അരൂർ: പത്തനാപുരത്തു സിനിമാതാരം ജഗദീഷിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ നടൻ സിദ്ദിഖിനെതിരെയും പോസ്റ്റർ. അരൂരിലാണു സിദ്ദിഖിനെതിരെ പോസ്റ്റർ ഉയർന്നത്.

സിദ്ദിഖിനെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലേക്ക് പരിഗണിക്കുന്നതായ വാർത്തകൾക്കിടെയാണു അരൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സിദ്ദിഖിന് ഗോബാക്ക് വിളിക്കുന്ന പോസ്റ്ററിൽ സിനിമാക്കാരെ സിനിമയിലേക്ക് അയക്കുക എന്നും എഴുതിയിട്ടുണ്ട്.

പോസ്റ്ററുകൾ പൗരസമിതിയുടെ പേരിലാണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മണ്ഡലത്തിലെ ചന്തിരൂർ, കുത്തിയതോട്, തുറവൂർ, പള്ളിപ്പുറം പ്രദേശങ്ങളിലാണ് കാണപ്പെട്ടത്. തുറവൂരിൽ കെപിസിസി സെക്രട്ടറി അബ്ദുൽ ഗഫൂർ ഹാജിയുടെ വീടിന് ചുറ്റും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.

സിദ്ദിഖിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ കെപിസിസി ഇതുസംബന്ധിച്ച് ചർച്ചയൊന്നും നടത്തിയിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എ.എ.ഷുക്കൂർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഷുക്കൂറിന്റെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് കെപിസിസി പ്രസിഡന്റ് വി എം.സുധീരനും രംഗത്തെത്തി.

പത്തനാപുരത്ത് ഗണേശ് കുമാറിനെതിരേ നടൻ ജഗദീഷിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ജഗദീഷിനെതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസിന്റെ പേരിലായിരുന്നു പോസ്റ്റർ. എന്നാൽ, യൂത്ത് കോൺഗ്രസ് നേതൃത്വം പിന്നീട് ഇക്കാര്യം നിഷേധിച്ചു.