കൊച്ചി: വരാപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെന്ന നിലയിൽ പൊലീസ് പിടിച്ചുകൊണ്ടുപോയ ശ്രീജിത്തിന്റെ മരണത്തിന് കാരണമായ പരിക്കുകളേറ്റത് പൊലീസ് മർദ്ദനത്തിൽ തന്നെയെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ശ്രീജിത്തിന്റെ ശരീരത്തിൽ ഏറ്റ മുറിവുകൾക്ക് രണ്ടുദിവസത്തെ പഴക്കമാണ് ഉള്ളതെന്നും മരണ കാരണം ആന്തരിക രക്തസ്രാവമാണെന്നും വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. ആന്തരിക അവയവങ്ങൾക്ക് മുറിവേറ്റത് പൊലീസ് കസ്റ്റഡിയിൽ ഉള്ളപ്പോൾ തന്നെയാണ് എന്ന് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനകൾ. അതേസമയം ശ്രീജിത്ത് തന്റെ പിതാവിനെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകൻ വിനീഷ് വ്യക്തമാക്കി. എന്നാൽ ഇത് തള്ളി പൊലീസും രംഗത്തെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തവർക്കെതിരെയാണു നടപടി. ശ്രീജിത്തിന്റെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആലുവ റൂറൽ എസ്‌പി അറിയിച്ചു. കളമശ്ശേരി എആർ ക്യാമ്പിലെ പൊലീസുകാരായ ജിതിൻരാജ്, സുമേഷ്, സന്തോഷ് കുമാർ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തിട്ടുള്ളത്.

ശ്രീജിത്തിന്റെ മൃതദേഹവുമായി ബിജെപി നടത്തിയ ദേശീയപാത ഉപരോധം പിന്നീട് അവസാനിപ്പിച്ചു. നടപടികൾ ജില്ലാ കലക്ടർ വിശദീകരിച്ചതിനെ തുടർന്നാണ് ഉപരോധം അവസാനിച്ചത്. പൊലീസ് സ്റ്റേഷൻ മാർച്ച് നടത്താനുള്ള തീരുമാനവും ബിജെപി ഉപേക്ഷിച്ചു. കുറ്റവാളികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണം, കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, ഒരംഗത്തിനു ജോലി നൽകണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു ബിജെപി ഉപരോധം തുടങ്ങിയത്.

ശ്രീജിത്തിന്റെ ദേഹത്ത് പരിക്കുകൾ ഏറ്റതും ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതും പൊലീസ് കസ്റ്റഡിയിലുള്ള സമയത്താണെന്ന് ഉറപ്പുവരുത്തുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുറിവുകൾ ആയുധം ഏറ്റുള്ളതല്ലെന്നും മർദ്ദത്തിലൂടെ ഉണ്ടായതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ക്ഷതമേറ്റ മസിലുകൾ വിശദ പരിശോധനയ്ക്ക് അയച്ചു. എറണാകുളം വരാപ്പുഴ ദേവസ്വംപാടം ഷേണായിപ്പറമ്പിൽ എസ്.ആർ. ശ്രീജിത്താണ് (26) കസ്റ്റഡി മരണത്തിന് ഇരയായത്. അതേസമയം, ഒരു നിരപരാധിയെ പൊലീസ് പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് വ്യക്തമായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ കഴിഞ്ഞ് വൈകുന്നേരത്തോടെ വരാപ്പുഴയിൽ എത്തിച്ചു. വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. പൊലീസിന് എതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. വലിയ പ്രതിഷേധ യോഗവും പൊലീസിനെതിരെ വരാപ്പുഴയിൽ നടന്നു. 

