തിരുവനന്തപുരം : പൊതുമുതൽ നശിപ്പിച്ച കേസിൽ കോടതി വിധിയുണ്ടായിട്ടും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പിഴയടയ്ക്കാതെ മുങ്ങി നടക്കുന്നു. മന്ത്രി മുഹമ്മദ് റിയാസിനും 12 ഡിവൈഎഫ്ഐ പ്രവർത്തകർക്കും എതിരെയുള്ള കോടതിവിധിയാണ് നടപ്പിലാക്കാതെ കിടക്കുന്നത്. വിധി നടപ്പാക്കി നഷ്ടപരിഹാരം തിരിച്ചുപിടിക്കണമെന്ന ആവശ്യവുമായി തപാൽ വകുപ്പ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. ഡിവൈഎഫ്‌ഐ സമരത്തിന്റെ ഭാഗമായി 2011 ജനുവരി 19 ന് വടകര ഹെഡ് പോസ്റ്റ് ഓഫിസിലെ ഉപകരണങ്ങളും മറ്റും തല്ലിത്തകർത്ത കേസിലാണ് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചിരുന്നത്. ഈ വിധി നടപ്പാക്കാനാണ് ഹർജി.

പെട്രോളിയം വില വർധനയുമായി ബന്ധപെട്ടു ഡിവൈഎഫ്‌ഐ നടത്തിയ അക്രമത്തിൽ ജനാല ചില്ലുകൾ, എച്ച്‌സി എൽ കിയോക്‌സ് മെഷീൻ, ബോർഡുകൾ, ടെലിഫോൺ, ജനാല ഗ്ലാസുകൾ മുതലായവ തകർത്തിരുന്നു. ഇതിനെ തുടർന്ന് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയോളം മന്ത്രിയടക്കം 12 ഡിവൈഎഫ്‌ഐ പ്രവർത്തകരിൽനിന്നും ഈടാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. 2014 ൽ വിധി വന്നിട്ടും പണമടക്കാൻ ഇവർ തയ്യാറായില്ല. മേൽ കോടതിയിൽ അപ്പീൽ നൽകിയെങ്കിലും 2017 നവംബറിൽ ഒൻപതിന് അത് തള്ളിയിരുന്നു. എന്നാൽ കോടതിവിധി പ്രകാരം ഇവർ പണം അടക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് വിധി നടപ്പിലാക്കാൻ ആവശ്യപ്പെട്ട് തപാൽ വകുപ്പ് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

വിധി വന്നു അഞ്ചു വർഷം കഴിഞ്ഞിട്ടും പണം അടക്കാത്തതിനാൽ വിധി കാലയളവ് മുതൽ 18 ശതമാനം പലിശയടക്കം ഈടാക്കി പ്രതികളെ തടവിൽ പാർപ്പിച്ചു നഷ്ടവും അടക്കം 3,80,943 രൂപ ഈടാക്കിത്തരണമെന്നാണ് തപാൽ വകുപ്പ് കോടതിയോടാവശ്യപ്പെട്ടത്. മന്തിയായ റിയാസ് പൊതുമരാമത്ത് മന്ത്രിയായ സാഹചര്യത്തിൽ വിധി നടപ്പിലാക്കുന്നത് നീട്ടികൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നു ആക്ഷേപമുണ്ട്.

മുഹമ്മദ് റിയാസിനൊപ്പം എം.കെ. ശശി, എ.എം. റഷീദ്, പി.ടി.കെ. രാജീവൻ, ടി. അനിൽകുമാർ, പി.കെ. അശോകൻ, കെ.എം. മനോജൻ, കെ.കെ. പ്രദീപൻ, ഷാജി കൊളരാട്, അജിലേഷ് കൂട്ടങ്ങാരം, ടി. സജിത്ത് കുമാർ, എപി പ്രജിത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ബാങ്ക് ജീവനക്കാരും അദ്ധ്യാപകരും ഉൾപ്പെടെ നല്ല സാമ്പത്തിക സ്ഥിതിയിലുള്ള പ്രതികൾ പണം അടക്കാത്ത സാഹചര്യത്തിൽ പ്രതിഛായക്ക് മങ്ങൽ ഏൽകുന്നതിനാൽ സാമ്പത്തിക സമാഹരണം എങ്ങിനെ നടത്തണമെന്ന ആലോചനയിലാണ് പാർട്ടിയും എന്നാണ് വിവരം. ഇതോടനുബന്ധിച്ചു പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസും നിലവിലുണ്ട്. ഈ കേസിൽ ആണ് മുഹമ്മദ് റിയാസ് ഹാജരായികൊണ്ടിരിക്കുന്നത്. ഇതിലും സമാനമായ വിധിക്ക് സാധ്യത ഉണ്ടെന്നാണ് സൂചന.