മെൽബൺ: രാജ്യത്ത് വ്യാപകമായി ലഭ്യമാകുന്ന വേദനാസംഹാരികളുടെ പുറത്ത്  ആരോഗ്യമുന്നറിയിപ്പ് അടുത്ത വർഷം മുതൽ പതിപ്പിക്കുമെന്ന് തെറാപ്പോറ്റീക് ഗുഡ്‌സ് അഡ്‌മിനിസ്‌ട്രേഷൻ (Therapeutic Goods Administration -TGA). ibuprofen, diclofenac, naproxen എന്നിവ അടങ്ങിയിട്ടുള്ള മരുന്നുകളായ Nurofen, Advil, Voltaren എന്നിവയുടെ പുറത്താണ് ആരോഗ്യപരമായ മുന്നറിയിപ്പ് പതിപ്പിക്കാൻ ടിജിഎ ഒരുങ്ങുന്നത്. ഇവ തുടർച്ചയായി കഴിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ് നൽകാൻ ഒരുങ്ങുന്നത്.

യുകെ പോലെയുള്ള രാജ്യങ്ങളിൽ diclofenac അടങ്ങിയ മരുന്നുകൾ പ്രിസ്‌ക്രിപ്ഷനിൽ മാത്രം ലഭ്യമായിരിക്കെ ഓസ്‌ട്രേലിയയിൽ ഇത് ഫാർമസിസ്റ്റിന്റെ പക്കൽ നിന്ന് പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ലഭിക്കുന്നുണ്ട്. ഇത്തരം മരുന്നുകൾ ഏതാനും ആഴ്ച ഉപയോഗിച്ചാൽ ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് ഈ വർഷം ആദ്യം യുഎസ് ഹെൽത്ത് അഥോറിറ്റികൾ മുന്നറിയിപ്പ് നൽകിയരുന്നതുമാണ്. ഇവയുടെ അടിസ്ഥാനത്തിൽ ടിജിഎ നടത്തിയ സുരക്ഷാ റിവ്യൂവിലാണ് അടുത്ത വർഷം മുതൽ ഈ മരുന്നുകളുടെ പായ്ക്കറ്റിൽ രോഗസാധ്യതാ മുന്നറിയിപ്പ് നൽകാൻ തീരുമാനമായത്.

ഇത്തരം മരുന്നുകൾ പക്ഷാഘാതത്തിനും ഇടവരുത്തുന്നതിനാൽ ഇവ നിരോധിക്കുകയോ പ്രിസ്‌ക്രിപ്ഷനിൽ മാത്രം വിൽക്കുകയോ ചെയ്യാൻ പാടുള്ളൂ എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നത്. ലേബലിൽ പറഞ്ഞിരിക്കുന്ന പ്രകാരം ചെറിയ കാലയളവിലേക്കോ ഡോക്ടർ നിർദേശിച്ചിരിക്കുന്ന ഡോസിലോ കഴിച്ചാൽ ഇവ സുരക്ഷിതമാണെന്ന് ടിജിഎ റിവ്യൂ കമ്മിറ്റി ചൂണ്ടിക്കാട്ടി.

സ്വയം ചികിത്സയുടെ ഭാഗമായി ഇത്തരം മരുന്നുകൾ നേരിട്ട് വാങ്ങി കഴിക്കുന്നത് കാർഡിയോ വാസ്‌കുലാർ പ്രശ്‌നങ്ങൾ ഏറെ സൃഷ്ടിക്കപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.  ibuprofen, diclofenac, naproxen എന്നിവ അടങ്ങിയിട്ടുള്ള മരുന്നുകളുടെ പുറത്ത് ഇവയുടെ അമിത ഉപയോഗം ബ്ലഡ് പ്രഷർ, ഹൃദയാഘാതം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് മുന്നറിയിപ്പ് നൽകാൻ ഒരുങ്ങുന്നത്. ചില മരുന്നുകളുടെ പുറത്ത് 2016 ജൂലൈ മുതൽ മുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടു തുടങ്ങും. ചില മരുന്നുകൾക്ക് 2017 ജനുവരി മുതലായിരിക്കും മുന്നറിയിപ്പ് നൽകുകയെന്നും ടിജിഎ അറിയിച്ചു.