കഴിഞ്ഞ ആറാം തിയതി ഉച്ചയ്ക്ക് വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടത്തിൽ വാസുദേവന്റെ വീടാക്രമിച്ച കേസിലെ പ്രതിയെന്ന നിലയിലാണ് ശ്രീജിത്ത് ഉൾപ്പെടെ പത്തംഗ സംഘത്തെ വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് രാത്രി പത്തരയ്ക്ക് അറസ്റ്റ് നടന്നു. അതായത് വെള്ളിയാഴ്ച. ഞായറാഴ്ച പുലർച്ചെ 3.54 ന് ശ്രീജിത്തുമായി പൊലീസ് ആസ്റ്റർ മെഡ്സിറ്റിയിലെത്തിയത്. അതായത് പൊലീസ് കസ്റ്റഡിയിലെ മർദ്ദനമാണ് പ്രശ്നത്തിന് കാരണമെന്ന് വ്യക്തം. എന്നാൽ ശ്രീജിത്ത് ആക്രമിച്ച സംഘത്തിൽ ഇല്ലായിരുന്നു എന്ന് മരണമടഞ്ഞ് വാസുദേവന്റെ മകനും മൊഴിനൽകിയിരുന്നു. ഇതോടെ പൊലീസ് ശ്രീജിത്തിനെ ആളുമാറി പിടിച്ചുകൊണ്ടുപോവുകയും ക്രൂരമായി മർദ്ദിക്കുകയും ആയിരുന്നു എന്ന ആരോപണം ശക്തമായി.

എന്നാൽ ഇതിന് പിന്നാലെ വിനീഷ് ആദ്യം തന്ന മൊഴിയിലും ഇപ്പോൾ പറയുന്നതിലും വൈരുദ്ധ്യമുണ്ടെന്ന് വ്യക്തമാക്കി പൊലീസും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ശ്രീജിത്തിനെ മർദ്ദിച്ചുകൊന്നു എന്ന ആരോപണത്തിൽ മാത്രം പൊലീസിന് മിണ്ടാട്ടമില്ല. ശ്രീജിത്ത് തന്നെയാണ് പ്രതിയെന്ന് വിനീഷ് ശ്രീജിത്തിന്റെയും മറ്റു പ്രതികളുടേയും സാന്നിധ്യത്തിൽ മൊഴി നൽകിയെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. ശ്രീജിത്ത് കേസിൽ പ്രതിയാണെന്നും അവർ ആവർത്തിക്കുന്നു. വിനീഷ് ഇന്ന് നടത്തിയ വെളിപ്പെടുത്തലും നേരത്തെ നൽകിയ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. ശ്രീജിത്തും സഹോദരനുമാണ് വീടാക്രമിച്ചതെന്നായിരുന്നു വിനീഷ് നേരത്തെ നൽകിയ മൊഴിയെന്നും ശ്രീജിത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിനീഷ് മൊഴി നൽകിയതെന്നും പൊലീസ് വ്യക്തമാക്കി.

തന്നെ വീടുകയറി ആക്രമിച്ചതിൽ മനംനൊന്ത് വാസുദേവൻ വീടിനുള്ളിൽ തൂങ്ങി മരിച്ച കേസുമായി ബന്ധപ്പെട്ടാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഈ കേസിൽ പന്ത്രണ്ടാം പ്രതിയാണ് ശ്രീജിത്ത് എന്ന് പൊലീസ് പറയുന്നു. എന്നാൽ ശ്രീജിത്തിന് സംഭവത്തിൽ ഒരു പങ്കും ഉണ്ടായിരുന്നില്ല എന്ന വിവരമാണ് പിന്നീട് പുറത്തുവന്നത്. പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ മർദ്ദനമേറ്റിരുന്ന ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു. വയറ്റിലും നെഞ്ചിലും ഇടിയേറ്റ ക്ഷതങ്ങളുണ്ട്. വയറിലെ രക്തസ്രാവവും അണുബാധയും കുടലിനേറ്റ മുറിവുമാണ് മരണകാരണമായി മാറിയതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പറയുന്നു.

അതുകൊണ്ട് തന്നെ കസ്റ്റഡി മരണം അല്ലെന്നും വരുത്താനാണ് ശ്രമം. വീടാക്രമണത്തിനിടെ ശ്രീജിത്തിന് മർദ്ദനമേറ്റുവെന്നും അതാണ് മരണ കാരണമെന്നും പൊലീസ് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. എന്നാൽ വീടാക്രമണത്തിൽ പോലും ശ്രീജിത്ത് പങ്കാളിയായിരുന്നില്ല. ശ്രീജിത്തിന്റെ അനുജൻ സജിത്തായിരുന്നു സംഘത്തിലുണ്ടായിരുന്നത്. സജിത്തിനെ പിടികൂടാനെത്തിയ പൊലീസ് വീട്ടിലുണ്ടായിരുന്ന ശ്രീജിത്തിനേയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

