- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത സഹോദരികളെ പീഡിപ്പിച്ച പുതിയതുറ കൂട്ട ബലാൽസംഗം; പരാതിക്കാരുടെ വീട് പ്രതികൾ അഗ്നിക്കിരയാക്കുകയും ചെയ്തു; പുതിയ തുറ സ്വദേശികളായ നാലംഗ സംഘത്തിന് പോക്സോ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത സഹോദരികളായ രണ്ടു പെൺകുട്ടികളെ കൂട്ട ബലാൽസംഗത്തിനിരയാക്കുകയും പരാതിക്കാരുടെ വീട് തീ വെയ്ക്കുകയും ചെയ്ത കാഞ്ഞിരംകുളം പുതിയതുറ കൂട്ട ബലാൽസംഗക്കേസിൽ നാലു പ്രതികൾക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്.
തലസ്ഥാനത്തെ പോക്സോ കോടതിയാണ് പ്രതികളായ നാലംഗ സംഘത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളെ മെയ് 22 നകം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം റൂറൽ കാഞ്ഞിരംകുളം പൊലീസ് സർക്കിൾ ഇൻസ്പെക്ടറോടാണ് കോടതി ഉത്തരവിട്ടത്.
കൂട്ട ബലാൽസംഗക്കേസിലെ ഒന്നു മുതൽ നാലു വരെ പ്രതികളും പുതിയതുറ നിവാസികളുമായ ജുബ്ലി , ബിജു എന്ന ബിജുദാസ് , റോയി , വിച്ചു എന്ന ദീപു എന്നിവരെ അറസ്റ്റ് ചെയ്യാനാണുത്തരവ്. കേസന്വേഷണ ഘട്ടത്തിൽ റിമാന്റിൽ കഴിയവേ കോടതി ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങിയതിനാലാണ് വാറണ്ട്. ഇവരുടെ ജാമ്യക്കാർ 22 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു.
2011 മാർച്ചിലായിരുന്നു തലസ്ഥാന ജില്ലയെ നടുക്കിയ കൂട്ട പീഡനം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയം ഭവനഭേദനം നടത്തി അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി ഒരു പ്രതിയുടെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. സംഭവത്തെ തുടർന്ന് മൂന്നു പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. കൂടാതെ പൊലീസിൽ പരാതി നൽകിയ വിരോധത്താൽ പരാതിക്കാരുടെ വീടും തീവെച്ചു നശിപ്പിച്ചിരുന്നു.
പൊലീസ് അന്വേഷണത്തിനിടെ മൂന്നാം പ്രതി പുതിയതുറ ഉരിയരിക്കുന്ന് പുരയിടത്തിൽ റോയി (28) ഒളിവിൽ പോയി. രണ്ടു വർഷത്തിന് ശേഷം 2013 ഫെബ്രുവരി 1 ന് ഇയാൾ അടിമലത്തുറയിലെത്തി. പൊലീസെത്തിയപ്പോൾ ഇയാൾ സഞ്ചരിച്ച മോട്ടോർ ബൈക്ക് ഉപേക്ഷിച്ച ശേഷം കടലിൽ ചാടി രക്ഷപ്പെട്ടു. ബൈക്ക് പൊലീസ് കണ്ടെടുത്തു. തുടർന്ന് ഇയാൾ പൂവാർ സർക്കിൾ ഇൻസ്പെക്ടറുടെ മുന്നിൽ കീഴടങ്ങുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ജി) (കൂട്ടബലാൽസംഗം) , 506 (ശ) (ഭീഷണിപ്പെടുത്തൽ) , 436 (വീട് തീവെയ്പ്പ് ) , 34 ( പൊതു ഉദ്ദേശ്യകാര്യ സാധ്യത്തിനായുള്ള കൂട്ടായ്മ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത കോടതി പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെടുകയിരുന്നു.