ഓസ്‌ട്രേലിയയിലെ ജനസംഖ്യ വർധനവ് വ്യക്തമാക്കുന്ന കണക്കുകൾ പുറത്തു വന്നു. ഇതനുസരിച്ച് ഏറ്റവും കൂടുതൽ ജനസംഖ്യ വർധനവ് ഉണ്ടായിട്ടുള്ളത് തലസ്ഥാന നഗരമായ മെൽബണിലാണ്. 2.1 ശതമാനം വർധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സാണ് ജനസംഖ്യാ വർധനവിനെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

മെൽബണിനു തൊട്ടുപിന്നിൽ നിൽക്കുന്നത് ഡാർവിനാണ്. ഡാർവിനു പിന്നിൽ സിഡ്‌നി സ്ഥാനമുറപ്പിച്ചപ്പോൾ ബ്രിസ്ബാനും പെർത്തും ഒപ്പത്തിനൊപ്പമായി നാലാം സ്ഥാനത്ത് നിലനിൽക്കുന്നു. പെർത്ത് നാലാം സ്ഥാനത്ത് എത്തിയെങ്കിലും 2004-2005ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇവിടെ വളർച്ചാ നിരക്ക്.

ഇതിനു പിന്നിലുള്ള ഹോബർട്ട് (0.8ശതമാനം), കാൻബറ (1.4 ശതമാനം), ഡാർവിൻ (1.9ശതമാനം) എന്നീ തലസ്ഥാന നഗരങ്ങൾ മാത്രമാണ് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വളർച്ചാ നിരക്ക് പ്രകടമാക്കിയതെന്നാണ് ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സ് വ്യക്തമാക്കുന്നത്. രാജ്യത്തെ ജനസംഖ്യാ വളർച്ചയിൽ മിക്കതും സംഭവിച്ചിരിക്കുന്നത് ഔട്ടർ സബർബൻ- ഇന്നർ സിറ്റി പ്രദേശങ്ങളിലാണ്.

അഞ്ച് മില്യൺ ജനസംഖ്യയിലെത്തിയ ആദ്യത്തെ തലസ്ഥാന നഗരമെന്ന ബഹുമതി സിഡ്നിക്കാണ് ലഭിച്ചിരിക്കുന്നത്. 2014-2015 വർഷത്തിൽ ഇവിടെയുണ്ടായ ജനസംഖ്യാ വർധനവ് 83,000 ആണ്. ഇതോടെ ഇവിടുത്തെ ജനസംഖ്യ 4.92 മില്യണായി വർധിച്ചിരിക്കുകയാണ്. ക്യൂൻസ് ലാൻഡാണ് രാജ്യത്തെ ജനസംഖ്യാ വളർച്ചയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന റീജിയണൽ ഏരിയ.