മലപ്പുറം: ശരീരത്തിനു മുന്നിലും പിന്നിലുമായി ഒമ്പത് വെടിയുണ്ടകൾ തുളച്ചുകയറിയെന്ന് വ്യക്തമാക്കി നിലമ്പൂർ കരുളായി വനമേഖലയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്.ശരീരത്തിന്റെ മുന്നിൽ നിന്നും പിന്നിൽ നിന്നും വെടിയുണ്ടകൾ തുളച്ചുകയറിയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആദ്യം ശരീരത്തിന്റെ മുൻഭാഗത്ത് ഇടതുവശത്തായി നാലു ബുള്ളറ്റുകളും പിൻഭാഗത്ത് വലതുവശത്തായി അഞ്ചു ബുള്ളറ്റുകളും തുളച്ചുകയറിയതായാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം പൊലീസ് നേരത്തേ സൂചിപ്പിച്ചിരുന്ന രീതിയിൽ ഏറ്റുമുട്ടലിനെ ന്യായീകരിക്കുന്ന വാദമാണിതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കുപ്പുരാജിനേയും അജിതയേയും പിടികൂടിയ ശേഷം വെടിവച്ചുകൊല്ലുകയായിരുന്നുവെന്നും പൊലീസ് നിലമ്പൂർ കാടുകളിൽ നടത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്നും ആരോപിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മാവോയിസ്റ്റ് അനുകൂലികളും രംഗത്തെത്തിയിരുന്നു. എ്ന്നാൽ ഇതിനെ തള്ളുന്ന വിധത്തിലുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇതോടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പൊലീസിനെ ന്യായീകരിക്കാൻ കൃത്രിമം കാണിച്ചുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

പിടികൂടിയ ശേഷം അടുത്തുനിന്ന് (പോയിന്റ് ബഌങ്ക്) വെടിവച്ചുകൊന്നതാണെന്ന ആക്ഷേപമാണ് ആദ്യം ഉയർന്നിരുന്നത്. ഇത്തരത്തിൽ വെടിവച്ചാണ് കൊന്നതെങ്കിൽ മുറിവുകൾക്കു ചുറ്റും കറുത്ത പാടുകൾ ഉണ്ടാകുമായിരുന്നു. അത്തരം ലക്ഷണങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിലില്ല. അതിനാൽത്തന്നെ ദൂരെനിന്ന് ഉതിർത്ത വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഏക്‌സ് റേയിൽ വ്യക്തമായത് ശരീരത്തിൽ ഏഴു ബുള്ളറ്റുകൾ ഉണ്ടെന്നാണ്. ഇതിൽ നാലെണ്ണം പുറത്തെടുത്ത് പരിശോധിച്ചതായും കണ്ടെത്തിയ ബുള്ളറ്റുകളെല്ലാം സമാന സ്വഭാവം പുലർത്തുന്നവയാണെന്നും പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തലായി വ്യക്തമാക്കിയിട്ടുണ്ട്. ശരീരത്തിന്റെ മുൻവശത്ത് ഇടതുഭാഗത്തായാണ് ആദ്യം വെടിയെറ്റതെന്നും ഹൃദയവും ശ്വാസകോശങ്ങളും ഡയഫ്രവും തുളച്ചുകയറിയ വെടിയുണ്ടകളാണ് മരണകാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു.

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് ഏറ്റുമുട്ടലിലൂടെ ആണെന്നായിരുന്നു തുടക്കം മുതൽ പൊലീസ് വാദിച്ചത്. എന്നാൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവുമായി മനുഷ്യാവകാശ പ്രവർത്തകരും ചില മാവോയിസ്റ്റ് നേതാക്കളും രംഗത്തെത്തി. കഴിഞ്ഞ മാസം 24 നാണ് നിലമ്പൂരിലെ കരുളായി വനത്തിൽ നടന്ന പൊലീസ് വേട്ടയിൽ മാവോയിസ്റ്റുകളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത്.

ഇവരുടെ മൃതദേഹത്തിലെ വസ്ത്രങ്ങളിൽ രക്തമോ, ബുള്ളറ്റുകൾ തുളച്ചുകയറിയ പാടോ ഇല്ലായിരുന്നുവെന്നും ഇത്തരം പ്രാഥമിക കാര്യങ്ങൾ പോലും വ്യാജ ഏറ്റുമുട്ടലിനെ ന്യായീകരിക്കുന്നതായും ആരോപണമുയർന്നു. പ്രാദേശിക പത്രലേഖകരെ വിളിച്ച് രക്ഷപ്പെട്ട മാവോയിസ്റ്റുകളിൽ ചിലർ തന്നെ രോഗബാധിതരായി കിടന്ന ദേവരാജിനെയും അജിതയെയും പൊലീസ് പിടികൂടി കൊല്ലുകയായിരുന്നുവെന്ന് പറഞ്ഞതായും വാർത്തകൾ വന്നു.

ഏതായാലും പൊലീസ് പറഞ്ഞ വിവരങ്ങൾക്ക് യോജിക്കും വിധത്തിലാണ് പോസ്റ്റുമോർട്ടമെന്നത് ചർച്ചയായിട്ടുണ്ട്. ഇതോടെ റീപോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് കുപ്പുദേവരാജിന്റെയും അജിതയുടേയും ബന്ധുക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. കൊല്ലപ്പെട്ട കുപ്പുദേവരാജിന്റെ സഹോദരൻ ശ്രീധരനാണ് ഹർജിക്കാരൻ. വാദിഭാഗത്തിന് വേണ്ടി അഡ്വ പിഎ കോടതിയിൽ ഹാജരാകും. മഞ്ചേരി മെഡിക്കൽ കോളേജിലോ നിലമ്പൂർ താലൂക്ക് ആശുപത്രിയിലോ മൃതദേഹം സൂക്ഷിക്കാൻ അനുമതി നൽകണമെന്നും ബന്ധുക്കൾ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. മഞ്ചേരി ജില്ലാ സെഷൻസ് കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ അസ്വഭാവികതകൾ ഏറെയുള്ള പശ്ചാത്തലത്തിലാണ് ബന്ധുക്കൾ റീപോസ്റ്റ്‌മോർട്ടം എന്ന ആവശ്യം മുന്നോട്ട് വച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നുണ്ട്.