ന്യൂഡൽഹി: രാജ്യത്ത് പോൺവെബ്‌സൈറ്റുകൾ അഥവാ അശ്ശീല സൈറ്റുകളിൽ നല്ലൊരു ഭാഗവും നിരോധിച്ചതായി ഏവർക്കും അറിയാം. എന്നാൽ ഇപ്പോഴും ഫോണിലൂടെയും കമ്പ്യൂട്ടറിലൂടെയും ഇത് തപ്പുന്നവർ കുറവല്ല. ജിയോയും എയർടെല്ലും അടക്കമുള്ള പ്രധാനപ്പെട്ട സേവന ദാതാക്കളെല്ലാം ഇത്തരം വീഡിയോ സൈറ്റുകൾ ബാൻ ചെയ്തിട്ടും ഇപ്പോഴും ബ്രൗസിങ് നടത്തുന്ന ആളുകളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. വിദേശരാജ്യങ്ങളിൽ പോൺ സൈറ്റുകൾ പലതും അങ്ങനെ തന്നെ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ നിയമങ്ങളിൽ വല്ല മാറ്റമോ മറ്റൊ വരുത്തിയിട്ടുണ്ടോ എന്ന് ആർക്കും വ്യക്തമല്ല എന്നതാണ് ഇപ്പോൾ പ്രധാന ചർച്ചാ വിഷയമാകുന്ന ഒന്ന്.

യുഎസ്എയിലും മറ്റും എക്സ്വിഡിയോസ്, പോൺഹബ് തുടങ്ങിയ വെബ്സൈറ്റുകൾ സാധാരണ പോൺസൈറ്റുകളുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത് എന്നതും ഓർക്കേണ്ട കാര്യമാണ്. എന്നാൽ ഇത്തരം സൈറ്റുകൾ ഇന്ത്യയിലിരുന്ന് കാണുന്നത് തെറ്റാണോ എന്നാണ് പലരുടേയും സംശയം. പോൺ കാണുന്നത് ഇന്ത്യയിൽ കുറ്റകരമല്ല. പക്ഷേ, ബാൻ ചെയ്ത വെബ്സൈറ്റുകൾ സന്ദർശിക്കുന്നത് കുറ്റകരമാണോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. അങ്ങനെ ചെയ്യുമ്പോൾ അത് കോടതിയലക്ഷ്യമാകുമോ, നിയമലംഘനമാകുമോ? വെർച്വൽ പ്രോട്ടോക്കോൾ നെറ്റ്‌വർക്കുകൾ അല്ലെങ്കിൽ പ്രോക്‌സികൾ ഉപയോഗിച്ച് ഈ വെബ്‌സൈറ്റുകൾ നിരോധിച്ച സേവനദാതാവിന്റെ സർവീസിലൂടെ സന്ദർശിച്ചാൽ അതു കുറ്റകരമാണോ? അങ്ങനെ നൂറു കൂട്ടം ചോദ്യങ്ങളാണ് വെബ് ബ്രൗസ് ചെയ്യുന്നവരുടെയുള്ളിലുള്ളത്.

അതിലേക്കു കടക്കും മുൻപ് അറിയേണ്ടത് ഇന്ത്യയുടെ പോൺ ബാൻ ചരിത്രമാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികോംസ് (DoT) 2015ൽ ഇന്റർനെറ്റ് സേവനദാദാക്കളോട് 857 പോൺസൈറ്റുകൾ നിരോധിക്കാൻ ആവശ്യപ്പെട്ടു. ഓൺലൈൻ പോൺ ലൈംഗികാക്രമണങ്ങൾ വർധിപ്പിക്കുന്നുവെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയുടെ ഫലമായിരുന്നു സർക്കാർ ഏർപ്പെടുത്തിയ ബാൻ. എന്നാൽ നാനാദിശയിൽ നിന്നും കളിയാക്കലുകൾ വന്നപ്പോൾ നിരോധനാജ്ഞയിൽ മാറ്റങ്ങൾ വരുത്തി.

