പത്തനംതിട്ട: ഇവിടെ നടക്കുന്നത് ന്യൂനപക്ഷ പ്രീണനമാണെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾ പൊളിച്ചടുക്കി പോപ്പുലർഫ്രണ്ട് പ്രചാരണം.

ഇവിടത്തെ ന്യൂനപക്ഷം ഇപ്പോഴും അവഗണനയിലാണെന്ന് സമർഥിക്കുന്ന പോസ്റ്ററും നോട്ടീസും ഇറക്കിയാണ് പ്രചാരണം. ഭൂരിപക്ഷത്തിനും ക്രിസ്ത്യാനികൾക്കും കുറേയധികം കിട്ടിയെന്നും മുസ്‌ലിങ്ങൾക്ക് കിട്ടിയത് കുറഞ്ഞു പോയെന്നും പോപ്പുലർ ഫ്രണ്ട് പരാതിപ്പെടുന്നു.

കോഴിക്കോട് മാൻഹോളിൽ വീണു മരിച്ച നൗഷാദ് മുസ്‌ലിമായതു കൊണ്ടാണ് സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകിയതെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചിടത്തു നിന്നായിരുന്നു വിവാദങ്ങളുടെ തുടക്കം. ബിജെപി-ഹിന്ദുഐക്യവേദി നേതാക്കൾ ഇതേറ്റു പിടിച്ചതോടെ സർക്കാരിനും മറുപ്രസ്താവനയുമായി ഇറങ്ങേണ്ടി വന്നു. ഇതോടെയാണ് കണക്കിലെ കളികളുമായി പോപ്പുലർ ഫ്രണ്ടും രംഗത്തുവന്നത്.

ജനസംഖ്യയിൽ ഹിന്ദുക്കൾ-54.73, മുസ്‌ലിം-26.56, ക്രിസ്ത്യാനികൾ-18.38 ശതമാനമാണുള്ളതെന്ന് പോപ്പുലർ ഫ്രണ്ട് അവകാശപ്പെടുന്നു. സർക്കാർ ഉദ്യോഗസ്ഥരിൽ 61 ശതമാനം ഹിന്ദുക്കളും 20.60 ശതമാനം ക്രിസ്ത്യാനികളുമാണ്. മുസ്‌ലിങ്ങൾ വെറും 11.4 ശതമാനം. ഇതുവരെയുള്ള മുഖ്യമന്ത്രിമാരിൽ ഏഴുപേർ ഹിന്ദുക്കളായിരുന്നു. രണ്ടു പേർ ക്രിസ്ത്യാനികളും ഒരാൾ മുസ്‌ലിമുമായിരുന്നു. അതും 51 ദിവസം.

11 ചീഫ് സെക്രട്ടറിമാർ 5 ഹിന്ദുക്കളും ആറു പേർ ക്രിസ്ത്യാനികളുമായിരുന്നു. മുസ്‌ലിങ്ങൾക്ക് ഇതുവരെ ഒന്നും കിട്ടിയില്ലെന്നും പോപ്പുലർഫ്രണ്ട് പരിതപിക്കുന്നു. ഹൈക്കോടതി ജഡ്ജിമാരിൽ
ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ പ്രാതിനിധ്യം ഇങ്ങനെ: 22-4-5.  11 ജില്ലാ കലക്ടർമാർ ഹിന്ദുക്കളാണ്. ഒരാൾ മുസ്‌ലിമും രണ്ടുപേർ ക്രിസ്ത്യാനിയുമാണത്രേ.

ജില്ലാ പൊലീസ് മേധാവികളിൽ 13 ഹിന്ദുക്കൾ, മൂന്നു മുസ്‌ലിങ്ങൾ, അഞ്ചു ക്രിസ്ത്യാനികൾ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരള പഠനം, സർക്കാർ ഡയറി, ഔദ്യോഗിക വെബ്‌സൈറ്റുകൾ എന്നിവ അവലംബിച്ചാണ് പോപ്പുലർഫ്രണ്ടിന്റെ കണക്കുകൾ. ഡിസംബർ 27 വരെയുള്ള സ്ഥിതിയാണിത്.