ക്യൂൻസ് ലാൻഡ്: കുതിച്ചുയരുന്ന വൈദ്യുതി നിരക്കിൽ നിന്ന് ക്യൂൻസ് ലാൻഡ് നിവാസികൾക്ക് ആശ്വാസം. അടുത്ത മാസം മുതൽ താരിഫ് നിരക്കിൽ കുറവായിരിക്കും ക്യൂൻസ് ലാൻഡിൽ രേഖപ്പെടുത്തുക. താരിഫ് 11നുള്ള സാധാരണ ഒരു കുടുംബത്തിന് ഒരു വർഷം ഏഴു ഡോളറിന്റെ കുറവായിരിക്കും ഇനി മുതൽ ഉണ്ടാകുകയെന്ന് ക്യൂൻസ് ലാൻഡ് കോമ്പറ്റീഷൻ അഥോറിറ്റി (ക്യൂസിഎ) അറിയിച്ചു.

അതേസമയം താരിഫ് 20ലുള്ള ഒരു ബിസിനസ് കസ്റ്റമർക്ക് ശരാശരി വർഷം 73 ഡോളർ ലാഭിക്കാൻ സാധിക്കും. എന്നാൽ മാർക്കറ്റ് കോൺട്രാക്ടുള്ള കസ്റ്റമേഴ്‌സിനെ പുതിയ മാറ്റം ബാധിക്കില്ല. വൈദ്യുതി നിരക്കിൽ നേരിയ കുറവ് വരുത്തുന്ന നടപടിയെ ക്യൂൻസ് ലാൻഡ് ബിസിനസ് ഗ്രൂപ്പ് സ്വാഗതം ചെയ്തിട്ടുണ്ട്. വൈദ്യുതി നിരക്ക് വർധിച്ചു നിൽക്കുന്ന അവസരത്തിൽ നിരക്കിൽ കുറവു വരുത്തുമെന്ന് ആരും ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ക്യൂൻസ് ലാൻഡ് വക്താവ് വെളിപ്പെടുത്തുന്നു.
ചെറുകിട സംരംഭകർക്കുള്ള താരിഫ് 20ലും താരിഫ് 22ലും നേരിയ കുറവ് വരുത്തുന്നത് സ്വാഗതാർഹമാണ്. താരിഫിൽ യഥാക്രമം 3.5 ശതമാനവും 1.7 ശതമാനവുമാണ് കുറവ് വന്നിരിക്കുന്നത്.

വൈദ്യുതി നിരക്കിൽ കുറവ് വരുത്തിയത് ഒട്ടേറെ കുടുംബങ്ങൾക്ക് ആശ്വാസമാകുമെന്ന് ക്യൂൻസ് ലാൻഡ് കൗൺസിൽ ഓഫ് സോഷ്യൽ സർവീസസ് വ്യക്തമാക്കി. കുതിച്ചുയരുന്ന വൈദ്യുതി നിരക്ക് മൂലം കുടുംബബജറ്റ് ഉയർന്നു വരവേയാണ് നിരക്ക് കുറയ്ക്കുന്നത്. അതുകൊണ്ടുതന്നെ പവർ ബില്ലിൽ ഇനി കുറവ് പ്രതീക്ഷിക്കാമെന്നും ഇതു നല്ലൊരു തുടക്കമാണെന്നും ഇവർ പറയുന്നു.