- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്റ് മോർട്ടം നടത്താതെ മൃതദേഹം വിട്ടുനൽകി; ഖബറടക്കം നടത്തുന്നതിനിടെ ആശുപത്രിയിൽ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ വാങ്ങി; തൃശൂരിൽ മെഡിക്കൽ കോളേജിലേത് ഗുരുതര വീഴ്ച; മന്ത്രി റിപ്പോർട്ട് തേടി; അന്വേഷണം
തൃശൂർ: വാഹനാപകടത്തിൽ മരിച്ചയാളുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽനിന്നു പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുനൽകിയത് ഗുരുതര വീഴ്ച. വടക്കാഞ്ചേരി ഒന്നാം കല്ല് സ്വദേശി യൂസഫിന്റെ (46) മൃതദേഹത്തോടാണ് അനാസ്ഥ കാണിച്ചത്. തുടർന്നു മൃതദേഹം തിരികെയെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി. സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് ഇതുസംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. വീഴ്ചവരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി.
ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം. ബൈക്ക് നിയന്ത്രണം വിട്ടതിനെ തുടർന്നുണ്ടായ അപകടത്തിൽ ജൂൺ എട്ടിനാണ് യൂസഫ് മരിച്ചത്. അപകടത്തിൽ നഷ്ടപരിഹാരം ഉൾപ്പെടെ ലഭിക്കാൻ പോസ്റ്റ്മോർട്ടം ആവശ്യമായിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം ചെയ്യാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും പിന്നീട് വീഴ്ച മനസ്സിലാക്കി തിരികെ വാങ്ങുകയുമായിരുന്നു.
ഖബറടക്കത്തിന് വിട്ടുകൊടുത്ത മൃതദേഹം മെഡിക്കൽ കോളേജ് അധികൃതർ തിരിച്ചുവാങ്ങിയത് പോസ്റ്റ്മോർട്ടം നടത്താതിരുന്നതിനാലാണെന്ന് തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. ബന്ധുക്കൾ മൃതശരീരം പള്ളിയിലെത്തിച്ച് ഖബറടക്കം നടത്തുന്നതിനിടെയാണ് ആശുപത്രിയിൽ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ വാങ്ങിയത്.
ഇന്നലെയാണ് യൂസഫിന്റെ മരണം സംഭവിച്ചത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പോസ്റ്റ്മോർട്ടം നടപടികൾ ഇല്ലാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. രാവിലെ ഡ്യൂട്ടി ഡോക്ടർ എത്തിയപ്പോഴാണ് പോസ്റ്റ്‌മോർട്ടം നടത്തിയില്ലെന്നും മൃതദേഹം ബന്ധുക്കൾ കൊണ്ടുപോയെന്നും അറിഞ്ഞത്. ഇതോടെ മെഡിക്കൽ കോളേജ് അധികൃതർ മരിച്ചയാളുടെ ബന്ധുക്കളെ ബന്ധപ്പെട്ടു.
യൂസഫിന്റെ ഖബറടക്കത്തിനുള്ള ഒരുക്കത്തിലായിരുന്നു ബന്ധുക്കളപ്പോൾ. ജനപ്രതിനിധികൾ ഇടപെട്ടതോടെ ബന്ധുക്കൾ മൃതദേഹം വിട്ടുനൽകുകയായിരുന്നു. ഇതോടെയാണ് ആശുപത്രിയിൽ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ കൊണ്ടുപോയത്. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടി. ഇതിന് പിന്നാലെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അടങ്ങിയ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിഴവ് വരുത്തിയവർക്കെതിരെ നടപടിയുണ്ടാകും. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം വീണ്ടും ബന്ധുക്കൾക്ക് വിട്ടുനൽകി ശവസംസ്‌കാര ചടങ്ങ് നടത്തുകയും ചെയ്തു.
ഇക്കഴിഞ്ഞ ജൂൺ എട്ടിന് രാത്രി വടക്കാഞ്ചേരി കാഞ്ഞിരക്കോട് എ എച്ച് റീജൻസിക്ക് സമീപത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു യൂസഫിന് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ യൂസഫിനെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പ്രതാപ് സോമസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ തെളിവെടുപ്പ് നടത്തും. അപകടത്തിൽ പരിക്കേറ്റ യൂസഫ് ഓർത്തോ വിഭാഗത്തിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