തിരുവനന്തപുരം: കൂട്ടത്തിലൊരാളെ കുത്തിക്കൊന്ന ശേഷം മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ തേടി ഫ്‌ളക്‌സ്‌ബോർഡ് സ്ഥാപിച്ച് പൊലീസ്. രണ്ടരമാസംമുമ്പ് നടന്ന സംഭവത്തിലാണ് കൊലയാളിയെ തിരിച്ചറിയുന്നവർ അറിയിക്കാൻ അഭ്യർത്ഥിച്ച് പോത്തൻകോട് പൊലീസ് അന്വേഷണ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജോലി തേടി എത്തുന്നവരിൽ പലരിലും അക്രമവാസന ഏറെയാണെന്നും നാടുകടത്തപ്പെട്ട ക്രിമിനലുകളും ഗുണ്ടകളുമാണ് ഇത്തരത്തിൽ എത്തുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഏകദേശം രണ്ടരമാസം മുൻപാണ് സംഭവം നടന്നതെന്നാണ് പോത്തൻകോട് പൊലീസ് പറയുന്നത്. ഇവിടെ ഒരു ലേബർ കമ്പനിയിൽ നൂറുകണക്കിന് ബംഗാളികളാണുള്ളത്. ഇവരെ കൃത്മായി പൊലീസ് നിരീക്ഷിക്കാറുണ്ടായിരുന്നു. ഇക്കൂട്ടത്തിലെ ദാസ് എന്ന നാൽപ്പതുകാരനെ കൊന്നശേഷം മുങ്ങിയത് 22കാരനായ ഭോജൻദാസ് എന്ന യുവാവാണ്. ക്യാമ്പിലെ മറ്റ് തൊഴിലാളികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോൾ ഇയാളെ തിരയുന്നത്. ബംഗാളിലെ ഭോലകട്ട് സ്വദേശികളാണ് മരിച്ച ദാസും പ്രതി ഭോജൻ ദാസും.

ഒരു ദിവസം ഇരുവരും മദ്യപിച്ച് വഴക്കുണ്ടാവുകയും പിന്നീട് ഉണ്ടായ വാക്കേറ്റത്തെതുടർന്ന് ദാസിനെ ഭോജൻദാസ് മർദ്ദിക്കുകയും ചെയ്തു. ഇയാൾ പിന്നീട് ദാസിന്റെ വയറ്റിൽ ചവിട്ടിയപ്പോൾ അയാൾ ബോധംകെട്ടു. ഇതോടെ മറ്റുള്ളവർ ബഹളമുണ്ടാക്കാൻ തുടങ്ങി. അപ്പോൾ തന്നെ ഭോജൻദാസ് അയാളെ സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ നിർദ്ദേശം നൽകി ആശുപത്രി അധികൃതർ മടക്കിയയച്ചു. പിന്നീട് മൂന്ന് ദിവസത്തോളം ഇവിടെ ചികിത്സയിൽ തുടർന്നു. എന്നാൽ ദാസിന്റെ അസുഖം ഭേദമായില്ലെന്ന് മാത്രമല്ല ആരോഗ്യ സ്ഥിതി വഷളാവുകയും ചെയ്തു. അയാളുടെ ജീവൻ ആപത്തിലാണെന്ന് മനസ്സിലാക്കിയ ഭോജൻദാസ് തന്റെ സാധനങ്ങളുമെടുത്ത് മറ്റഉള്ളവരോട് പോലും പറയാതെ മുങ്ങുകയായിരുന്നു. ഭോജൻദാസിനെ കാണാതായതിന്റെ അടുത്ത ദിവസം ദാസ് മരിച്ചു.

ദാസ് മരിച്ചതോടെ ക്യാമ്പിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. ഇയാളെകുറിച്ച് അപ്പോൾ തന്നെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും മറ്റ് കേന്ദ്രങ്ങളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. അന്വേഷണം തുടരുകയാണെന്നും ഇയാൾ ക്രിമിനൽ വാസനകളുള്ള ആളാണെന്നും പൊലീസ് പറഞ്ഞു. സ്വദേശത്തും ഇയാൾക്കെതിരെ കൊലപാതക ശ്രമങ്ങമുൾപ്പെടെ നിരവധി കേസുകളുണ്ടെന്ന് എസ് ഐ അശ്വിൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സംസ്ഥാനത്ത് തന്നെയോ മറ്റ് ഏതെങ്കിലും സംസ്ഥാനത്തോ ഒരു ലേബർ ക്യാമ്പിൽ തന്നെ ഇയാൾ ഉണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്.

പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിയായിരുന്ന ജിഷയെ അസം സ്വദേശിയായ അമീറുൽ ഇസ്ലാം ക്രൂരമായി പീഡിപ്പിച്ചും ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചും ജീവനെടുത്തതിന് തൂക്കുകയർ വിധിച്ചത് കഴിഞ്ഞയാഴ്ചയാണ്. അമീറുൽ എന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ ക്രൂരത ഒരു ഒറ്റപെട്ടതല്ലെന്ന് ഇപ്പോൾ ഈ സംഭവവും സൂചിപ്പിക്കുന്നു.

ബംഗാളികൾ എന്ന പേരിൽ ഇവിടെ എത്തുന്നവരിൽ ബംഗ്ലാദേശിൽ നിന്നും നാടുകടത്തപ്പെട്ട ഗുണ്ടകളും ക്രിമിനലുകളും വരെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരെ കൃത്യമായി തിരിച്ചറിയുന്നതിനും വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നതിനും ഡാറ്റാബാങ്ക് ഉൾപ്പടെ തയ്യാറാക്കുകയാണ്. ജിഷക്കേസും കൊച്ചിയിലെ വീടിലെ രാത്രി കാലത്ത കവർച്ചയക്കായുള്ള അക്രമവും വരുമ്പോൾ മാത്രം ഉണർന്ന് പ്രവർത്തിക്കുകയല്ല വേണ്ടതെന്നും ഇവരെ കൃത്യമായ രേഖകളില്ലാത്തവരെ കസ്റ്റഡിയിലെടുക്കുന്ന നിയമങ്ങളാണ് വേണ്ടതെന്നും അഭിപ്രായമുണ്ട്. ഇവരിൽ പലരും അക്രമകാരികളായി തുടരുന്നു എന്നതിന് മറ്റൊരു തെളിവാണ് എറണാകുളം നഗരത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം. കൂട്ടത്തിലുണ്ടായിരുന്ന ഒരു ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതിയെ ആണ് പൊലീസ് തിരയുന്നത്.