ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ അതിശക്തമായ ത്രികോണപോരാണ് നടന്നത്. അതുകൊണ്ട് തന്നെ ആരു ജയിച്ചാലും ചെറിയ ഭൂരിപക്ഷം മാത്രം പ്രവചിക്കുന്നവരും ഉണ്ട്. ഇതിനിടെയാണ് പോസ്റ്റൽ വോട്ടുകൾ ചർച്ചയാകുന്നത്. വിജയിയുടെ ഭൂരിപക്ഷം 792 വോട്ടോ അതിൽ കുറവോ ആണെങ്കിൽ ഫലപ്രഖ്യാപനം നിയമയുദ്ധത്തിലേക്കു നീണ്ടേക്കും. തപാൽ ബാലറ്റ് വാങ്ങിയവരിൽ 792 പേരുടെ വോട്ട് തപാൽ സമരം കാരണം ഇതുവരെ തിരികെ എത്തിയിട്ടില്ല.

ഈ സാഹചര്യത്തിൽ തപാൽ വോട്ടുകൾ ഫലത്തെ സ്വാധീനിക്കുന്ന ഭൂരിപക്ഷമാണ് ഉണ്ടാകുന്നതെങ്കിൽ അത് വലിയ പ്രശ്‌നമായി മാറും. വോട്ടെണ്ണൽ ദിവസം രാവിലെ എട്ടുവരെ ലഭിക്കുന്ന തപാൽ വോട്ടുകളാണ് എണ്ണുക. അതിനുശേഷം കിട്ടുന്നവ പരിഗണിക്കില്ല. എന്നാൽ ഇവിടെ തപാൽ സമരമാണ് വില്ലനായത്. അതുകൊണ്ട് തന്നെ ഈ വോട്ടുകൾ ചെയ്തവർക്ക് നീതി നിഷേധമായി അത് മാറും. ഇത് തോൽക്കുന്നവർ ഉന്നയിക്കുകയും ചെയ്യും.

തപാൽവോട്ടിനായി ആകെ 797 ബാലറ്റുകളാണ് അയച്ചത്. ഇതിൽ തിരികെ ലഭിച്ചത് അഞ്ചെണ്ണം മാത്രം. ഒരെണ്ണം വോട്ടർ നേരിട്ട് എത്തിച്ചു, ബാക്കി നാലെണ്ണം തിരുവല്ല ആർഎംഎസ് ഓഫിസിൽ മുതിർന്ന ഉദ്യോഗസ്ഥർ ഇന്നലെ നടത്തിയ പരിശോധനയിൽ ലഭിച്ചു. മറ്റ് ആർഎംഎസ് ഓഫിസുകളിൽനിന്ന് ഇന്നു രാവിലെ എട്ടിനു മുൻപായി ഏതാനും തപാൽ വോട്ടുകൂടി ലഭിച്ചേക്കും. ഈമാസം 22 മുതൽ തപാൽ ജീവനക്കാർ നടത്തിവരുന്ന സമരം കാരണം മേഖല പൂർണ സ്തംഭനത്തിലാണ്.