൊരു ധർണ്ണ നടന്നാൽപോലും ഗതാഗതകുരക്കുണ്ടാവുന്ന കോഴിക്കോട്ട്, ഇവർ തങ്ങളുടെ പ്രമാണിത്തം കാണിക്കാനായി ബോധപൂർവം ഗതാഗതകുരക്കുണ്ടാക്കിയതായും ആക്ഷേപമുണ്ട്.ഉച്ചക്കുശേഷം മൂന്നരയോടെ അരയിടത്തുപാലത്തിനു സമീപത്തുനിന്നാരംഭിച്ച പോപുലർ ഫ്രണ്ട് റാലി അക്ഷരാർഥത്തിൽ യാത്രക്കാരെ വലച്ചു. ആയിരങ്ങൾ പങ്കെടുത്ത റാലി അരയിടത്തുപാലത്തുനിന്ന് സി.എച്ച് ഫൈ്‌ളഓവർ വഴി ബീച്ചിലേക്ക് നീങ്ങിയതു മുതൽ രണ്ടു മണിക്കൂറോളം നഗരഗതാഗതം സ്തംഭിച്ചു. റാലിയുടെ തുടക്കത്തിൽ മാവൂർ റോഡിലാണ് കാര്യമായ ഗതാഗതക്കുരുക്കുണ്ടായതെങ്കിലും പിന്നീട് പുതിയറ, ബാങ്ക് റോഡ്, ബീച്ച് റോഡ് എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. ബസുകളുൾപ്പെടെ നിരവധി വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. വൈകീട്ട് പുതിയ സ്റ്റാൻഡിലേക്ക് വന്ന വാഹനങ്ങളെല്ലാം പൊലീസ് സ്റ്റാൻഡിലേക്ക് കടത്തിവിടാതെ വഴിതിരിച്ചുവിട്ടത് ബസ് യാത്രക്കാരെ വലച്ചു. ഗതാഗതക്കുരുക്കിൽനിന്ന് രക്ഷനേടാൻ നഗരത്തിലെ ചെറിയ റോഡുകളിലൂടെ വാഹനങ്ങൾ നീങ്ങിയതോടെ കാൽനടക്കാർക്കും ബുദ്ധിമുട്ടായി. എന്നാൽ ബിജെപി റാലിയിൽ പൊലീസ് തന്നെ തീർത്തും ശാസ്ത്രീയമായി ഗതാഗതം നിയന്ത്രിച്ചിരുന്നെങ്കിൽ ഇവിടെ പൊലീസ് നോക്കിനിൽക്കയായിരുന്നു.

പ്രകടനത്തിലും പൊതുയോഗത്തിലും ഉടനീളം മോദി സർക്കാറിനെതിരായ പ്രശ്‌നങ്ങളാണ് ഉയർന്നുകേട്ടത്. പശുവിന്റെയും പോത്തിന്റെയും പേരിൽ മനുഷ്യരെ കൊല്ലുന്ന രീതികൾ വിവരിച്ചും സവർണ മേൽക്കോയ്മകളുടെ തന്ത്രങ്ങൾ തുറന്നുകാട്ടിയുമാണ് പ്രകടനം കടന്നുപോയത്. കാവിവത്കരിക്കപ്പെടുന്ന രാജ്യത്ത് ന്യൂനപക്ഷങ്ങളും ദലിതരും മറ്റു പിന്നാക്ക സമൂഹങ്ങളും മതനിരപേക്ഷ ബുദ്ധിജീവികളും സാംസ്‌കാരിക പ്രവർത്തകരുമൊക്കെ നേരിടുന്ന ഭീഷണികളെ റാലി തുറന്നുകാട്ടി. ബിജെപി അധികാരത്തിൽ വന്ന ശേഷം വിദ്വേഷ രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യത്ത് നടന്ന കൊലകളുടെ നിശ്ചലദൃശ്യങ്ങൾ റാലിയിൽ ഇടംനേടി.

ഫാഷിസം മനുഷ്യത്വത്തെ മൃഗീയമായി കശാപ്പു ചെയ്യുന്നതിന്റെതടക്കമുള്ള ദൃശ്യങ്ങളും റാലിയിലുണ്ടായി. റാലിക്കിടയിൽ ആറ് പ്‌ളോട്ടുകളിൽ ക്രിസ്ത്യൻ മിഷനറിയുടെയും മകന്റെയും ദാരുണ ദുരന്തം പുനരാവിഷ്‌കരിച്ച ദൃശ്യവും ഉണ്ടായി. വൈകീട്ട് നടന്ന സമ്മേളനത്തിൽ പതിവിന് വിപരീതമായി സ്ത്രീകളുയെും വൻ പങ്കാളിത്തവുമുണ്ടായിരുന്നു.

