ചണ്ഡീഗഡ്: അതിർത്തി രക്ഷാ സേനയുടെ യോഗത്തിൽ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചു. പരിശീലനശിൽപ്പശാലയിൽ പരിശീലന വിഡീയോ പ്രദർശിപ്പിക്കുന്നതിനിടെയാണ് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടത്.

പഞ്ചാബിലെ ഫിറോസ്പുറിൽ ബിഎസ്എഫ് 77 ബറ്റാലിയൻ ആസ്ഥാനത്ത് പുരുഷന്മാർക്കും വനിതകൾക്കുമായി നടത്തിയ പരിശീലന പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിയിൽ പങ്കെടുത്തവരെല്ലാം ഞെട്ടിപ്പോയി.

ബിഎസ്എഫ് ഐജി മുകൾ ഗോയൽ സംഭവം സത്യമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് അവിചാരിതമായി സംഭവിച്ചതാണ്. 2-5 സെക്കൻഡ് മാത്രമാണ് അശ്ലീലദൃശ്യം നീണ്ടത്. ഉടൻ തന്നെ നിർത്തുകയായിരുന്നു. എന്നാൽ ഉപയോഗിച്ചത് ഒരു സർക്കാർ ലാപ് ടോപ്പാണ്. അതിനാൽ സംഭവത്തിൽ കോടതി അന്വേഷണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പരിശീലനത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥന്റെ ലാപ്ടോപ്പിൽ നിന്നാണ് അശ്ലീല വീഡിയോ പ്ലേ ചെയ്തത്. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് ബിഎസ്എഫ് അറിയിച്ചത്.

ബിഎസ്എഫ് അച്ചടക്കമുള്ള സേനയാണെന്നും അതിന്റെ അച്ചടക്കം, കാര്യക്ഷമത എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നടപടികൾ ഒരിക്കലും അനുവദിക്കില്ലെന്നും പഞ്ചാബ് ബിഎസ്എഫ് വക്താവ് ആർ.എസ് കത്താരിയ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിലും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.