കോതമംഗലം:ഹൈടെക് കോഴിഫാമിന്റെ പേരിൽ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ നേര്യമംഗലം ചെമ്മായത്ത് നസീർ കോടീശ്വരനായത് ഇരുട്ടിവെളുക്കുന്ന വേഗത്തിലെന്നു നാട്ടുകാരുടെ സാക്ഷ്യം.

അഞ്ചു ലക്ഷം മുതൽ അഞ്ചുകോടി രൂപവരെ നിസാറിന്റെ സ്വപ്നപദ്ധതിയിൽ മുതലിറക്കിയവരുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. കൊല്ലത്തെ സ്വന്തം സമുദായത്തിൽപ്പെട്ട മതനേതാവിൽ നിന്നും അഞ്ചുകോടിയിൽപ്പരം നിസാർ വാങ്ങിയിരുന്നതായുള്ള സൂചനകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മൂവാറ്റുപുഴ സി ഐ ശ്രീകുമാർ പറഞ്ഞു.

ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ തലക്കോട് ഇഞ്ചിപ്പാറയ്ക്ക് സമീപത്തെ ആസ്ബ്‌റ്റോസ് ഷീറ്റ് മേഞ്ഞ വീട്ടിൽ ദരിദ്രചുറ്റുപാടിലാണു നസീർ കഴിഞ്ഞിരുന്നത്. സിപിഐ പ്രവർത്തകനായിരുന്ന നസീർ വർഷങ്ങളോളം പാർട്ടിയുടെ കോതമംഗലം താലൂക്ക് കമ്മറ്റി ഓഫീസ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. അടുത്തകാലത്ത് സിപിഐയുമായി തെറ്റിയ ഇയാൾ സി പി എമ്മിൽ ചേർന്നു പ്രവർത്തിച്ചുവരികയായിരുന്നു.

മൂന്നുവർഷം മുമ്പ് നസീർ മൂവാറ്റുപുഴക്കടുത്ത് പെരുമറ്റത്തേക്ക് താമസം മാറിയിരുന്നു. പിന്നീട് മാസങ്ങൾക്കുള്ളിലുണ്ടായ ഇയാളുടെ സാമ്പത്തിക വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. രാവിലെ യാത്ര പജീറോയിലാണെങ്കിൽ വൈകിട്ട് ഇയാൾ പ്രത്യക്ഷപ്പെടുന്നത് ഇന്നോവയിലായിരുന്നെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ. പെരുമറ്റത്തും സമീപപ്രദേശങ്ങളിലുമായി നസീർ 30 കോടിരൂപയോളം ചിലവഴിച്ച് വസ്തുവകകൾ വാങ്ങിക്കൂട്ടിയതായുള്ള വിവരങ്ങളും പുറത്തായിട്ടുണ്ട്. എന്നാൽ ഈ വസ്തുവകകളൊന്നും ഇപ്പോൾ ഇയാളുടെ പേരിലില്ലെന്നും തട്ടിപ്പിനിരയായവർ തന്ത്രത്തിലും ഭീഷിണിപ്പെടുത്തിയും മറ്റുമായി ഇവ സ്വന്തമാക്കിയെന്നുമാണ് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണങ്ങളിൽനിന്നും വ്യക്തമായിട്ടുള്ളത്. നസീർ ഒടുവിൽ ജീവിക്കാൻ നിവൃത്തിയില്ലാത്തവനായി മാറുകയും ചെയ്തു.

തമിഴ്‌നാട്ടിൽ താൻ നടത്തിവരുന്ന ഹൈടെക് കോഴിഫാമിന്റെ നടത്തിപ്പിന്റെപങ്കാളിയാക്കാമെന്നും ഒരു ലക്ഷം രൂപ മുടക്കിയാൽ നാൽപ്പതുദിവസം കൂടുമ്പോൾ 20000 രൂപ നൽകാമെന്നും ബോദ്ധ്യപ്പെടുത്തിയാണ് നസീർ പലരിൽ നിന്നായി കോടികൾ സമാഹരിച്ചത്. ആദ്യഘട്ടത്തിൽ സമാഹരിച്ച തുകയിൽ ചെറിയൊരുഭാഗം മാത്രം തമിഴ്‌നാട്ടിൽ കോഴിഫാം തുടങ്ങുന്നതിനായി വിനയോഗിക്കുകയും ബാക്കി തുക ആർഭാടജീവിതത്തിനായി ചിലവഴിക്കുകയുമായിരുന്നെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.

തട്ടിപ്പ് മനസിലായപ്പോൾ നിരവധിപേർ മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. പലരും ഇയാൾ തട്ടിയെടുത്ത തുക ഭീഷണിപ്പെടുത്തിയും മറ്റും തിരികെ വാങ്ങിയിരുന്നു. ഇതോടെ നസീർ പാപ്പരായി. മൂവാറ്റുപുഴ സ്വദേശി കക്കാടംകുളം സിദ്ദിഖിൽനിന്നും 50 ലക്ഷംരൂപ 45-ദിവസത്തേക്ക് കടംവാങ്ങി തിരിച്ചുകൊടുക്കാതെ ഒളിവിൽകഴിയുകയും ചെയ്തു.

തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തിയവരിൽ ഒട്ടുമിക്കവരും പൊലീസ് നടപടിയുമായി സഹകരിക്കുന്നില്ലെന്നുള്ള ആരോപണവും ശക്തമായിട്ടുണ്ട്. ശരിയായ രീതിയിൽ സമ്പാദിച്ച പണമല്ല അധികം പേരും നസീറിന് നൽകിയതെന്നും ഇതിനാലാണ് കബളിപ്പിക്കപ്പെട്ടവർ പരാതിയുമായി രംഗത്തെത്താത്തതെന്നുമാണ് പൊലീസ് അനുമാനം. ഇതു സംബന്ധിച്ച് ഇന്റിലിജൻസ് വിഭാഗം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുഴൽപ്പണ മാഫിയയിലെ കണ്ണികളാവാം നസീറിന് പണം നൽകിയതെന്നും വിവരം പുറത്തായാൽ കുടുങ്ങുമെന്നും ഭാവിപരിപാടികൾ അവതാളത്തിലാവുമെന്നുമുള്ള തിരിച്ചറിവിലാണ് ഇക്കൂട്ടർ വെളിച്ചത്തു വരാത്തതെന്നാണ് പരക്കെയുള്ള വിലയിരുത്തൽ.

മൂവാറ്റുപുഴയിൽ നിന്നും സ്ഥലം മാറ്റപ്പെട്ട സി ഐ വിശാൽ ജോൺസൺ ആണ് തലക്കോട് തറവാട്ടുവീട്ടിലെ ചായ്പിൽ നിന്നും 9 മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന നസീറിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. പകരം ചാർജെടുത്ത പി ശ്രീകുമാറിനാണ് ഇപ്പോൾ കേസന്വേഷണത്തിന്റെ ചുമതല. സാമ്പത്തികമായി ഞെരുക്കത്തിലായ ഇയാൾ കൂലിപ്പണിയെടുത്താണ് അടുത്തകാലത്ത് കുടുംബം പുലർത്തിയിരുന്നത്.