- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യാനിക്കോട്ട ഖനന നീക്കം: സി പി എമ്മിനെതിരെ മാവോയിസ്റ്റ് പോസ്റ്റർ; പോസ്റ്ററിൽ നിറയുന്നത് വള്ളത്തിന്റെയും മണ്ണിന്റെയും അവകാശികളെ ചവിട്ടി പുറത്താക്കി എല്ലാം കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്ന മോദി -പിണറായി കൂട്ടുകെട്ടിനെ തിരിച്ചറിയുക, പയ്യാനി കോട്ടമല ഇടിച്ചുനിരത്താനും പ്രദേശത്തെ തകർക്കാൻ അനുവദിക്കില്ല എന്നീ മൂദ്രാവാക്യങ്ങൾ;പോസ്റ്ററുകൾ പതിച്ചത് ചക്കിട്ടപ്പാറ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ: സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: പയ്യാനിക്കോട്ട ഖനന നീക്കത്തിൽ സി പി എമ്മിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മാവോയിസ്റ്റ് പോസ്റ്ററുകൾ. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ നാലാം ബ്ലോക്കിന് സമീപം പുഷ്പഗിരി മുക്കിലും ഉദയഗിരിയിലും ആണ് ഇന്ന് പോസ്റ്ററുകൾ പതിച്ചത് കണ്ടത്. പുഷ്പഗിരി മുക്കിലെ നിരവേൽ പെട്ടിക്കടയുടെ ഭിത്തികളിലും മറയിലും സമീപത്തെ വാഹന കാത്തിരിപ്പ് കേന്ദ്രത്തിലും റോഡിന്റെ ഉദ്ഘാടന ശിലാഫലകത്തിലും എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡിലും ഇലക്ട്രിക് പോസ്റ്റുകളിലും ആണ് പോസ്റ്ററുകൾ പതിപ്പിച്ചിരുന്നത്. സിപിഐ (മാവോയിസ്റ്റ്) ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ കണ്ടെത്തിയത്.
രാവലെ ഉടമ കട തുറക്കാൻ എത്തിയപ്പോഴാണ് പോസ്റ്റർ ശ്രദ്ധയിൽ പെടുന്നത്. ഉദയഗിരിയിലെ ഏഴോളം വീടുകളിൽ രാത്രിയിൽ ലഘുലേഖ വിതരണം ചെയ്തതായും പറയുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ഗ്രാമപഞ്ചായത്തിലെ സീതപ്പാറ മേഖലയിൽ അഞ്ചംഗ മാവോയിസ്റ്റുകൾ ഒരു വീട്ടിലെത്തി അരിയും മറ്റ് സാധനങ്ങളും വാങ്ങി വനത്തിലേക്ക് തിരികെ പോയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട്ടും മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയിൽ പെട്ടിരിക്കുന്നത്.
പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന് പരിധിയിൽപെട്ട സ്ഥലമാണ് മുതുകാട്. മുതുകാടും സീതപ്പാറയും വയനാട് മലനിരകളോട് ഏറെ അടുത്ത് കിടക്കുന്ന സ്ഥലമാണ്. ഇവിടുന്ന് മൂന്നാം ബ്ലോക്ക് സീതപ്പാറ വഴി വയനാട്ടിലേക്ക് ആറു കിലോമീറ്റർ മാത്രമേ ദൂരം ഉള്ളൂ. രാത്രി 12 മണി വരെ ഇവിടെ ആളുകൾ ഉണ്ടായിരുന്നു. അതിന് ശേഷമാണ് പോസ്റ്റർ പതിച്ചതെന്ന് കരുതുന്നു. പേരാമ്പ്ര ഡിവൈഎസ്പി ജയൻ ഡൊമിനിക്കിന്റെയും പെരുവണ്ണാമൂഴി പൊലീസ് ഇൻസ്പക്ടർ ഇ അനൂപ് കുമാർ, സബ്ബ് ഇൻസ്പക്ടർ പി വി പ്രശോഭ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും തണ്ടർ ബോൾട്ടും എത്തി പരിശോധന നടത്തി പോസ്റ്ററുകൾ നീക്കം ചെയ്തു. സംഭവത്തിൽ പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തു.
