തിരുവനന്തപുരം: ബാങ്കുകളുടെ എ.ടി.എമ്മുകളിൽ തപാൽ റുപേ കാർഡ് ഉപയോഗിക്കുന്നതിന് പരിധി ഏർപ്പെടുത്തിയതിരെ ശക്തമായ നടപടികളുമായി തപാൽ വകുപ്പ്. പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകളിൽ മറ്റു ബാങ്കുകളുടെ എ.ടി.എം. കാർഡുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയാണ് തപാൽവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

ബാങ്കുകളുടെ കാർഡുകൾ തപാൽ എ.ടി.എമ്മിൽ അഞ്ചിൽക്കൂടുതൽതവണ ഉപയോഗിച്ചാൽ 23 രൂപ സേവനനിരക്കായി ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകളിൽ എത്രതവണ വേണമെങ്കിലും റുപേ കാർഡുകളുപയോഗിക്കാം.

പോസ്റ്റൽ റുപേ കാർഡുകളുപയോഗിച്ച് മറ്റ് ബാങ്കുകളുടെ എ.ടി.എം. കൗണ്ടറുകളിൽനിന്നും നേരത്തെ എത്രതവണ വേണമെങ്കിലും സൗജന്യമായി പണം പിൻവലിക്കാമായിരുന്നു. ഇത് തുടർന്നതോടെ ബാങ്കുകൾ പോസ്റ്റ് ഓഫീസ് സേവനങ്ങൾക്ക് നിരക്കേർപ്പെടുത്തുകയായിരുന്നു. നിശ്ചിത പരിധിയിലധികം ഇടപാടുകൾ തപാൽവകുപ്പിന്റെ എ.ടി.എം. കാർഡുകൾ ഉപയോഗിച്ച് നടത്തിയാൽ 23 രൂപയാണ് സേവനനിരക്കായി ബാങ്കുകൾ ഈടാക്കുന്നത്. ഇതോടെയാണ് പോസ്റ്റ് ഓഫീസ് അധികൃതർ പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകളിൽ മറ്റ് ബാങ്ക് എ.ടി.എം. കാർഡുകൾക്കും നിയന്ത്രണമേർപ്പെടുത്തുന്നത്.