ലിസ്‌ബേൻ: ഇന്ത്യയിൽ കോളനിവാഴ്ച തുടങ്ങിയത് പോർച്ചുഗീസുകാരാണ്. പിന്നിട്ട് ബ്രിട്ടീഷുകാർ പിടിമുറുക്കിയതോടെ പോർച്ചുഗീസുകുാർ പിന്മാറി. കച്ചവടത്തിനായി ഇന്ത്യയിലെത്തി അധികാരം കൈയാളിയ പോർച്ചുഗീസുകാരുടെ അവശേഷിപ്പുകൾ ഇവിടെ ഇപ്പോഴുമുണ്ട്. ഗോവയിൽ പ്രത്യക്ഷ ചിത്രങ്ങൾ ഏറെയാണ്. അതുകൊണ്ട് തന്നെയാണ് പോർച്ചുഗല്ലിലെ ഭരണമാറ്റം ഇന്ത്യയിലും ശ്രദ്ധിക്കപ്പെടുന്നത്.

യൂറോപ്യൻ രാജ്യമായ പോർച്ചുഗലിൽ ഇന്ത്യൻ വംശജൻ പ്രധാനമന്ത്രി. പല രാജ്യങ്ങളിലും ഇതിന് സമാനമായ പലതും സംഭവിച്ചിട്ടുണ്ട്. ഇവിടെ കോളനി വാഴ്ചയിലൂടെ ഇന്ത്യയെ അടക്കി ഭരിച്ചിരുന്ന പോർച്ചുഗലിന് ഗോവയിൽ വളർന്ന വ്യക്തി ഭരിക്കാനെത്തുന്നുവെന്നതാണ് പ്രത്യേകത. ഗോവൻ വംശജനായ അന്റോണിയോ കോസ്റ്റയെ പ്രസിഡന്റ് അനിബാൽ കോവാകോ സിൽവയാണ് പോർച്ചുഗലിന്റെ പ്രധാനമന്ത്രിയായി നിയമിച്ചത്. ഒക്‌ടോബർ 4 ന് നടന്ന തെരഞ്ഞെടുപ്പിലൂടെ വന്ന സർക്കാർ വെറും 11 ദിവസം മാത്രം ഭരിച്ചതിന് പിന്നാലെ ആണ് അന്റോണിയോ കോസ്റ്റ പുതിയ പ്രധാനമന്ത്രിയായത്.

പോർച്ചുഗലിലെ 230 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോസ്റ്റയുടെ പാർട്ടിയായ സോഷ്യലിസ്റ്റ് പാർട്ടിക്ക് (എസ്‌പി) 86 സീറ്റുമായി രണ്ടാമത് എത്താനേ കഴിഞ്ഞുള്ളൂവെങ്കിലും ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കൂട്ടുകക്ഷി സർക്കാർ ഭരണത്തിലേറിയതോടെയാണ് കോസ്റ്റയ്ക്ക് വഴി തെളിഞ്ഞത്. 54 കാരനായ കോസ്റ്റ ലിസ്‌ബനിലെ മുൻ മേയർ കൂടിയാണ്. ഇന്ത്യൻ വംശജരിൽ ഒരു രാജ്യത്തിന്റെ ഏറ്റവും ഉയർന്ന പദവിയിൽ എത്തുന്നയാൾ എന്ന പദവിയിലേക്ക് കൂടിയാണ് ഈ ഗോവൻ വംശജൻ എത്തിയത്. ചൊവ്വാഴ്ചയായിരുന്നു ഗവൺമെന്റ് രൂപീകരിക്കാൻ പ്രസിഡന്റ് കോസ്റ്റയെ നിയോഗിച്ചത്.

പ്രമുഖ എഴുത്തുകാരൻ കൂടിയായ ഒർലാൻഡോ ഡാ കോസ്റ്റയുടെ മകനായി 1961 ൽ ലിസ്‌ബണിലാണ് കോസ്റ്റ ജനിച്ചത്. രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ച് ലേഖനങ്ങൾ എഴുതിയ ഒർലാൻഡൊ പിതാവ് അന്റൊണിയൊ ലൂയിസ് സാന്റോസ് ഡി കോസ്റ്റ ജനിച്ച ഗോവയിലാണ് ചെറുപ്പകാലം ചെലവഴിച്ചിരുന്നത്. കോസ്റ്റയുടെ മുത്തശ്ശൻ ലൂയിസ് അഫോൺസോ ഡാ കോസ്റ്റ ഇന്ത്യയിൽ വളർന്നയാളാണ്. ഒരു ഹിന്ദു കുടുംബത്തിൽ വളർന്ന ഇദ്ദേഹം പിന്നീട് മതപരിവർത്തനം ചെയ്‌യുകയായിരുന്നു. പിന്നീട് പോർച്ചുഗല്ലിലേക്ക് കുടിയേറി.

ലളിത ജീവിതശൈലിയുടെ പേരിൽ ലിസ്‌ബൻ ഗാന്ധി എന്നാണ് കോസ്റ്റ അറിയപ്പെടുന്നത്. ബാബുഷ് (പയ്യൻ എന്നതിന്റെ കൊങ്കണി വാക്ക്) എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ഗോവയിലെ മഡ്ഗാവിൽ നിരവധി ബന്ധുക്കളും കോസ്റ്റയ്ക്കുണ്ട്