തിരുവനന്തപുരം: ഭാര്യയുടെ ഗർഭത്തിൽ സംശയം പ്രകടിപ്പിച്ച് ഭർത്താവ് പൊലീസിൽ നൽകിയ പരാതിയിൽ കുടുങ്ങിയത് ആത്മാർത്ഥ സുഹൃത്ത്. എന്നാൽ താനല്ല ഗർഭത്തിനുത്തരവാദി എന്ന് പറഞ്ഞ് സുഹൃത്ത് കൈയൊഴിഞ്ഞപ്പോൾ ഡി.എൻ.എ ടെസ്റ്റ് നടത്താൻ പൊലീസ്. ഇന്നലെയാണ് പോത്തൻ കോട് പൊലീസ് സ്റ്റേഷനിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പോത്തൻ കോട് സ്വദേശിയായ യുവാവ് തന്റെ ഭാര്യയുടെ ഗർഭത്തിൽ സംശയമുണ്ടെന്നും അതാരാണ് എന്ന് കണ്ടു പിടിക്കണം എന്ന പരാതിയുമായി എത്തിയത്. പരാതി കണ്ട് ആദ്യം പൊലീസ് അമ്പരന്നെങ്കിലും യുവാവിന്റെ വാദങ്ങൾക്ക് ശേഷം യുവതിയെ വിളിച്ചു വരുത്തി. യുവതിയെ വനിതാ പൊലീസ് ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അയൽവാസിയായ ഭർത്താവിന്റെ സുഹൃത്ത് ആണ് ഗർഭത്തിനുത്തരവാദി എന്ന് വെളിപ്പെടുത്തിയത്. ഇതിനെ തുടർന്ന് അയാളെ പൊലീസ് വിളിച്ചു വരുത്തിയെങ്കിലും ഇയാൾ സംഭവം നിഷേധിച്ചു. എന്നാൽ യുവതി പറഞ്ഞ മൊഴിയിൽ തന്നെ ഉറച്ചു നിൽക്കുന്നചതിനാൽ ഒടുവിൽ പൊലീസ് സംഭവത്തിൽ കേസെടുക്കുകയായിരുന്നു.

യുവതിയുടെ ഭർത്താവിന് തട്ടിന്റെ പണിയാണ്. അയൽവാസിയും സുഹൃത്തിന് ടൈലിന്റെ ജോലിയും. ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നതിനാൽ യുവതിയുടെ ഭർത്താവ് സുഹൃത്തിനെ ദിവസവും വീട്ടിൽ വിളിച്ചു വരുത്തി മദ്യപിക്കുന്നത് പതിവായിരുന്നു. വീട്ടിലെ നിത്യ സന്ദർശ്ശകനായതോടെ യുവതിയും ഇയാളും തമ്മിൽ അടുത്തു. പരസ്പരം മൊബൈൽ നമ്പറുകൾ കൈമാറുകയും സ്ഥിരം ഫോൺ വിളി തുടങ്ങുകയും ചെയ്തു. പലപ്പോഴും ഭർത്താവ് ജോലിക്ക് പോകുന്ന സമയം ഇയാൾ യുവതിയുടെ വീട്ടിലെത്തി പോകുന്നത് പതിവായിരുന്നു. ഇതിനിടയിലാണ് താൻ ഗർഭിണിയായത് എന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.

കഴിഞ്ഞ ദിവസമാണ് ഭാര്യ ഗർഭിണിയാണെന്നുള്ള വിവരം ഭർത്താവ് അറിയുന്നത്. ശാരീരിക അവശതകൾ മോശമായതിനെ തുടർന്ന് ഭർത്താവ് തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. തൽക്കാലത്തേക്ക് കുട്ടികൾ ഒന്നും ഇപ്പോൾ വേണ്ട എന്ന് ഇരുവരും തീരുമാനമെടുത്തിരുന്നു. കാരണം യുവതിക്ക് 20 വയസ്സുള്ളപ്പോൾ ഒരു കുട്ടി ജനിച്ചിരുന്നു. കുട്ടിക്ക് അംഗവൈകല്യം ഉണ്ടായിരുന്നു. ഗർഭിണിയാകാനുള്ള ശാരീരിക ക്ഷമത ഇല്ലാത്ത സമയം കുഞ്ഞുണ്ടായതാണ് കാരണം എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.

അതിനാൽ മൂന്ന് വർഷങ്ങൾക്ക് ശേഷമേ ഇനി കുട്ടികൾ പാടുള്ളൂ എന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് ഭർത്താവ് വേണ്ട മുൻ തരുതലുകൾ എടുത്തിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഭാര്യ ഗർഭിണിയായതിൽ സംശയം തോന്നി. ഭാര്യയോട് വിവരം ചോദിച്ചിട്ട് ഒന്നും പറയാതിരുന്നതോടെയാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. പരാതിയെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ആളെ കണ്ട് ഞെട്ടിയിരിക്കുകയാണ് യുവതിയുടെ ഭർത്താവ്.

അതേ സമയം യുവതിയുടെ ആരോപണം ഭർത്താവിന്റെ തള്ളി. താനല്ല ഗർഭത്തിനുത്തരവാദി എന്നാണ് ഇയാൾ പറയുന്നത്. എന്നാൽ ഇയാൾ യുവതിയുടെ വീട്ടിൽ സ്ഥിരം സന്ദർശ്ശകനാണെന്ന് നാട്ടുകാർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. യുവതിയുടെ മൊഴി കൂടി കണക്കിലെടുത്താണ് ഇപ്പോൾ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഗർഭത്തിനുത്തരവാദി അല്ല എന്ന് പറഞ്ഞ സാഹചര്യത്തിൽ പൊലീസ് ഡി.എൻ.എ പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. ഭർത്താവ് പരാതിയിൽ ഉറച്ചു നിൽക്കുന്നതിനാലാണ് പൊലീസ് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ കാരണം.

ഈ കേസിൽ കൂടുതൽ അന്വേഷണം നടത്തുവാനും നടപടികൾക്കുമായി കേസ് ആറ്റിങ്ങൽ ഡി.വൈ.എസ്‌പിക്ക് കൈമാറിയിരിക്കുകയാണ്. പീഡനക്കേസ് മാത്രമല്ല 22 വയസ്സുള്ള യുവതി എസ്.സി വിഭാഗത്തിലുള്ളതായതിനാൽ എസ്.സി,എസ്.ടി ആക്ട് കൂടി ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ വിവരങ്ങളെല്ലാം കൈമാറിയ ശേഷം ഡി.എൻ.എ പരിശോധന നടത്തുമെന്ന് ആറ്റിങ്ങൾ ഡി.വൈ.എസ്‌പി പറഞ്ഞു.