കുട്ടികളുടെ അശ്ലീലത കാണിക്കാത്ത വെബ്സൈറ്റുകൾക്ക് പ്രശ്നമില്ലെന്നായി പിന്നീടുള്ള നിലപാട്. ഈ വർഷവും പോൺ വിഷയം വീണ്ടും എടുത്തിടുകയായിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് 827 പോൺസൈറ്റുകൾ ബാൻ ചെയ്യാൻ ഇന്റർനെറ്റ് സേവനദാതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. ഡെറാഡൂണിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി സീനിയർ വിദ്യാർത്ഥികളാൽ മാനഭംഗം ചെയ്യപ്പെടുകയും തുടർന്ന് കേസിലെ പ്രതികൾ അവർ ഓൺലൈനായി പോൺ കണ്ടിരുന്നതായി സമ്മതിക്കുകയും ചെയ്തു. ഇതുകൊണ്ടാണ് കോടതി പോൺ ബാൻ ചെയ്യാൻ ഉത്തരവിടുന്നത്.

വെബ്‌സൈറ്റുകൾ ബാൻ ചെയ്ത് ഡോട്ടിന്റെ ഉത്തരവിറങ്ങയതിനെത്തുടർന്ന് ജിയോ, വോഡഫോൺ, എയർടെൽ തുടങ്ങിയ സേവനദാതാക്കൾ പല പോൺ വെബ്സൈറ്റുകളും അവരുടെ നെറ്റ്‌വർക്കിൽ നിരോധിച്ചു. ഇവയിൽ നിയമപരമായി പ്രശ്നമില്ലാത്ത വെബ്സൈറ്റുകളും ഉൾപ്പെടും. പല വെബ്സൈറ്റുകളിലും കുട്ടികളുടെ പോണും ഇല്ല. പോൺ ബാൻ വന്നതിനു ശേഷം ഇന്ത്യൻ ഉപയോക്താക്കൾ വിപിഎൻ, ഡിഎൻഎസ് സെർവർ മാറ്റം, പ്രോക്സികൾ തുടങ്ങിയ രീതികളിലൂടെ ബാൻ ചെയ്ത വെബ്സൈറ്റുകൾ സന്ദർശിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ചെറിയ ഉദാഹരണം പറഞ്ഞാൽ ചില ബ്രൗസറുകളിൽ തന്നെ വിപിഎൻ ഉണ്ട്. ഇതുപയോഗിച്ച് ബ്ലോക്കു ചെയ്യപ്പെട്ട ചില വെബ്സൈറ്റുകൾ സന്ദർശിക്കാം.

 പല വഴിയിലൂടെയും ഇന്ത്യയിൽ ബാൻ ചെയ്ത വെബ്സൈറ്റുകൾ സന്ദർശിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്നാണ് കാണുന്നത്. ഇങ്ങനെ സന്ദർശിച്ചാൽ നിങ്ങൾ ശിക്ഷിക്കപ്പെടുമോ? ഇന്ത്യയുടെ 'ഐടി ആക്ട്' പ്രകാരം കുട്ടികളുടെ പോൺ പ്രസിദ്ധീകരിച്ചാൽ അഞ്ചുവർഷം വരെ ജയിൽ ശിക്ഷയും. പത്തു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ശിക്ഷയാണ്. ഇത് രണ്ടാമതൊരിക്കൽ കൂടെ ആവർത്തിച്ചാൽ തടവ് ഏഴു വർഷമായി വർധിക്കും.

പിഴ പത്തു ലക്ഷം രൂപ വീണ്ടും ഒടുക്കുകയും ചെയ്യണം. ചൈൽഡ് പോണോഗ്രാഫി പ്രസിദ്ധികരിക്കുന്നതും കാണുന്നതും ഗൗരവമുള്ള കുറ്റമായാണ് നിയമം കാണുന്നത്. എന്നു പറഞ്ഞാൽ ചൈൻഡ് പോണോഗ്രാഫിയുള്ള ഒരു വെബ്സൈറ്റ് സന്ദർശിച്ചാൽ നിങ്ങൾ ശിക്ഷാർഹനാണ്. ബ്ലോക്കു ചെയ്ത വെബ്സൈറ്റിലാണോ, ബ്ലോക്കു ചെയ്യാത്ത വെബ്സൈറ്റിലെത്തിയാണോ നിങ്ങൾ ഈ കണ്ടന്റ് കണ്ടതെന്നത് പ്രസക്തമേയല്ല എന്നും അറിയണം. ഇത്തരം കണ്ടന്റ് കണ്ടാൽ നിയമത്തിന്റെ ദൃഷ്ടിയിൽ നിങ്ങളൊരു ക്രിമിനലാണ്.

