- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു വർഷ ഭരണകാലത്ത് സാമ്പത്തിക സ്ഥിതി നോക്കി തസ്തിക സൃഷ്ടിക്കും; അവസാന മാസം എല്ലാം തോന്നും പോലെ; അടുത്ത സർക്കാരിന് സാമ്പത്തിക ഭാരം നൽകുന്ന പതിവ് ഇത്തവണയും തെറ്റുന്നില്ല; ഉമ്മൻ ചാണ്ടി മോഡൽ സ്വീകരിച്ച് പിണറായി വിജയനും; ഇത്തവണയും കോളടിക്കുന്നത് എയ്ഡഡ് മാനേജ്മെന്റുകൾക്ക്
തിരുവനന്തപുരം: എന്തിനും ഏതിനും ഉമ്മൻ ചാണ്ടിയെ പഴിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. പി എസ് സി ഉദ്യോഗാർത്ഥികളുടെ ഗതികേട് പോലും ഉമ്മൻ ചാണ്ടിയുടെ കുഴപ്പമാണെന്ന് വരുത്താനും ശ്രമം നടത്തി. എന്നാൽ തസ്തിക സൃഷ്ടിക്കലിൽ പിണറായി പിന്തുടരുന്നതും ഉമ്മൻ ചാണ്ടി മോഡൽ. ഭരണമൊഴിയുമ്പോൾ കൂട്ടത്തോടെയുള്ള തസ്തിക സൃഷ്ടിക്കലിൽ കഴിഞ്ഞ സർക്കാരിനെ അനുകരിക്കുകയാണ് ഈ സർക്കാരും. 5 വർഷ ഭരണകാലത്തു സാമ്പത്തികനില നോക്കി മാത്രം തസ്തിക സൃഷ്ടിക്കുന്ന സർക്കാർ, അവസാന മന്ത്രിസഭാ യോഗങ്ങളിൽ കൂട്ടത്തോടെ തസ്തിക സൃഷ്ടിക്കുന്നു. ഇതിന് കാരണം സാമ്പത്തിക ഭാരം അടുത്ത സർക്കാർ ചുമന്നോളും എന്ന ലോജിക്കാണ്.
ഉമ്മൻ ചാണ്ടി സർക്കാർ ഭരണമൊഴിയുമ്പോൾ 2,653 അദ്ധ്യാപക തസ്തികകളാണ് ഒറ്റയടിക്കു സൃഷ്ടിച്ചത്. വിവിധ വകുപ്പുകളിൽ വേറെ നൂറിലേറെ തസ്തികകളും സൃഷ്ടിച്ചു. തുടർന്ന് അധികാരത്തിലെത്തിയ ഇടതു സർക്കാർ, ഇതു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയതായി വിമർശിച്ചിരുന്നു. അതേ സർക്കാരാണ് ഇപ്പോൾ ഒറ്റയടിക്ക് 3,051 തസ്തിക സൃഷ്ടിച്ചത്. അതുകൊണ്ട് തന്നെ അടുത്ത സർക്കാർ അധികാരത്തിലെത്തിയാൽ ശമ്പളം കൊടുക്കാൻ പോലും മുട്ടിൽ ഇഴയേണ്ടി വരും. ആരോഗ്യ, ആയുഷ് വകുപ്പുകളിലായി ഒരുമിച്ച് 3,000 തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗത്തിന്റെ അനുമതി. ഹെൽത്ത് സർവീസ് 1217, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് 527, കണ്ണൂർ മെഡിക്കൽ കോളജ് 772, മലബാർ കാൻസർ സെന്റർ 33, ആയുഷ് വകുപ്പ് 300, മറ്റു വിഭാഗങ്ങൾ 151 എന്നിങ്ങനെയാണ് ആകെ 3,000 തസ്തിക.
ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ, ആയുഷ് വകുപ്പുകളിലെ ഏതൊക്കെ സ്ഥാപനങ്ങളിൽ ഏതൊക്കെ വിഭാഗങ്ങളിലാണ് ഈ തസ്തികകളെന്നതു പോലും പിണറായി സർക്കാർ തീരുമാനിച്ചിട്ടില്ല. ഇതുവഴി 3000 പേർക്കു പിഎസ്സിയിലൂടെ സ്ഥിരനിയമനം ലഭിക്കും. ഈ സർക്കാർ ആരോഗ്യമേഖലയിൽ ഇതുവരെ ആകെ 10,272 തസ്തിക സൃഷ്ടിച്ചെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. അതായത് എല്ലാം പി സി സി ഉദ്യോഗാർത്ഥികൾക്ക് വേണ്ടി. 35 എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾക്കായി 151 തസ്തികയും ഉണ്ടാക്കി. അതായത് സ്കൂൾ മാനേജ്മെന്റുകൾക്ക് കോഴ നിയമനത്തിന് സാധ്യത ഒരുക്കുകയാണ് വീണ്ടും. ഇതും എല്ലാ സർക്കാരും ചെയ്യുന്നതാണ്. ഈ നിയമനങ്ങൾ പി എസ് സിക്ക് വിടണമെന്ന ആവശ്യം ഏറെ നാളായി ചർച്ചയിലുണ്ട്. 24 എച്ച്എസ്എസ്ടി ജൂനിയർ തസ്തികകൾ അപ്ഗ്രേഡ് ചെയ്യും.
തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഓരോ തസ്തിക. 250 തടവുകാർ വരെയുള്ള ജയിലുകളിൽ കൗൺസലറുടെ ഒരു തസ്തികയും (പരമാവധി 5 തസ്തിക) സൃഷ്ടിക്കും, പുതിയ തവനൂർ സെൻട്രൽ ജയിലിന് 161 തസ്തിക, സെന്റർ ഫോർ കണ്ടിന്യുയിങ് എജ്യുക്കേഷനിൽ 22 തസ്തിക, അറബിക് എയ്ഡഡ് കോളജുകളിൽ 54 പുതിയ അദ്ധ്യാപക തസ്തിക, സർക്കാർ സംഗീത കോളജുകളിൽ 14 ജൂനിയർ ലക്ചറർ, 3 ലക്ചറർ തസ്തികകൾ, തൃശൂർ മണ്ണുത്തി സ്റ്റേറ്റ് ബയോ കൺട്രോൾ ലാബിന് 9 തസ്തിക., ന്മ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ 30 അനധ്യാപകർ. 24 എണ്ണം പുതിയ തസ്തിക. 6 തസ്തികകൾ പുനർനിർണയിക്കും-ഇങ്ങനെ നീളുന്നു തീരുമാനങ്ങൾ
പുതുതായി ആരംഭിച്ച 28 സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 100 അനധ്യാപക തസ്തിക, താനൂർ, പട്ടാമ്പി, കോങ്ങാട്, കൊല്ലങ്കോട്, കല്ലമ്പലം എന്നിവിടങ്ങളിൽ പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കാൻ 65 തസ്തിക. ഉള്ളൂർ, മാവൂർ, ചീമേനി, പനമരം, വൈത്തിരി, രാജാക്കാട്, ആറന്മുള, പാലോട്, നേര്യമംഗലം എന്നിവിടങ്ങളിൽ ഫയർ സ്റ്റേഷന് അനുമതി, അഹാഡ്സ് നിർത്തലാക്കുന്നതുവരെ ജോലിയിൽ തുടർന്ന ആദിവാസി വിഭാഗത്തിലെ 32 സാക്ഷരതാ ഇൻസ്ട്രക്ടർമാർക്കു യോഗ്യതയ്ക്കനുസരിച്ച് സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ചു വനം, തദ്ദേശഭരണ വകുപ്പുകളിൽ നിയമനം, കോടതി ഭാഷ മലയാളമാക്കുന്നതിനു മുൻസിഫ് മജിസ്ട്രേട്ട് കോടതികളിൽ മലയാളം പരിഭാഷകരുടെ 50 തസ്തിക ഇങ്ങനെ പുതിയ തസ്തികയിൽ മിക്കതും പി എസ് സിക്ക് റോളുള്ളവയുമാണ്.
ഇതിനിടെയാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെക്കുന്ന നടപടി തത്കാലത്തേക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുന്നത്. അർഹതയുള്ളവരെ കൈവിടില്ലെന്നും എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ സ്ഥിരപ്പെടുത്തൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എൽഡിഎഫിന്റെ നയം അതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയതിൽ യാതൊരു തെറ്റുമില്ല. പിഎസ്സിക്ക് വിടാത്ത തസ്തികകളിലാണ് സ്ഥിരപ്പെടുത്തൽ നടന്നത്. പിഎസ്സി ലിസ്റ്റിൽ ഉൾപ്പെട്ട ആർക്കും അവിടെ നിയമനം നടത്താൻ സാധിക്കില്ല. അവർ അത് ആഗ്രഹിച്ചിട്ടും കാര്യമില്ല. വർഷങ്ങളായി താത്കാലികക്കാരായി നിന്നവരെയാണ് മാനുഷിക പരിഗണന വച്ച് സ്ഥിരപ്പെടുത്തിയത്. എന്തോ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്യുന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിച്ചു. നേരത്തെ യുഡിഎഫ് സർക്കാർ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നിയമനം നടത്തിയ ഒരുപാട് കാര്യങ്ങളുണ്ട്. ഇതങ്ങനെ ഒരു പ്രശ്നമേയില്ല. പൂർണ്ണമായും പത്ത് വർഷം പൂർത്തിയാക്കിയവരെ പരിഗണിക്കുന്ന സ്ഥിതിയാണുണ്ടായത്.
ബോധപൂർവ്വം സർക്കാരിന്റെ നടപടികളെ കരിവാരിതേക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗം പ്രവർത്തിക്കുന്നു എന്ന് തിരിച്ചറിഞ്ഞു കൊണ്ട്, അവർക്ക് അസരം നൽകേണ്ടതില്ല എന്നതിനാലാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവച്ചത്. ഏതാനും മാസങ്ങളുടെ പ്രശ്നങ്ങളെ ഉണ്ടാകൂ, അർഹതയുള്ളവരായിട്ട് തന്നെയാണ് അവരെ സർക്കാരും എൽഡിഎഫും കാണുന്നത്. ജനങ്ങൾ എൽഡിഎഫ് സർക്കാരിനൊപ്പം തന്നെയാണ് നിൽക്കുന്നത്. ജനങ്ങൾ എൽഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റിയാൽ താത്കാലിക ജീവനക്കാരെ കൈ ഒഴിയാത്ത സമീപനം തന്നെയാണ് നിശ്ചയമായും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് തെറ്റായി ഉപയോഗിക്കുന്ന ആളുകൾക്ക് ഇതൊരു ആയുധം നൽകേണ്ട എന്നുള്ളതുകൊണ്ടാണ് ഇപ്പോൾ ആർക്കും നിയമനം നൽകേണ്ടെന്ന് തീരുമാനിച്ചത്. ഹൈക്കോടതി ചോദിച്ചതിന് കൃത്യമായ മറുപടി സർക്കാർ നൽകും. അതിന് പ്രത്യേക ആശങ്കയുടെ പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