കാസർകോട്: എൻഡോസൾഫാൻ വിഷമഴ പെയ്ത ഗ്രാമങ്ങളെ രക്ഷിക്കാൻ രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാതെ ഒരുമിച്ച് നിന്നവർ രാഷ്ട്രീയത്തിന്റെ പേരിൽ കലഹിക്കുന്നു. എൻഡോസൾഫാൻ ദുരിതബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ജനങ്ങളുടെ കൂട്ടായ്മയിൽ രൂപീകരിച്ച പീഡിത ജനകീയ മുന്നണിയിലാണ് അധികാരത്തർക്കം രൂക്ഷമായത്. മുന്നണിയെ ആംആദ്മി പാർട്ടി ഏറ്റെടുക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി. വരുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് എഎപിയുടെ നീക്കമെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. അധികാരത്തർക്ക പരാതി കോടതിയിലെത്തിയിട്ടും ഇതിന് പരിഹാരമായില്ല. ഇതോടെ ദുരിതബാധിതരുടെ പ്രശ്‌നങ്ങളിൽ പരിഹാരം കാണുന്നതിനായി പാർലമെന്റിനു മുന്നിലും സെക്രട്ടറിയേറ്റിനു മുന്നിലും ജില്ലയിലുടനീളവും സമരം നടത്തിയിട്ടുള്ള മുന്നണി ഭിന്നിച്ചു രണ്ടുചേരിയായി. നിലവിലെ പ്രവർത്തകർ കോടതിയിൽ നൽകിയ പരാതിയിന്മേലുള്ള ഉത്തരവ് മറികടന്ന് മുൻ ഭാരവാഹികൾ ദുരിതബാധിതരുടെ കൺവെൻഷൻ നടത്തിയതോടെ പ്രശ്‌നം രൂക്ഷമാവുകയാണ്.

കഴിഞ്ഞ ഒക്ടോബറിൽ കാസർകോട് നടന്ന യോഗത്തിൽ കെ പ്രവീണ സെക്രട്ടറിയായും രാഘവൻ കാലിക്കടവ് പ്രസിഡന്റായും പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തതായാണ് ഒരു വിഭാഗം പറയുന്നത്. പുതിയ ഭാരവാഹികൾ സ്ഥാനമേറ്റിട്ടും മുൻ ഭാരവാഹികൾ ലെറ്റർപാഡും അധികാരവും ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് കെ പ്രവീണ ഹോസ്ദുർഗ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുന്നത്. കാസർകോട് അഡീഷണൽ മുൻസീഫ് കോടതി പരിഗണിച്ച ഹർജിയിൽ, ജനറൽ സെക്രട്ടറിയും എഎപിയുടെ കാസർഗോഡ് ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായിരുന്ന അമ്പലത്തറ കുഞ്ഞികൃഷ്ണനും പ്രസിഡന്റ് ശോഭനയും പീഡിത മുന്നണിയുടെ പേരിൽ സർക്കാറിനോ മറ്റ് അധികൃതർക്കോ കത്തുകൊടുക്കാനോ മറ്റു പ്രവർത്തനങ്ങൾ ഏറ്റെടുക്കാനോ പാടില്ലെന്നുമുള്ള ഉത്തരവായി.

എന്നാൽ കോടതി ഉത്തരവ് മറികടന്ന് മുന്നണിയുടെ പേരും സ്ഥലവും മാറ്റി അമ്പലത്തറ കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച കൺവെൻഷൻ സംഘടിപ്പിക്കുകയായിരുന്നു. കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയത് എഎപി നേതാവും എഴുത്തുകാരിയുമായ സാറാ ജോസഫായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിൽ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പേരുപറഞ്ഞ് ജില്ലയിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമമായിരുന്നു ആം ആദ്മി പാർട്ടിയുടേത്. എന്നാൽ രാജ്യത്ത് നേട്ടമുണ്ടാക്കാനാകാത്ത എഎപിക്ക് സംസ്ഥാനത്തൊരിടത്തും അക്കൗണ്ട് തുറക്കാനായതുമില്ല. എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്‌നങ്ങൾ തന്നെയായിരുന്നു ജില്ലയിലെ മുഖ്യവിഷയമെന്നതിനാൽ പീഡിത മുന്നണിയുടെ ജനറൽ സെക്രട്ടറിയായിരുന്ന അമ്പലത്തറ കുഞ്ഞികൃഷണനെ തന്നെ എഎപി സ്ഥാനാർത്ഥിയായി പരിഗണിക്കുകയായിരുന്നു. അമ്പലത്തറ കുഞ്ഞികൃഷണൻ സ്ഥാനാർത്ഥിയായതോടെ പീഡിത മുന്നണിക്ക് പൂർണ്ണ പിന്തുണ നൽകിയിരുന്ന ഇടതു നേതാക്കൾ ഇതിൽ നിന്ന് പിന്തിരിയുകയുമുണ്ടായി. പി കരുണാകൻ എം പി ഇടപെട്ട് സഹായം ലഭിച്ച ദുരിതബാധിതരും മുന്നണി പ്രവർത്തനത്തിൽനിന്ന് പിന്മാറി. തെരഞ്ഞടുപ്പിൽ മൂന്നാം സ്ഥാനത്ത് പോലും എത്താൻ എഎപിക്ക് ആയില്ല.

ജില്ലയെ ഏറ്റവും അധികം അലട്ടുന്ന പ്രശ്‌നം എൻഡോസൾഫാൻ ദുരിതവും, ദുരിതബാധിതർക്ക് ലഭിക്കാത്ത സർക്കാർ സഹായവുമാണ്. ഈ വിഷയം മുന്നിൽ കണ്ട് തദ്ദേശഭരണ തെരഞ്ഞടുപ്പിൽ നേട്ടം കൊയ്യാൻ ആകുമെന്ന പ്രതീക്ഷയിലാണ് അമ്പലത്തറകുഞ്ഞികൃഷ്ണനും എഎപി നേതൃത്വവും. ഏറ്റവുമധികം ദുരിത ബാധിതരുള്ള 11 പഞ്ചായത്തുകളിൽ ഒന്നെങ്കിലും എൻഡോസൾഫാന്റെ പേരു പറഞ്ഞ് തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമമാണ് ഇപ്പോൾ ഈ അധികാരത്തർക്കത്തിന്റെ പിന്നിൽ. അമ്പലത്തറ കുഞ്ഞികൃഷണൻ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുകയാണെങ്കിൽ ദുരിത ബാധിതരുടെ ഇടയിൽ പ്രവർത്തിക്കാനാകില്ല. ഇപ്പോഴുള്ള ജനപിന്തുണയും നഷ്ടമാകും.ഇത് ആംആദ്മി പാർട്ടിക്ക് ക്ഷീണമുണ്ടാക്കും. കോടതി വിധിയും കൂടി പ്രതികൂലമായതോടെ സമാന്തര മുന്നണിയുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ അമ്പലത്തറ കുഞ്ഞികൃഷ്ണനും സംഘവും നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് മുന്നണിയുടെ പേരിലല്ലാതെ കൺവെൻഷൻ സംഘടിപ്പിച്ചതും ഇതിന്റെ ഉദ്ഘാടനത്തിനായി മുതിർന്ന ആംആദ്മി നേതാവിനെ കൊണ്ടുവന്നതുമെന്ന് ആരോപണമുണ്ട്.