കണ്ണൂർ: പാർട്ടിയെ ചൂഴ്ന്നു നിൽക്കുന്ന സ്വർണകള്ളക്കടത്ത് -ക്വട്ടേഷൻ സംഭവത്തിൽ സമ്പൂർണ്ണ ശുദ്ധികലശവുമായി സി.പി. എം. പാർട്ടി കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ചുള്ള കൂടുതൽ അന്വേഷണത്തിനായി തീരുമാനിച്ചത്. പാർട്ടി നയങ്ങളും നിലപാടും പ്രതികരണങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിനും നിയന്ത്രണങ്ങൾ വന്നേക്കും. ഇതുകൂടാതെ പാർട്ടിയെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ക്വട്ടേഷൻ സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകളും ഇതുമായി ബന്ധപ്പെട്ട പാർട്ടി അംഗങ്ങളുടെയും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

സി.പി. എം നിയന്ത്രിത സഹകരണബാങ്കുകൾ വഴി ഇവർ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ്. ഇത്തരക്കാർ സഹകരണ ബാങ്കുകളിൽ ബിനാമി പേരുകളിൽ നിക്ഷേപിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. പോരാളി ഷാജിയടക്കം സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ആശയങ്ങളോട് പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നു അജ്ഞാത പ്രൊഫൈലുമായി ചുവപ്പൻ ബാനറുകളിൽ പാർട്ടി ഭക്തി കാണിക്കുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടെന്നാണ് തീരുമാനം.

സൈബർപ്രചാരണത്തിന് നേരത്തെ രൂപീകരിച്ച ടീം ഉടച്ചു വാർക്കാനും ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവരെ പാർട്ടി ജില്ലാകമ്മിറ്റി ഓഫിസ് സൈബർ വിങിൽ രജിസ്റ്റർ ചെയ്യിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാർട്ടി ഘടനയുടെ മാതൃകയിൽ വികേന്ദ്രിതമായിരിക്കും ഇനി സൈബർ വിങിന്റെ പ്രവർത്തനം. പ്രാദേശിക വിഷയങ്ങളിൽ പാർട്ടി സഖാക്കൾക്ക് പ്രതികരിക്കുന്നതിൽ തടസങ്ങളില്ലെന്നും പൊതുവിഷയങ്ങളിൽ ഇടപെടുമ്പോൾ ജാഗ്രതപാലിക്കണമെന്നും പാർട്ടി ബാനറിൽ പ്രത്യക്ഷപ്പെടുന്ന പ്രൊഫൈലുകൾക്ക് ലൈക്കടിക്കുന്ന പ്രവണത അനുഭാവികളും പ്രവർത്തകരും അവസാനിപ്പിക്കണമെന്ന നിർദ്ദേശവുമുണ്ട്.

സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം നാല് കേന്ദ്രകമ്മിറ്റിയംഗങ്ങൾ പങ്കെടുത്ത അടിയന്തിര ജില്ലാസെക്രട്ടറിയേറ്റു യോഗമാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്നത്. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി ജയരാജൻ,പി.കെ ശ്രീമതി, കെ.കെ ശൈലജ, മന്ത്രി എം.വി ഗോവിന്ദൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. രണ്ടുവർഷം മുൻപ് സൈബർ ക്വട്ടേഷൻ സംഘങ്ങളെ കുറിച്ചും അവരുടെ വഴിപിഴച്ച പോക്കിനെ കുറിച്ചും സംസ്ഥാന നേതൃത്വം മുന്നറിയിപ്പു നൽകിയതാണെന്നും കഴിഞ്ഞ ഭരണത്തിൽ തന്നെ ഇവരുടെ അധോലോക-സാമ്പത്തിക ബന്ധങ്ങളെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടു നൽകിയിരുന്നുവെന്നും ഇ.പി ജയരാജൻ യോഗത്തിൽ പറഞ്ഞതായാണ് സൂചന.

