ന്യൂയോർക്ക്: യുഎസിൽ അമ്പതു ശതമാനത്തോളം കുട്ടികൾ ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പുതിയ റിപ്പോർട്ട്. കൂടാതെ ഒട്ടേറെ കുട്ടികൾ അവരുടെ അടിസ്ഥാന സൗകര്യങ്ങൾ മാത്രം നടത്തപ്പെടുന്ന കുടുംബങ്ങളിലാണ് ജീവിച്ചു പോരുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള നാഷണൽ സെന്റർ ഫോർ ചിൽഡ്രൻ ഇൻ പോവർട്ടി (എൻസിസിപി) തയാറാക്കിയ റിപ്പോർട്ടിലാണ് യുഎസിൽ 31 മില്യണോളം കുട്ടികൾ പട്ടിണിയാണെന്നു വെളിപ്പെടുത്തിയിരിക്കുന്നത്.

കുടുംബങ്ങളിൽ നിലനിൽക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയും ദാരിദ്ര്യവും കുട്ടികളേയും ബാധിക്കുന്നുണ്ട്. രാജ്യത്ത് കുട്ടികൾക്കുള്ള ഹെൽത്ത് ഇൻഷ്വറൻസ് പരിപാടികളും പോഷകാഹാരങ്ങളെക്കുറിച്ചുള്ള പരിപാടികളും നടത്തുമ്പോൾ, മറ്റൊരു വശത്ത് വയറു നിറയെ ആഹാരം കഴിക്കാൻ പോലും സാധിക്കാത്ത ലക്ഷക്കണക്കിന് കുട്ടികളുണ്ടെന്ന കാര്യം വിസ്മരിക്കപ്പെടുകയാണെന്ന് എൻസിസിപി വക്താവ് റിനി വിൽസൺ വ്യക്തമാക്കുന്നു.

ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം അടിക്കടി വർധിച്ചുവരുന്നതായാണ് എൻസിസിപി പറയുന്നത്. പട്ടിണിപ്പാവങ്ങളായ കുട്ടികളുടെ എണ്ണം 2008-ലേതിനെക്കാൾ 18 ശതമാനമാണ് 2014-ആയപ്പോഴേയ്ക്കും വർധിച്ചിരിക്കുന്നത്. പത്ത് കുട്ടികളിൽ ഒരു കുട്ടി എന്ന നിലയിലാണ് പട്ടിണിയോട് ഏതാണ്ട് അടുത്ത രീതിയിൽ കഴിയുന്നത്. 44 ശതമാനം കുട്ടികളും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ ജീവിക്കുന്നു. പതിനെട്ടിനും 64നും മധ്യേ പ്രായമുള്ള 33 ശതമാനം ആൾക്കാർ മാത്രമാണ് ഇതേ രീതിയിൽ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ ജീവിച്ചുപോരുന്നത്.