സംഭവ ദിവസം രാത്രി ഇവരുടെ വീട്ടിലെത്തിയ മഫ്തി പൊലീസ് ,ഉറങ്ങിക്കിടന്ന ഇരുവരെയും പിടികൂടുമ്പോൾ ജ്യേഷ്ഠൻ ശ്രീജിത്ത് പ്രതിയല്ലെന്ന് സജിത്ത് വിളിച്ചു പറഞ്ഞിരുന്നു. അത് ചെവിക്കൊള്ളാതെ ശ്രീജിത്തിനെ വലിച്ചിഴച്ച് ബൂട്ടിന് ചവിട്ടിയാണ് പൊലീസുകാർ വാഹനത്തിൽ കയറ്റിയത്. വയറിന് ക്രൂരമായി മർദ്ദിക്കുന്നത് കണ്ടെന്ന് ഭാര്യ അഖിലയുടെ മൊഴിയുണ്ട്.

വയറുവേദന, മൂത്രതടസം, ഛർദ്ദിൽ എന്നിവയാണ് കാരണങ്ങളായി പൊലീസ് നിരത്തിയത്. അത്യാഹിത വിഭാഗത്തിലെ പരിശോധനയിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതമേറ്റെന്ന് വ്യക്തമായി. ഇതോടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി വെന്റിലേറ്ററിലേക്ക് മാറ്റി. രാത്രി ഏഴു മണിയോടെ മരണം സംഭവിച്ചു. വൻ കുടലിനും ചെറുകുടലിനും ഗുരുതരമായ ക്ഷതമേറ്റെന്ന് ഡോക്ടർമാർ വിലയിരുത്തി. വൻകുടൽ പൊട്ടി ഭക്ഷണപദാർത്ഥങ്ങൾ രക്തത്തിലേക്ക് കലർന്നു. ഇതുമൂലമുള്ള അണുബാധ കിഡ്നി, കരൾ എന്നിവയിലേക്ക് ബാധിച്ചു. ടൈൽ പണിക്കാരനാണ് ശ്രീജിത്ത്. അഖില ഭാര്യ. മൂന്നു വയസുള്ള ആര്യനന്ദ മകൾ.

ആശുപത്രിയിലായപ്പോൾ ആരും ലോക്കപ്പ് മർദ്ദനത്തെ പറ്റി പരാതി പറഞ്ഞില്ലെന്നാണ് റൂറൽ എസ് പിയുടെ വാദം. എന്നാൽ പരാതി പറഞ്ഞിരുന്നുവെന്നും അത് ആരും ഗൗനിച്ചില്ലെന്നും ശ്രീജിത്തിന്റെ കുടുംബം പറയുന്നു. മരിച്ചതോടെ മനുഷ്യാവകാശ കമ്മീഷൻ എത്തി. ഇതോടെ വിഷയം മാധ്യമ ശ്രദ്ധയിലുമെത്തി. പൊലീസ് മർദ്ദനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. ശ്രീജിത്തിന്റെ ഭാര്യയോടും ബന്ധുക്കളോടും സംസാരിച്ചതിൽനിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് കമ്മീഷൻ പറഞ്ഞു. ശ്രീജിത്തിനെ മഫ്തിയിലെത്തിയ പൊലീസ് സംഘം പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞിരുന്നു.

വയറിന് വേദനയുണ്ടെന്ന് ശ്രീജിത്ത് തുടർച്ചയായി പരാതിപ്പെട്ടിട്ടും പൊലീസ് കാര്യമാക്കിയില്ല. രാവിലെ സ്റ്റേഷനിൽ ചെന്ന അമ്മ ശ്രീകലയെയും ബന്ധുവിേനൊടും പൊലീസ് പരുഷമായി പെരുമാറിയെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. അതിനിടെ ശ്രീജിത്ത് കസ്റ്റഡിയിലായിരിക്കെ മരിച്ച സംഭവത്തോടെ കൂട്ടുപ്രതികളുടെ ബന്ധുക്കളും ആശങ്കയറിച്ച് രംഗത്തെത്തി. ശ്രീജിത്തിന്റെ ഒപ്പം അറസ്റ്റിലായവർക്കും ഗുരുതരമായ മർദ്ദനം ഏറ്റതായി ബന്ധുക്കൾ പ്രതികരിച്ചു.