വെള്ളത്തിന്റെയും മണ്ണിന്റെയും അവകാശികളെ ചവിട്ടി പുറത്താക്കി എല്ലാം കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്ന മോദി -പിണറായി കൂട്ടുകെട്ടിനെ തിരിച്ചറിയുക. പയ്യാനി കോട്ടമല ഇടിച്ചുനിരത്തി പരിസ്ഥിതിയും കാർഷികവുമായി തന്ത്രപ്രധാനമായ പ്രദേശത്തെ തകർക്കാൻ അനുവദിക്കില്ല തുടങ്ങിയ പരാമർശങ്ങളാണ് പോസ്റ്ററുകളിലും ലഘുലേഖകളിലുളുള്ളത്. പയ്യാനിക്കോട്ട ഇരുമ്പ് അയിര് ഖനനത്തിനെതിരെയാണ് പ്രധാനമായും പോസ്റ്റർ.
ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് പ്രദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടും പ്രകൃതി ദത്തമായ മല ഇടിച്ചു നിരത്തിയും പാരിസ്ഥിതികവും കാർഷികവുമായി തന്ത്രപ്രധാനമായ ഈ പ്രദേശത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഘനന മാഫിയയും ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ വിടുനായയുമായ ബെല്ലാരി റെഡ്ഢിക്ക് തീറെഴുതി കൊണ്ട് സംസ്ഥാന സർക്കാറും പഞ്ചായത്ത് ഭരണ സമിതിയും അയാളെ ചുവപ്പ് പരവധാനി വിരിച്ച് ഇവിടേക്ക് ആനയിച്ചിരിക്കുകയാണ്. എല്ലാ സർക്കാർ സംവിധാനങ്ങളിൽ നിന്നും അതിവേഗം പെർമിഷൻ വാങ്ങിയെടുക്കാൻ ഈ ഘനന രാജാവിന് ഒരു ബുദ്ധിമുട്ടും വേണ്ടിവന്നില്ല.
എല്ലാ രാഷ്ട്രീയ പാർട്ടികളും യാതൊരു ഉളുപ്പുമില്ലാതെ ഇയാൾക്ക് മുമ്പിൽ ഓച്ഛാനിച്ച് നിൽക്കുകയാണ്. ഇതിൽ ഏറ്റവും മുമ്പിൽ സി പി എം തന്നെയാണ്. കഴിഞ്ഞ ഇരുപത് വർഷമായി പഞ്ചായത്ത് ഭരിക്കുന്ന സി പി എം ഭരണമസിതി യാതൊരു എതിർപ്പുമില്ലാതെ പയ്യാനിക്കോട്ട മലനിരകളെ ബെല്ലാറി റെഡ്ഢിയുടെ കാൽക്കൽ അടിയറ വെക്കുകയായിരുന്നു. ഇത് മാത്രമല്ല സ്വന്തം സംഘടനാ സംവിധാനം ഉപയോഗിച്ച് റെഡ്ഡിക്ക് വേണ്ടി ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിലാണ് സി പി എം. ഇവരുടെ സംഘടിത ഗൂഢാലോചനയെ തിരിച്ചറിയണം. മണ്ണും പ്രകൃതി ദത്തമായ നമ്മുടെ നാടം ഇവർക്ക് വിട്ടുകൊടുക്കരുത്. ഇവരുടെ വാഗ്ദാനങ്ങൾ വെറും പൊള്ളയാണ്.
ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതിയെ വിശ്വസിച്ച് വഞ്ചിതരാവരുത്. ഇവർക്കിത് കോടികൾ കമ്മീഷൻ വാങ്ങാനുള്ള സാധ്യതകളാണ്. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സാധാരണ ജീവിതത്തിൽ നിന്നും ഇരുപത് വർഷത്തെ പഞ്ചായത്ത് ഭരണം കൊണ്ട് അലാവുദ്ധീനും അത്ഭുത വിളക്കും പോലെ കോടീശ്വരനായത് നമുക്കറിയാം. ഫാസിസത്തിനെതിരെ വാചാലരാവുന്ന സി പി എമ്മും സംസ്ഥാന സർക്കാറും ബിജെപിയുടെ ബി ടീമാണെന്ന നഗ്ന സത്യം ഇവിടെ തുറന്നു കാട്ടപ്പെടുകയാണ്. നാടിനെ ബെല്ലാരി റെഡ്ഡിക്ക് തീറെഴുതാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും ചെറുത്തു തോൽപ്പിക്കണമെന്നും സിപിഐ (മാവോയിസ്റ്റ്) ബാണാസുര ഏരിയാ കമ്മിറ്റി പോസ്റ്ററിൽ ആഹ്വാനം ചെയ്യുന്നു.