- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് പോസ്റ്റൽ വോട്ട് തുടങ്ങി; ആദ്യദിനം കോവിഡ് രോഗികൾക്കും മുതിർന്ന പൗരന്മാർക്കും; പോളിങ് ഉദ്യോഗസ്ഥർ വീടുകളിലെത്തുക ദിവസവും സമയവും മുൻകൂട്ടി അറിയിച്ച്
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യപടിയായി പോസ്റ്റൽ വോട്ടുകൾ ആരംഭിച്ചു. ഭിന്നശേഷിക്കാർ, 80 വയസ്സ് കഴിഞ്ഞവർ, കോവിഡ് പോസിറ്റീവായവർ, ക്വാറന്റീനിൽ കഴിയുന്നവർ എന്നിവർക്കുള്ള തപാൽ വോട്ടെടുപ്പാണ് ഇന്നലെ തുടങ്ങിയത്.
ദിവസവും സമയവും മുൻകൂട്ടി അറിയിച്ച ശേഷമാണ് പോളിങ് ഉദ്യോഗസ്ഥർ വീടുകളിലെത്തിയത്. സൂക്ഷ്മ നിരീക്ഷകർ, 2 പോളിങ് ഉദ്യോഗസ്ഥർ, വിഡിയോഗ്രഫർ, പൊലീസ് എന്നിവരുൾപ്പെട്ടതാണു സംഘം. ഈ മാസം 17 വരെയുള്ള സമയത്തിനിടെ 4.02 ലക്ഷം പേരാണ് തപാൽ വോട്ടിന് അപേക്ഷിച്ചത്. ഇവർക്കെല്ലാം അനുവദിച്ചു. ഇവർക്ക് ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്യാനാകില്ല. തപാൽ വോട്ടുകൾ അതതു ദിവസം തന്നെ പോളിങ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട വരണാധികാരികൾക്ക് മടക്കി നൽകണം.
തപാൽ വോട്ട് ഇങ്ങനെ
പോളിങ് ഉദ്യോഗസ്ഥർ വീട്ടിലെത്തുന്ന ദിവസവും സമയവും എസ്എംഎസ്/തപാൽ/ബിഎൽഒ വഴി മുൻകൂട്ടി അറിയിക്കും. വോട്ടർമാർ തിരിച്ചറിയൽ കാർഡ് കരുതി വയ്ക്കണം.
പോളിങ് സംഘം വോട്ടറുടെ വീട്ടിലെത്തി ആദ്യം തിരിച്ചറിയൽ രേഖ പരിശോധിക്കും. തുടർന്ന് തപാൽ വോട്ട് പ്രക്രിയ വിശദീകരിക്കും. ഇതിനു ശേഷം ബാലറ്റ് പേപ്പർ, കവർ, പേന, പശ തുടങ്ങിയവ കൈമാറും.
പോസ്റ്റൽ വോട്ടിങ് കംപാർട്ട്മെന്റിൽ വച്ച് വോട്ടർ ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തണം. മറ്റാരും കാണരുത്. വോട്ടു ചെയ്യുന്നത് വിഡിയോയിൽ പകർത്തില്ല. തുടർന്ന് ബാലറ്റ് പേപ്പർ കവറിനുള്ളിലാക്കി ഒട്ടിച്ച് അപ്പോൾത്തന്നെ പോളിങ് ടീമിനെ തിരികെ ഏൽപ്പിക്കണം. തിരികെ ഏൽപ്പിക്കുന്നത് വിഡിയോയിൽ ചിത്രീകരിക്കും.
സ്ഥാനാർത്ഥിക്കോ ബൂത്ത് ഏജന്റ് ഉൾപ്പെടെയുള്ള അംഗീകൃത പ്രതിനിധികൾക്കോ വീടിനു പുറത്തുനിന്ന് തപാൽ വോട്ടെടുപ്പ് നിരീക്ഷിക്കാം.
കാഴ്ചപരിമിതിയുള്ളവർക്കും വോട്ട് ചെയ്യാൻ കഴിയാത്ത വിധം ശാരീരിക അസ്വസ്ഥതകൾ നേരിടുന്നവർക്കും മുതിർന്നയാളുടെ സഹായത്തോടെ വോട്ടു ചെയ്യാം.