പക്ഷേ, ചൈൽഡ് പോണോഗ്രാഫിയില്ലാത്ത ഒരു വെബ്സൈറ്റ് സന്ദർശിച്ചാൽ എന്തു സംഭവിക്കും? ഉദാഹരണത്തിന് പോൺഹബ്. ഇത് ജിയോയിൽ ബ്ലോക്കു ചെയ്തിരിക്കുന്നു. എന്നാൽ, എയർടെല്ലിൽ ലഭ്യവുമാണ്? നിങ്ങൾ വീട്ടിലിരുന്ന് പോൺ ബ്രൗസു ചെയ്യുന്നത് വിലക്കുന്ന നിയമങ്ങൾ നിലവിൽ ഇല്ല. എന്നാൽ, വിലക്ക് നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് സേവനദാതാക്കളുടെ ചുമതലയാണ്. ഉപയോക്താക്കൾ ഇതിൽ കുറ്റക്കാരാവില്ല. ഇതിനാൽ ബ്ലോക്കു ചെയ്ത പോൺ സൈറ്റുകൾ അവർക്കു വേണമെങ്കിൽ, സാധിക്കുമെങ്കിൽ സന്ദർശിക്കുന്നത് കുറ്റകരമല്ല.

എന്നാൽ, ഇത്തരം കണ്ടന്റ് ഒരു സേവനദാതാവിന്റെ ഇന്റർനെറ്റ് കണക്ഷനിൽ ലഭ്യമാണെന്ന് ഡോട്ട് കണ്ടെത്തിയാൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട് (Section 25 of the Information Technology Act 2000) പ്രകാരം സേവനദാതാവിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യപ്പെടാം. എന്നാൽ, സൈബർ കഫെയിലും മറ്റും പോൺ കാണുന്നതും കുറ്റകരമാണ്. 2011ൽ ഡോട്ട് പുറത്തിറക്കിയ നിയമാവലി പ്രകാരം പോൺ പൊതു സ്ഥലത്ത് കാണുന്നത് കുറ്റകരമാണ്. സൈബർ കഫെകൾ ഇതിന്റെ പരിധിയിൽ വരും. ബ്ലോക്കു ചെയ്യപ്പെട്ട വെബ്സൈറ്റുകൾ സൈബർ കഫെയിലിരുന്ന് ബ്രൗസുചെയ്താൽ നിങ്ങൾ പിടിക്കപ്പെടാം.

ബ്ലോക്കു ചെയ്ത വെബ്സൈറ്റുകളിൽ നിയമപരമായ കണ്ടന്റാണ് ഉള്ളതെങ്കിൽ പ്രശ്നം വരാൻ വഴിയില്ല. ശ്രദ്ധിക്കേണ്ട വാക്ക് 'നിയമപരം' എന്നതാണ്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റുകൾ ദേശീയ സുരക്ഷയുടെ പേരിൽ ബാൻ ചെയ്യപ്പെട്ടവയാണ്. കുട്ടികളെ ലൈംഗികമായി ചൂഷണം നടത്തുന്ന കണ്ടന്റും നിയമവിരുദ്ധമാണ്. ഇവരണ്ടും കണ്ടാൽ പ്രശ്‌നങ്ങൾ ഉണ്ടാകാം. മറ്റു കാര്യങ്ങളിൽ ഒരു വെബ്സൈറ്റ് ബ്ലോക്കു ചെയ്യപ്പെട്ടിരിക്കുകയാണോ എന്നത് ഉപയോക്താവിനു പ്രശ്നമുള്ള കാര്യമല്ല. ബ്ലോക്കു ചെയ്യപ്പെട്ടുവെന്ന് ഉറപ്പു വരുത്തേണ്ടത് ജിയോയും എയർടെല്ലും പോലെയുള്ള സേവനദാതാക്കളുടെ ചുമതലയാണ്.