തിരുവനന്തപുരം: ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ  2007ൽ നടന്ന കോമൺവെൽത്ത് പവർലിഫ്റ്റിംങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെങ്കലമെഡൽ നേടിയ എൻ ജെ ജിംസണ് സംസ്ഥാന സർക്കാരിന്റെയും സ്പോർട്സ് കൗൺസിലിന്റെയും അവഹേളന. രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങൾ കൊയ്തിട്ടും കേരളത്തിൽ മാറിമാറി ഭരിച്ച സർക്കാരുകൾ അവഗണിച്ചതോടെ ദുരവസ്ഥയിലാണ് ഈ എറണാകുളം സ്വദേശി.

കൊച്ചി നഗരത്തിൽ കോഴിയിറച്ചിക്കച്ചവടം നടത്തിവരുകയായിരുന്നു ജിംസൺ. വാർത്തൾ വന്നതിനെത്തുടർന്ന് സ്പോർട്സ് കൗൺസിലിൽ കരാർ അടിസ്ഥാനത്തിൽ ജിംസന് നിയമനം നൽകി. പിന്നീട്  ലാസ്റ്റ് ഗ്രേഡ് തസ്ഥികയിൽ സ്ഥിരം നിയമനം നൽകുകയും ചെയ്തു. പക്ഷേ, ഒന്നരമാസംകഴിഞ്ഞപ്പോൾ വീണ്ടും കരാർ ജീവനക്കാരനാക്കി അപമാനിക്കുകയായിരുന്നു അധികൃതർ. ഇപ്പോൾ നാല് മാസമായി ദിവസക്കൂലിപോലും ലഭിക്കാത്ത അവസ്ഥയാണ് ജിംസണ്.

അനവധി തവണ രാജ്യത്തെ പ്രതിനിധീകരിച്ച പവർ ലിഫ്ടിങ് താരം കൊച്ചി കലൂർ കത്രിക്കടവിൽ ഇറച്ചി വിൽക്കുന്ന വാർത്ത 2013ലാണ് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത്. തുടർന്ന് അന്നത്തെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി തോമസ് ഇദ്ദേഹത്തെ വിളിച്ചുവരുത്തി തിരുവനന്തപുരം ശംഖുമുഖത്തെ  ഇൻഡോർ സ്റ്റേഡിയത്തിലെ അഡ്‌മിനിസ്‌ട്രേറ്റർ തസ്തികയിൽ താൽക്കാലിക ജോലി നൽകി. പിന്നീട് 2015 മുതൽ  എറണാകുളത്ത് പവർലിഫ്ടിങ്ങിന്റെ പരിശീലകനുമാക്കി. ദേശീയ അന്തർ ദേശീയ മെഡൽ ജേതാവായതിനാൽ 2015 സെപ്റ്റംബറിൽ കാസർഗോഡ് സ്പോർട്സ് കൗൺസിൽ ഓഫീസിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് ആക്കി സ്ഥിരം നിയമനം നൽകാൻ സർക്കാരിൽ ശുപാർശയും ചെയ്തു.

സ്പോർട്സ് കൗൺസിലിന്റെ ക്വാട്ടയിലായിരുന്നു നിയമനം. സ്ഥിരനിയമനം ലഭിച്ച് 2015 സെപ്റ്റംബർ 9ന്  കാസർഗോട് ജോലിയിൽ പ്രവേശിച്ച്  ഒന്നര മാസം കഴിഞ്ഞപ്പോഴേക്കും അഞ്ജു ബോബി ജോർജ്ജിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി വന്നു. ഇതോടെ ജിംസനെ ദിവസ വേതനക്കാരനാക്കി തൃശൂർ അക്വാട്ടിക് കോംപ്ലക്‌സിലേക്ക് നിയമിച്ചു. തുടർന്നിങ്ങോട്ട് ശമ്പളവും നൽകിയിട്ടില്ല.  ശമ്പളം ലഭിക്കാത്തത് സർക്കാർ ഉത്തരവ് തങ്ങൾക്ക് ലഭിക്കാത്തതിനാലാണ് എന്നായിരുന്നു വിശദീകരണം. ഇതേ തുടർന്ന് എറണാകുളം എംഎൽഎ ഹൈബി ഈഡൻ വഴി മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും പരാതി നല്കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

അഞ്ച് ദേശീയ ചാമ്പ്യൻഷിപ്പും നാല് ദക്ഷിണേന്ത്യൻ ചാമ്പ്യൻഷിപ്പും പത്തിലധികം സംസ്ഥാന ചാമ്പ്യൻഷിപ്പും വിജയിച്ച താരമാണ് ജിംസൻ. 2009 ലെ ലോക പവർലിഫ്ടിങ് ചാമ്പ്യൻഷിപ്പിൽ പത്താം സ്ഥാനവും സ്വന്തമാക്കി. ഇത്രയേറെ നേട്ടങ്ങൾ കൈവരിച്ച താരം കൊച്ചിയിൽ ഇറച്ചിക്കട നടത്തി ജീവിക്കുന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പത്മിനി തോമസിന്റെ ഭരണസമിതി അദ്ദേഹത്തിന് ജോലി നൽകാൻ ശുപാർശചെയ്തത്.  സ്പോർട്സ് കൗൺസിലിലും മറ്റ് സർക്കാർ വകുപ്പുകളിലും അർഹരായവർ തഴയപ്പെടുന്നയ് ഇത് ആദ്യ സംഭവമല്ല. അർഹതയില്ലാത്തവർ പോലും വിവിധ തസ്തികകളിലേക്ക് തിരുകികയറ്റപ്പെടുന്നുണ്ട്. എന്നാൽ കായികതാരങ്ങൾ തന്നെ ഇതിന്റെയൊക്കെ തലപ്പത്തിരിക്കുമ്പോഴാണ് ജിംസണെപ്പോലെ രാജ്യത്തെ പ്രതിനിധീകരിച്ച താരങ്ങൾക്ക് ഇങ്ങനെയുള്ള ഗതികേട് അനുഭവിക്കേണ്ടിവരുന്നത്.