പൊതുവെ മുഖ്യധാരാ പാർട്ടികൾ അവഗണിക്കാറുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ടിന് പി.സി ജോർജ് എംഎ‍ൽഎയുടെ സ്വാനിധ്യമാണ് തങ്ങളുടെ രാഷ്ട്രീയ അയിത്തത്തത്തിൽനിന്ന് മോചനം തീർത്തത്. വിശ്വാസികളുടെയും അവിശ്വാസകളുടെയും എണ്ണക്കണക്ക് പറഞ്ഞ് നാളിതുവരെ കേട്ടിട്ടില്ലാത്ത ചില സിദ്ധാന്തങ്ങളുമായിട്ടായിരുന്നു പി.സിയുടെ പ്രസംഗം. 'ഹിന്ദുമത വിശ്വാസികളും മുസ്ലിംക്രൈസ്തവ വിശ്വാസികളുമടക്കം 99 ശതമാനത്തെയും ഭരിക്കാൻ എങ്ങനെ ഒരു ശതമാനത്തിൽ താഴെ വരുന്ന നാസ്തികരിൽ ഒരുവനായ പിണറായിയുടെ നേതൃത്വത്തിൽ ഒരു സർക്കാർ ഉണ്ടായി എന്നത് ചിന്തിക്കണം. ഈ 99 ശതമാനം വരുന്ന മതവിശ്വാസികളുടെ കെടുകാര്യസ്ഥതയും തമ്മിലെ സ്പർധയുമാണ് ഇതിന് കാരണം. വിശ്വാസികളുടെ യോജിച്ച മുന്നേറ്റത്തിനുള്ള സമയം അതിക്രമിച്ചുവെന്ന് അധികം താമസിയാതെ കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കും'സമ്മേളനത്തെ അഭിസംബോധന ചെയ്ത് പി.സി ജോർജ് പറഞ്ഞു.

മോദിയുടെ അന്താരാഷ്ട്ര നീക്കവും ആഭ്യന്തരനീക്കവും വ്യത്യസ്തമാണ്. മുസ്ലിം സമൂഹം വിദ്യാഭ്യാസ സാംസ്‌കാരിക സാമ്പത്തിക മേഖലകളിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും ശക്തമായ നേതൃത്വത്തിന്റെ കാര്യത്തിൽ പിറകിലാണ്. സാമ്പത്തികരംഗത്ത് മുസ്ലിം സമൂഹം നേടിയ മുന്നേറ്റം അവരുടെ സ്വയംപ്രയത്‌നത്തിലൂടെമാത്രം നേടിയതാണ്. സമുദായത്തിന്റെ ഇനിയുള്ള പുരോഗമനത്തിന് ഏകീകരണ നേതൃത്വം അത്യാവശ്യമാണ്. ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിൽ മുസ്ലിംകളുടെ പങ്ക് മറന്ന് സംസാരിക്കരുതെന്നും പി.സി ജോർജ് പറഞ്ഞു.
ഇന്ത്യയിൽ വെറുപ്പിന്റെ രാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്ന സംഘ്പരിവാർ സംഘടനകൾ യഥാർഥത്തിൽ വാസ്‌കോഡ ഗാമയുടെയും മറ്റ് അധിനിവേശ ചൂഷകശക്തികളുടെയും അജണ്ടയാണ് ഇവിടെ പുന$സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്ന് പോപ്പുലർ ഫ്രണ്ട് ദേശീയ വൈസ് ചെയർമാൻ ഇ.എം. അബ്ദുറഹ്മാൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തേജസ് പബ്‌ളിക്കേഷൻ പ്രസിദ്ധീകരിച്ച 'അസഹിഷ്ണുത നാടുവാഴുമ്പോൾ' പുസ്തകം ഡോ. ആനന്ദ് തെൽതുംദെ, എ. വാസുവിന് നൽകി പ്രകാശനം ചെയ്തു.

ഓൾ ഇന്ത്യ മുസ്ലിം പേഴ്‌സനൽ ലോ ബോർഡ് അംഗവും ഓൾ ഇന്ത്യ മില്ലി കൗൺസിൽ വർക്കിങ് കമ്മിറ്റി അംഗവുമായ മുഫ്തി സയ്യിദ് ബാഖിർ അർഷദ്, 2002ൽ ഗുജറാത്തിൽ ഫാഷിസ്റ്റുകളാൽ ക്രൂരമായി കൊലചെയ്യപ്പെട്ട മുൻ എംപിയും കോൺഗ്രസ് നേതാവുമായിരുന്ന ഇഹ്‌സാൻ ജാഫരിയുടെ വിധവ സകിയ ജാഫരി, പ്രമുഖ രാഷ്ട്രീയ വിശകലന വിദഗ്ധനും പൗരാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ് തെൽതുംദെ, ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ഭീഷണി നേരിടുന്ന പ്രമുഖ എഴുത്തുകാരൻ യോഗേഷ് മാസ്റ്റർ, പി.സി. ജോർജ് എംഎ‍ൽഎ, പോപുലർ ഫ്രണ്ട് പ്രഥമ ചെയർമാൻ ഇ. അബൂബക്കർ, എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എ. സഈദ്, പോപുലർ ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി എം. മുഹമ്മദലി ജിന്ന, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസ ഫാദിൽ മമ്പഈ, പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എച്ച്. നാസർ, സെക്രട്ടറി ബി. നൗഷാദ്, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി, സാമൂഹിക മനുഷ്യാവകാശ പ്രവർത്തകരായ എ. വാസു, രൂപേഷ്‌കുമാർ, എൻ.ഡബ്‌ള്യു.എഫ് ദേശീയ പ്രസിഡന്റ് എ.എസ്. സൈനബ, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.എ. റഊഫ് എന്നിവർ സംസാരിച്ചു.