ആലപ്പുഴ: ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത് പിതാവിന്റെ അറിവോടെ. മുദ്രാവാക്യം വിളിക്കാൻ പിതാവ് കുട്ടിയെ വിട്ടു നൽകിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുട്ടിയെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്ന നിയമം പിതാവ് ലംഘിച്ചു. പിതാവിനെ 27ാം പ്രതിയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടി വിളിച്ച മുദ്രാവാക്യം പിതാവ് ഏറ്റുവിളിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചത് എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി സുധീറാണെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സുധീർ. മതസ്പർധ വളർത്താൻ ബോധപൂർവ്വം ഇടപെട്ടതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.കേസുമായി ബന്ധപ്പെട്ട് ഇതുവരെ 26 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളേയും അറസ്റ്റ് ചെയ്തിരുന്നു. യഹിയ തങ്ങൾ റിമാൻഡിലാണ്. കഴിഞ്ഞ ദിവസം തൃശൂർ കുന്നംകുളത്തു വച്ചാണ് ആലപ്പുഴ പൊലീസ് യഹിയ തങ്ങളെ അറസ്റ്റ് ചെയ്തത്.

തൃശൂർ പെരുമ്പിലാവ് സ്വദേശിയാണ് യഹിയ തങ്ങൾ. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ ചെയർമാനായിരുന്നു. റാലിയിൽ പങ്കെടുക്കുന്നവർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചാൽ സംഘാടകർക്ക് ഉത്തരവാദിത്തമുണ്ടെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പത്തുവയസ്സുകാരൻ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിലെ മുഖ്യ സംഘാടകനായിരുന്നു യഹിയ തങ്ങൾ.

ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെയായിരുന്നു പത്ത് വയസ്സുകാരൻ വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. റാലിയിൽ ഒരാളുടെ തോളിലേറി കുട്ടി മുദ്രവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിവിധ മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു ഇത്. അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നായിരുന്നു കുട്ടിയുടെ മുദ്രാവാക്യങ്ങൾ. എന്നാൽ, കുട്ടിയെ തള്ളി പോപ്പുലർ ഫ്രണ്ട് രംഗത്തെത്തിയിരുന്നു. സംഘടന അംഗീകരിച്ച മുദ്രാവാക്യമായിരുന്നില്ല ഇതെന്നും ജാഥയിൽ പ്രവർത്തകരും അല്ലാത്തവരുമായി നിരവധിപ്പേർ പങ്കെടുത്തിരുന്നെന്നുമാണ് പോപ്പുലർ ഫ്രണ്ട് നേതൃത്വം അറിയിച്ചത്.

അതിനിടെ, ഹൈക്കോടതി ജഡ്ജിമാർക്കെതിരെ യഹിയ തങ്ങൾ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ. ഹൈക്കോടതി അഭിഭാഷകൻ അരുൺ റോയ് ആണ് അപേക്ഷ നൽകിയിരിക്കുന്നത്. യഹിയയുടെ പരമാർശം അപകീർത്തികരമാണെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി ജഡ്ജിമാരുടെ അടിവസ്ത്രത്തിന് കാവി നിറമെന്നായിരുന്നു യഹിയയുടെ അധിക്ഷേപം. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് മാർച്ചിനിടെയായിരുന്നു വിവാദ പരാമർശം നടത്തിയത്.

ആലപ്പുഴയിൽ നടന്ന റാലിക്കിടെയുണ്ടായ മതവിദ്വേഷ മുദ്രാവാക്യ വിഷയത്തിൽ ജഡ്ജിമാർ നടത്തിയ പരാമർശമാണ് യഹിയയെ പ്രകോപ്പിച്ചത്. പി.സി.ജോർജിനു ജാമ്യം അനുവദിച്ചതും പ്രകോപന കാരണമായി. പി.സി. ജോർജിനു ജാമ്യം നൽകിയ ജഡ്ജി ശ്രീധരൻ പിള്ളയുടെ ജൂനിയറായിരുന്നു എന്നും ആരോപിച്ചിട്ടുണ്ട്.

വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ഇതുവരെ 26 പേരാണ് അറസ്റ്റിലായത്. കേസിൽ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അഷ്‌കർ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷൻ ഭാരവാഹികളായ ഷമീർ, സുധീർ, മരട് ഡിവിഷൻ സെക്രട്ടറി നിയാസ് എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിദ്വേഷ മുദ്രാവാക്യം വിളിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന കുട്ടിയും കുടുംബവും ശനിയാഴ്ച രാവിലെയാണ് കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ തിരിച്ചെത്തിയത്. ഇതിനുപിന്നാലെ വീട്ടിലെത്തി കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.