കൊച്ചി: പോത്തീസിന്റെ കലൂരിലുള്ള നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണത് നിർമ്മാണത്തിലെ അപാകത മൂലം. അശാസ്ത്രീയ നിർമ്മാണമാണ് ദുരന്തമുണ്ടാക്കിയത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. അതേ സമയം കെട്ടിടയുടമകൾ പറയുന്നത് വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി മണ്ണ് ഒലിച്ചു പോടതിനെ തുടർന്നാണ് അപകടം സംഭവിച്ചത് എന്നാണ്. ഇത് രക്ഷപ്പെടാനുള്ള തന്ത്രമെന്നാണ് വിലയിരുത്തൽ. ഇതിനെ പിന്തുണയ്ക്കാൻ ചില ഉദ്യോഗസ്ഥരും താൽപ്പര്യം കാട്ടുന്നുണ്ട്. പോത്തീസിനെതിരെ അശാസ്ത്രീയ നിർമ്മാണത്തിന് നടപടി ഉണ്ടാകാതിരിക്കാനാണ് ഇതെന്നാണ് സൂചന.

ഒരു സുരക്ഷാ മാനദണ്ഡവുമില്ലെതെയാണ് കെട്ടിട നിർമ്മാണം നടന്നത്. നേരത്തെ സൂചന കിട്ടിയതു കൊണ്ട് മാത്രമാണ് തൊഴിലാളികൾക്ക് രക്ഷപ്പെടാനായത്. അല്ലെങ്കിൽ നിരവധി പേരുടെ ജീവനെടുക്കുന്ന അപകടമായി കൊച്ചിയിലെ ദുരന്തം മാറിയേനേ. കൊച്ചി മെട്രോ അടക്കമുള്ളവയുടെ പ്രവർത്തനം തന്നെ തടസ്സപ്പെടുത്തുന്ന രീതിയിലാണ് അപകടം മാറിയത്. ഇത് മൂലം മെട്രോയ്ക്ക് വൻ നഷ്ടവും ഉണ്ടാകും. ഇത് പോത്തീസിൽ നിന്ന് ഈടാക്കണമെന്ന ആവശ്യം ശക്തമാണ്. വാഹന ഗതാഗതത്തേയും അപകടം താറുമാറാക്കി.

കെട്ടിടം തകർന്ന വിവരം അറിയുന്നത് രാത്രിയിൽ ഒൻപതരയോടെയായിരുന്നു. എന്നാൽ വൈകുന്നേരം അഞ്ച് മണിക്ക് തന്നെ കെട്ടിടം ചരിയുന്ന വിവരം തൊഴിലാളികളും എഞ്ചിനീയർമാരും അറിഞ്ഞിരുന്നു. ഉടൻ തന്നെ മറ്റു പ്രവർത്തികൾ നിർത്തിവച്ച് യന്ത്ര സാമഗ്രികൾ ഉപയോഗിച്ച് ചരിഞ്ഞു തുടങ്ങിയ ഭാഗം താങ്ങി നിർത്താൻ ശ്രമിച്ചു. മണിക്കൂറുകൾ നീണ്ട പ്രവർത്തി ഫലം കാണായതായതോടെ ഇനി രക്ഷയില്ലെന്ന് മനസ്സിലായി ഇതോടെ മുഴുവൻ തൊഴിലാളികളും സ്ഥലത്ത് നിന്നും മാറി. നിമിഷങ്ങൾക്കകം തകർന്ന് വീഴുകയായിരുന്നു. അതീവ രഹസ്യമായി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമാണ് നടന്നത്.

