- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളത്ത് മർദ്ദനത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; വിമൽ കുമാറിന്റെ മരണകാരണം ഹൃദയസ്തംഭനമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്; മരണത്തിന് ആരും ഉത്തരവാദിയല്ല; ആർക്കെതിരെയും കേസെടുക്കില്ലെന്ന് പൊലീസ്; കസ്റ്റഡിയിലെടുത്ത രണ്ട് പേരെ വിട്ടയച്ചു
കൊച്ചി: എറണാകുളം ആലങ്ങാട് മർദ്ദനത്തിനിടെ കുഴഞ്ഞുവീണ് മരിച്ച വിമൽ കുമാറിന്റെ മരണകാരണം ഹൃദയസ്തംഭനമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും സംഭവത്തിൽ കേസെടുക്കുന്നില്ലെന്നും ആലുവ വെസ്റ്റ് പൊലീസ് പ്രതികരിച്ചു. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ആലങ്ങാട് കൈപ്പടി ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കൊല്ലംപറമ്പിൽ വീട്ടിൽ വിമൽ കുമാർ (54 ) ആണ് മരിച്ചത്. മകനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് അക്രമി സംഘം വിമൽ കുമാറിനെ മർദ്ദിച്ചത്. ആലങ്ങാട് സ്വദേശികളായ നിധിനും തൗഫീഖുമാണ് വിമൽ കുമാറിന്റെ മകൻ രോഹിനെ മർദ്ദിച്ചത്. ഇത് കണ്ട് പിടിച്ചുമാറ്റാനായി വീട്ടിൽ നിന്നും ഓടിയെത്തിയതാണ് വിമൽ. ഇതിനിടെ യുവാക്കൾ വിമലിനെയും മർദ്ദിക്കുകയായിരുന്നു. അടിയേറ്റ് കുഴഞ്ഞ് വീണ വിമൽ കുമാറിനെ ഉടൻ തന്നെ പറവൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിമൽ കുമാറിന് നേരത്തെ അസുഖമൊന്നുമില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു. അതേസമയം, ആലങ്ങാട് പ്രദേശത്ത് ലഹരി സംഘങ്ങൾ സജീവമാണെന്നും യാതൊരു കാരണവുമില്ലാതെയാണ് വിമൽ കുമാറിനും മകനുമെതിരെ ആക്രമണം നടന്നതെന്നും നാട്ടുകാർ പറയുന്നു. സംഭവത്തിൽ ആലങ്ങാട് സ്വദേശികളായ നിധിൻ, തൗഫീഖ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, വിമൽ കുമാറിനെ മരണകാരണം ഹൃദയ സ്തംഭനമാണെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ പൊലീസ് ഇരുവരെയും വിട്ടയക്കുകയായിരുന്നു.
വർക്ക് ഷോപ്പ് ജീവനക്കാനരായിരുന്നു അമ്പത്തിനാലുകാരനായ വിമൽകുമാർ. ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളുമുണ്ട്. അതേസമയം, ആലങ്ങാട് പ്രദേശത്ത് അടുത്തകാലത്തായി മദ്യ-മയക്ക് മരുന്ന് മാഫിയയുടെ പ്രവർത്തനം കൂടിവരികയാണ്. ഇത് സംബന്ധിച്ച് നിരവധി തവണ നാട്ടുകാർ ആലങ്ങാട് പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