ബ്രിട്ടനിലെ തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദാന്തര ബിരുദത്തിന് പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് കോഴ്‌സ് പൂർത്തിയായ ശേഷവും ആറുമാസത്തോളം അവിടെ തുടരാൻ അനുമതി ലഭിക്കും. കോഴ്‌സിന്റെ അനുബന്ധ നടപടികൾ കൂടി പൂർത്തിയാക്കുന്നതിനാണ് ഈ ആറുമാസ കാലയളവ് ലഭിക്കുന്നത്.

പൈലറ്റ് വിസ പദ്ധതി ചുരുക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കൂ. ടയർ 4 വിസ പൈലറ്റ് പദ്ധതി ഈയാഴ്ചയാണ് ബ്രിട്ടീഷ് ഹോം ഓഫീസ് ആരംഭിച്ചത്. ഓക്‌സ്ഫഡ്, കേംബ്രിഡ്ജ്, ബാത്ത് എന്നീ സർവകലാശാലകളിലും ലണ്ടനിലെ ഇംപീരിയൽ കോളേജിലുമുള്ള വിദ്യാർത്ഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

വിദേശ വിദ്യാർത്ഥികളെ ഇംഗ്ലണ്ടിലേക്ക് ആകർഷിക്കുന്നതിന് പൈലറ്റ് പദ്ധതി ഉപകരിക്കുമെന്ന് ഇംപീരിയൽ കോളേജ് പ്രസിഡന്റ് പ്രൊഫസ്സർ ആലീസ് ഗസ്റ്റ് പറഞ്ഞു. മാസ്റ്റേഴ്‌സിനുശേഷവും ഇവിടെ തങ്ങാമെന്നത് അവരുടെ പ്രതിഭ വിനിയോഗിക്കുന്നതിന് അവസരം നൽകും. അതുവഴി ബ്രിട്ടനും ഗുണം ലഭിക്കുമെന്നും അവർ പറഞ്ഞു.

ജൂലൈ 25-നുശേഷമുള്ള വിസ അപേക്ഷകൾക്ക് ഈ നിയമം ബാധകമായിരിക്കും. 2016-17, 2017-18 അക്കാദമിക് വർഷങ്ങളിലെ വിദ്യാർത്ഥികൾക്ക് അതിന്റെ ഗുണം ലഭിക്കും. 13 മാസമോ അതിൽ കുറവോ കാലയളവുള്ള മാസ്‌റ്റേഴ്‌സ് കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നവർക്ക് മാത്രമാകും ഇതിന്റെ പ്രയോജനം ലഭിക്കുക.

തുടക്കത്തിൽ രണ്ടുവർഷത്തേയ്ക്കാണ് പൈലറ്റ് സ്‌കീം നടപ്പിലാക്കുന്നത്. പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തിലാകും അത് സ്ഥിരമായ രീതിയിൽ നടപ്പാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. വിസ നിയന്ത്രണം ശക്തമായതോടെ വിദേശ വിദ്യാർത്ഥികളുടെ വരവിലുണ്ടായ കുറവ് പരിഹരിക്കുന്നതിനാണ് ഹോം ഓഫീസ് ഇത്തരമൊരു പദ്ധതിയുമായി മുന്്നോട്ടുവന്നിട്ടുള്ളത്.

2010-11 കാലയളവിൽ 18,535 വിദേശ വിദ്യാർത്ഥികൾ ബ്രിട്ടനിലെത്തിയെങ്കിൽ 2012-13 കാലയളവിൽ അത് 10,235 ആയി കുറഞ്ഞു. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കി. 2012-ൽ പോസ്റ്റ് സ്റ്റഡി വർക്ക് വിസ നീക്കം ചെയ്തതോടെയാണ് വിദ്യാർത്ഥികൾക്ക് ബ്രിട്ടനോടുള്ള താത്പര്യം ഗണ്യമായി കുറഞ്ഞത്.