തിരുവനന്തപുരം: കൈകാലുകൾ വെട്ടി മാറ്റി കാൽ അര കി. മി.ദൂരെ ബൈക്കിൽ കൊണ്ടുപോയി വലിച്ചെറിഞ്ഞ് മൃഗീയമായി നടന്ന പോത്തൻകോട് സുധീഷ് കൊലക്കേസിന്റെ സൂത്രധാരൻ ഒട്ടകം രാജേഷിനെ കോടതിയിൽ ഹാജരാക്കാത്ത വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഷോക്കോസ് നോട്ടീസയച്ചു.

പ്രതിയെ ഹാജരാക്കാത്തതിന് സൂപ്രണ്ടിനെതിരെ കേസെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കാരണം കാണിക്കൽ നോട്ടീസ്. ജൂലൈ 21 നകം വിശദീകരണം ബോധിപ്പിക്കാനും പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.വി. ബാലകൃഷ്ണൻ ഉത്തരവിട്ടു. വിയ്യൂർ, പൂജപ്പുര സെൻട്രൽ ജയിലുകളിലായി കഴിയുന്ന ഒട്ടകം രാജേഷടക്കം 11 പ്രതികളെ ഹാജരാക്കാൻ കോടതി പ്രൊഡക്ഷൻ വാറണ്ട് അയച്ചിരുന്നു. എന്നാൽ വിയ്യൂർ സൂപ്രണ്ട് ഒട്ടകം രാജേഷിനെ ഹാജരാക്കുകയോ ഹാജരാക്കാൻ സാധിക്കാത്തതിന് കാരണം എഴുതി പ്രൊഡക്ഷൻ വാറണ്ട് കോടതിക്ക് മടക്കുകയോ ചെയ്യാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.

2021 ഡിസംബർ 11 പട്ടാപ്പകലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. പോത്തൻകോട് കല്ലൂർ കോളനിയിലെ വീട്ടിൽ ഉച്ചയ്ക്ക് 2.45 മണിക്കാണ് സുധീഷിനെ കൊലപ്പെടുത്തിയത്. രാജേഷടക്കം 11 പേർ 2 ബൈക്കുകളിലും ഓട്ടോറിക്ഷയിലുമായെത്തിയാണ് പ്രദേശവാസികളുടെയും പിഞ്ചു കുട്ടികളുടെയും മുന്നിലിട്ട് സുധീഷിനെ മൃഗീയമായി കൊലപ്പെടുത്തിയത്. ഊരുപൊയ്ക മങ്കാട്ടുമൂല സ്വദേശി സുധീഷ് ഉണ്ണി (29) , ചിറയിൻകീഴ് ആഴൂർ വിള വീട്ടിൽ രാജേഷ് എന്ന ഒട്ടകം രാജേഷ് (35) , ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയിൽ മിഠായി ശ്യാംകുമാർ (29) , ചിറയിൻകീഴ് ശാസ്ത വട്ടം സ്വദേശി മൊട്ട എന്ന നിധീഷ് (27) , ശാസ്ത വട്ടം സ്വദേശി ശ്രീക്കുട്ടൻ എന്ന നന്ദിഷ് (23) , കണിയാപുരം മണക്കാട്ടു വിളാകം രഞ്ജിത് പ്രസാദ് (28) , വേങ്ങോട് കട്ടിയാട് സ്വദേശി അരുൺ (23) , വെഞ്ഞാറമൂട് ചെമ്പൂര് സച്ചിൻ (24) , കന്യാകുളങ്ങര കുണൂർ സൂരജ് (23) , വിഷ്ണു , വിനീത് എന്നീ 11 പ്രതികളെയാണ് ജയിലിൽ നിന്നും കോടതിയിൽ ഹാജരാക്കേണ്ടത്.