പ്രമുഖ വസ്ത്ര വ്യാപാര വ്യവസായികളായ പോത്തീസിന്റെ പുതിയ ഷോറൂമിനായുള്ള ബഹുനിലകെട്ടിടമായിരുന്നു കലൂർ മെട്രോ സ്റ്റേഷന് സമീപം ഗോകുലം പാർക്കിനോട് ചേർന്ന് നിർമ്മിച്ചു കൊണ്ടിരുന്നത്. പാർക്കിങ്ങിനായി താഴേക്ക് മൂന്ന് നിലകളായിരുന്നു നിർമ്മിക്കുന്നത്. ഇതിനായി വൻ തോതിൽ മണ്ണ് നീക്കിയാണ് നിർമ്മാണ പ്രവർത്തികൾ നടത്തിയത്. പില്ലറുകൾ താഴ്‌ത്തുകയും മണ്ണ് നീക്കുകയും ചെയ്തതോടു കൂടിയാണ് ഭൂമിക്ക് ഉറപ്പ് നഷ്ട്ടപ്പെട്ടത്. ഇതിനെതുടർന്ന് പില്ലറുകൾ താഴേക്ക് ഊർന്ന് പോകുകയും സംരക്ഷണ ഭിത്തി മറിയുകയുമായിരുന്നു.

ബാനർജി റോഡിന്റെ ഒരു വശം പൂർണ്ണമായും ഇടിഞ്ഞു താണു. ഇത് വഴി പോയിരുന്ന അണ്ടർ ഗ്രൗണ്ട് വൈദ്യുതി ലൈന്നും വാട്ടർ അഥോറിറ്റിയുടെ പൈപ്പിനും കേടുപാടുകൾ സംഭവിച്ചു. രാത്രിയിൽ ഏറെ പണിപെട്ട് റോഡിന്റെ വശത്തെ ഇടിഞ്ഞുപോയ സ്ഥലത്ത് അമ്പതോളം ലോഡ് മണ്ണിട്ട് നികത്തിയാണ് മണ്ണിടിച്ചിൽ നിർത്താനായത്. പൈലിങ്ങിന്റെ അപാകതമൂലമാണ് അപകടം സംഭവിച്ചതെന്ന് സ്ട്രക്ച്ചറൽ വിഭാഗം പറയുന്നുണ്ട്. അത് പരിഹരിച്ചതിന് ശേഷം മാത്രമേ റോഡ് ഗതാഗതം പൂർവ്വ സ്ഥിതിയിലാക്കാൻ കഴിയൂ എന്നും അവർപറയുന്നു.

വളരെ പതുക്കെയാണ് തകർന്ന് വീണത് എന്നതിനാലാണ് അപകടങ്ങൾ സംഭവിക്കാതിരുന്നത്. അതിനാൽ തൊഴിലാളികൾക്ക് രക്ഷപെടാനുള്ള സമയം കിട്ടി. അല്ലായിരുന്നെങ്കിൽ അൻപതോളം തൊഴിലാളികൾക്കും എഞ്ചിനീയർമാർക്കും ജീവഹാനിയോ ഗുരുതര പരിക്കുകളോ സംഭവിക്കുമായിരുന്നു. സംഭവത്തിന് ശേഷം കലൂരിനും ലിസി ഹോസ്പിറ്റലിനുമിടയിലുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഇന്ന് കളക്ടർ മുഹമ്മദ് വൈ സഫീറുള്ള വിവിധ ഡിപ്പാർട്ട്മെന്റുകലുമായുള്ള യോഗം വിളിച്ചിട്ടുണ്ട്. നിർത്തി വച്ച കൊച്ചി മെട്രോ സർവ്വീസ് ഉച്ചയോടെ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

മെട്രോയുടെ തൂണുകൾക്ക് ബലക്ഷയം ഉണ്ടായിട്ടില്ല എന്ന് വിദഗ്ദ്ധ പരിശോദനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് 12 മണിയോടെ മെട്രോ ഇത് വഴി ട്രയൽ റൺ നടത്തും. കോർപ്പറേഷൻ നൽകിയ അനുമതികൾ പ്രകാരമാണോ നിർമ്മാണം നടത്തിയത് എന്ന് അന്വേഷിച്ചതിന് ശേഷം അനധികൃതമാണെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് മേയർ സൗമിനി ജെയ്ൻ മാധ്യമങ്ങളോട് പറഞ്ഞു.

കൂടാതെ മണ്ണിടിച്ചിൽ ഇനിയും തുടരാൻ സാഹചര്യമുള്ളതിനാൽ വാഹന ഗതാഗതം ഉടൻ പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നും അവർ അറിയിച്ചു.