എന്നാൽ ഡി.വൈ. എഫ്. ഐ കാൽനട പ്രചരണജാഥയും പാർട്ടി ഒന്നോ രണ്ടോ പരിപാടികൾ നടത്തുകയല്ലാതെ മറ്റു നടപടിയില്ലാത്തത് വീഴ്ചയായി മാറിയെന്നും ഇ.പി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഇവർ ഇപ്പോൾ പാർട്ടിക്കു തന്നെ ഭീഷണിയായി മാറിയതെന്ന വിമർശനവും ഉയർന്നു. രണ്ടുവർഷം മുൻപ് കണ്ണൂർ ജില്ലാസെക്രട്ടറിയായിരുന്നത് പി.ജയരാജനായിരുന്നു. അന്നത്തെ ജില്ലാ നേതൃത്വത്തെ പരോക്ഷമായി വിമർശിക്കുന്ന രീതിയിലാണ് കേന്ദ്രകമ്മിറ്റിയംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തത്. ജയരാജന്റെ സാന്നിധ്യത്തിൽ തന്നെയായിരുന്നു മണിക്കൂറുകൾ നീണ്ട യോഗം നടന്നത്.

അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവർക്ക് വളൻഡിയർ ഷിപ്പ് ലഭിച്ചത് എങ്ങനെയാണെന്നുള്ള വിശദീകരണം അതത് ലോക്കൽ കമ്മിറ്റികളിൽ നിന്നും ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. പാർട്ടി അംഗത്വവും വളൻഡിയർ വേഷവും നൽകുന്നതിൽ പല കീഴ്ഘടകങ്ങളും ജാഗ്രതപാലിക്കുന്നില്ലെന്ന വിമർശനവുമുണ്ടായി. ഇവർ ഇത്തരം വേഷഭൂഷാദികൾ ദുരുപയോഗം ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നുണ്ടെന്നും ഇതു തടയാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. വിവാദ ക്വട്ടേഷൻ സംഘങ്ങൾ നേതാക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോയും വളൻഡിയർവേഷത്തിലുള്ള ഇവരുടെ പ്രൊഫൈൽ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ രാഷ്ട്രീയ എതിരാളികൾ ഉപയോഗിക്കുന്നത് പാർട്ടിക്ക് ക്ഷീണം ചെയ്തിട്ടുണ്ടെന്ന വിലയിരുത്തലുമുണ്ടായി.

ഡി. വൈ. എഫ്. ഐ നേതാവും പാർട്ടി അംഗവുമായ സി.സജേഷിനെ പാർട്ടിയിൽ നിന്നും നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രാമനാട്ടുകര കള്ളക്കടത്ത് കേസിലെ പ്രതിയായ അർജുൻ ആയങ്കിയുമായി വ്യക്തമായ ബന്ധം ഇയാൾക്കുണ്ടെന്ന കാര്യം പാർട്ടി അന്വേഷണത്തിൽ വ്യക്തമായതോടെയാണ് നടപടി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അസുഖ സംബന്ധമായി പോകാൻ തന്റെ പക്കലിൽ നിന്നും ചുവപ്പ് സ്വിഫറ്റ് കാർ വാടകയ്ക്കു വാങ്ങിയതാണെന്ന സജേഷിന്റെ വാദം സ്വീകാര്യമല്ലെന്നാണ് പാർട്ടി ജില്ലാസെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. കാർ രജിസ്റ്റർ ചെയ്യുന്നതിന് സജേഷ് നൽകിയത് അർജുന്റെ മൊബൈൽ നമ്പറാണ് നൽകിയതെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.

അർജുനുമായി ബന്ധപ്പെട്ട് പാനൂരിൽ കസ്റ്റംസ് തേടുന്ന ഡി.വൈ. എഫ്. ഐ ബ്ലോക്ക് നേതാവുൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പാനൂർ ഏരിയാകമ്മിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വർഗബഹുജന സംഘടനകളിൽ ഭാരവാഹിത്വമുള്ളവരെ അതിൽ നിന്നും ഒഴിവാക്കണം. ഇതിനിടെ കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകൻ അർജുനന് നോട്ടീസ് നൽകിയ ദിവസം ഇന്നാണെന്നിരിക്കെ ഇയാൾ ഹാജരാകാൻ സന്നദ്ധമാവുമോയെന്ന കാര്യവും സി.പി. എം ഉറ്റു നോക്കുന്നുണ്ട്. അർജുന്റെ വെളിപ്പെടുത്തലുകൾ വരും ദിനങ്ങളിൽ പാർട്ടിയെ പ്രതികൂലമായി ബാധിക്കുമോയെന്ന കാര്യത്തിലും ആശങ്ക ശക്തമാണ്.