കോഴിക്കോട്: ബീഫ് ഫെസ്റ്റിന് ബദലായി ഇനി ഹനുമാൻ സേന പോർക് ഫെസ്റ്റിവൽ നടത്തില്ല. പ്രതീക്ഷിച്ച ആൾക്കൂട്ടമോ വിവാദമോ കോഴിക്കോട്ടെ പോർക്ക് ഫെസ്റ്റിന് കിട്ടാത്ത സാഹചര്യത്തിലാണ് ഇത്. ചുംബന സമര മാതൃകയിൽ പോർക് ഫെസ്റ്റിനെ വിജയിപ്പിക്കാനായിരുന്നു നീക്കം. അതായത് പോർക് ഫെസ്റ്റ് നടക്കുമ്പോൾ വിവാദം ഉണ്ടാകും. അതു കാണാൻ ആളുകൾ തടിച്ചു കൂടും. അങ്ങനെ പോർക് ഫെസ്റ്റ് വാർത്തകളിലെത്തും ഇതൊക്കെയായിരുന്നു സംഘാടകരായ ഹനുമാൻ സേനയുടെ ഉദ്ദേശം. എന്നാൽ ആരും പോർക്ക് ഫെസ്റ്റിൽ ബഹളമുണ്ടാക്കാൻ എത്തിയില്ല. ഇതിനൊപ്പം അണികളാരും പോകരുതെന്ന് ആർഎസ്എസും ആഹ്വാനം ചെയ്തതോടെ ആരേയും പോർക് ഫെസ്റ്റിന് കിട്ടാത്ത അവസ്ഥയുണ്ടായി.

കോഴിക്കോട് ഹനുമാൻ സേന നടത്തിയ പോർക്ക് ഫെസ്റ്റിവലിൽ വിശിഷ്ടാതിഥികൾ പോലും പന്നിയിറച്ചി കഴിച്ചില്ല. ഇതും പരിപാടിയുടെ ഗ്ലാമർ കുറച്ചു. പരിപാടിയുടെ ഉദ്ഘാടകയായി എത്തിയ ഹനുമാൻ സേനയുടെ നിയമോപദേഷ്ടാവ് അഡ്വ. പി.ടി.എസ് ഉണ്ണി അടക്കം ആരും പന്നി മാംസം കഴിക്കാൻ തയ്‌യാറായില്ല. തനിക്കായി വിളമ്പിയ പന്നിയിറച്ചി ഉണ്ണി സമീപത്തിരിക്കുന്ന വയോധികയ്ക്ക് കൈമാറുന്നത് മാദ്ധ്യമ ക്യാമറകൾ ഒപ്പിയെടുത്തു. പിന്നെ എങ്ങനെ ചുറ്റുമുള്ളവർ കഴിക്കും. സ്ഥലത്തുണ്ടായിരുന്ന ഹനുമാൻ സേനയുടെ സംസ്ഥാന നേതാക്കളും പന്നിയിറച്ചി കഴിക്കാൻ വിസമ്മതിച്ചു. അവർ പലരും വെജിറ്റേറിയനുകളായിരുന്നു. ഇങ്ങനെ എല്ലാ അർത്ഥത്തിലും ഉണ്ടാക്കിയ പന്നിയിറച്ചി മിച്ചം വന്നും. ആർക്കും വേണ്ടാത്ത അവസ്ഥ.

കോഴിക്കോട് കിഡ്‌സൺ കോർണറിലാണ് ഹനുമാൻ സേന പോർക്ക് ഫെസ്റ്റ് നടത്തിയത്. പരിപാടിക്കെതിരെ ആരും പ്രതിഷേധവുമായി രംഗത്തു വന്നില്ല. നേരത്തെ ശിവസേനയും പോർക്ക് ഫെസ്റ്റ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ നിന്ന് വൻ പിന്തുണ ലഭിച്ചതോടെ പിന്മാറുകയായിരുന്നു. വിവിധ പോർക്ക് വിഭവങ്ങളുടെ റെസിപി അയച്ചു കൊടുത്തായിരുന്നു സോഷ്യൽ മീഡിയയുടെ പിന്തുണ. ഇതിന് പിന്നാലെ ഹനുമാൻ സേനയെ ഒറ്റപ്പെടുത്താൻ ആർഎസ്എസും തീരുമാനിച്ചു. സംഘപരിവാർ സംഘടനയ്ക്ക് പുറത്തുള്ള ഒരു വിഭാഗം ഇത്തരം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് നല്ലതല്ലെന്ന വിലയിരുത്തലിലാണ് ആർഎസ്എസ്. ഇതോടെ എല്ലാം പൊളിഞ്ഞു.

സോഷ്യൽ മീഡിയയിൽ പോർക് ഫെസ്റ്റ് എന്ന ആശയം അവതരിപ്പിച്ചത് ആർഎസ്എസുകാരായിരുന്നു. ഇതിനോടുള്ള പ്രതകിരണം കണ്ടാണ് ഹനുമാൻ സേന ഈ പരിപാടിക്ക് എത്തിയത്. വിവാദങ്ങളിലൂടെ മാദ്ധ്യമ ശ്രദ്ധയും കൈയടിയുമായിരുന്നു ലക്ഷ്യം. ഇതു രണ്ടും പൊളിഞ്ഞതോടെ പോർക് ഫെസ്റ്റ് ഇനി വേണ്ടെന്ന തിരിച്ചറിവിൽ ഹനുമാൻ സേന എത്തുകയായിരുന്നു. ദേശീയ തലത്തിൽ ബീഫിനെതിരെ സംഘപരിവാർ സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളാണ് പോർക്ക് ഫെസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്. ആളുകൾക്ക് ആഹാരം കഴിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനെ ഹനിക്കുന്ന ആർഎസ്എസ് നീക്കത്തിനെതിരെ ഇടത്-പുരോഗമന സംഘടനകൾ രംഗത്തുവന്നു. അവർ ബീഫ് ഫെസ്റ്റിവലുകൾ നടത്തി.

കോളേജുകളിൽ വിഷയം എസ്എഫ്‌ഐയും ഏറ്റെടുത്തു. ഇവർക്കുള്ള മറുപടിയെന്ന നിലയിലാണ് പോർക് ഫെസ്റ്റുമായി ഹനുമാൻ സേന എത്തിയത്.