തിരുവനന്തപുരം: രാജ്യത്തെ താപവൈദ്യുതി നിലയങ്ങൾ കർക്കരി ക്ഷാമത്തെ തുടർന്ന് പ്രതിസന്ധിയിലായതോടെ കേരളവും ഇരുട്ടിലേക്ക്. സംസ്ഥാനത്ത് പവർക്കട്ട് വേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി. നിലവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതിയുടെ അളവ് കുറഞ്ഞതിനെ തുടർന്നാണ് പ്രതിസന്ധിയുണ്ടായതെന്നും വൈദ്യുതിമന്ത്രി പറഞ്ഞു.

രാജ്യത്തെ കൽക്കരി ക്ഷാമം കേരളത്തെയും ബാധിച്ചു. കേന്ദ്രത്തിൽ നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടത്. അതിൽ കുറവുണ്ടായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് സംഭവിച്ചു. കൂടംകുളത്ത് നിന്ന് ലഭിക്കേണ്ടതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് കിട്ടുന്നത്. ഈ സാഹചര്യം തുടർന്നാൽ പവർ കട്ട് നടപ്പിലാക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.

ജല വൈദ്യുത പദ്ധതികൾ മാത്രമാണ് പരിഹാരം. കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് വൈദ്യുതി വാങ്ങിയത്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി വൈദ്യുതി ബോർഡിന് സൃഷ്ടിക്കുന്നുണ്ട്. മഴക്കാലമായതിനാൽ കേരളത്തിൽ വലിയ തോതിൽ വൈദ്യുതി ഉപയോഗം കുറയാറുണ്ട്. അതിനാൽ അടുത്ത വേനൽക്കാലമാകുമ്പോഴേക്കും പ്രതിസന്ധി തുടർന്നാൽ വൈദ്യുതിക്ക് വലിയ ക്ഷാമം നേരിടേണ്ടി വരുമെന്നാണ് വിവരം. വ്യവസായ മേഖലയ്ക്ക് പ്രശ്‌നങ്ങളില്ലാത്ത രീതിയിലാകും പവർകട്ട് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

അതേസമയം പീക്ക് ടൈമിൽ 20 ശതമാനത്തിലേറെ വൈദ്യുതിയുടെ കുറവുണ്ടായാൽ പവർകട്ട് ഏർപ്പെടുത്താണ് കെഎസ്ഇബി ഒരുങ്ങുന്നത്. നിലവിൽ 3,000 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എത്രത്തോളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാവുവെന്ന് കെ.എസ്.ഇ.ബി ചെയർമാനും അറിയിച്ചു.

നേരത്തെ താപവൈദ്യുതനിലയങ്ങളിലെ പ്രതിസന്ധി മുന്നിൽകണ്ട് ഗാർഹിക ഉപഭോക്താക്കളോട് വൈദ്യുതി ഉപഭോഗത്തിൽ നിയന്ത്രണമേർപ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചിരുന്നു. കൽക്കരിക്ഷാമം മൂലം താപവൈദ്യുതനിലയങ്ങളിൽ നിന്നുള്ള ഉൽപാദനം കുറഞ്ഞതാണ് രാജ്യത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം.

കോവിഡ് പ്രതിസന്ധിയിൽ നിന്നും സമ്പദ്‌വ്യവസ്ഥ കരകയറുന്നതിനാൽ വൈദ്യുതി ഉപഭോഗം വർധിച്ചത് കൽക്കരിയുടെ ആവശ്യകത കൂട്ടിയെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കുന്നു. രാജ്യത്തെ വൈദ്യുത ഉപഭോഗം പ്രതിദിനം 4 ബില്യൺ യൂണിറ്റായി വർധിച്ചുവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.ഇതിന് പുറമേ കൽക്കരി ഖനികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കനത്ത മഴ ഉൽപാദനം വർധിപ്പിക്കുന്നതിന് തടസം സൃഷ്ടിക്കുന്നു. ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില ഉയർന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 

കൽക്കരിക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. കൽക്കരിയുടെ ദൗർലഭ്യമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. രാജ്യത്തിന് ആവശ്യമായ 70 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത് താപ വൈദ്യുത നിലയങ്ങളിൽ നിന്നാണ്. ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി, ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്.

താപനിലയങ്ങളിലെ പ്രവർത്തനം നിലച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പ്രശ്നത്തിന് പരിഹാരം കാണാൻ സംസ്ഥാനങ്ങൾ ബദൽ മാർഗങ്ങൾ ആരംഭിച്ച് തുടങ്ങി. പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ പവർകട്ട് ഏർപ്പെടുത്തിക്കഴിഞ്ഞു. ഉത്തർപ്രദേശിൽ 14 താപവൈദ്യുത നിലയങ്ങൾ കൽക്കരി ദൗർലഭ്യത്തെ തുടർന്ന് അടച്ച് പൂട്ടി. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിൽ അഞ്ച് മണിക്കൂർ വരെ പവർക്കട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഡൽഹി സമ്പൂർണ ബ്ലാക്ക്ഔട്ടിലേക്ക് പോകുന്ന സാഹചര്യമുണ്ട്.

രാജ്യത്ത് നിലവിലുള്ള പ്രതിസന്ധിക്ക് നാല് പ്രധാന കാരണങ്ങളാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ഊർജോത്പാദനത്തിന് ആവശ്യമായ കൽക്കരിയുടെ ആവശ്യം ഗണ്യമായി ഉയർന്നതാണ് പ്രധാന കാരണം. സെപ്റ്റംബർ മാസത്തിൽ ഖനി മേഖലയിൽ പെയ്ത കനത്ത മഴ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉത്പാദനത്തേയും വിതരണത്തേയും ഇത് ബാധിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്ത കൽക്കരിയുടെ വില വൻ തോതിൽ ഉയർന്നിട്ടുണ്ട്. നമ്മുടെ ആവശ്യത്തിന്റെ 25 ശതമാനത്തിൽ അധികവും ഇറക്കുമതി ചെയ്യുന്ന കൽക്കരി ഉപയോഗിച്ചാണ് ഉത്പാദിക്കുന്നത്. അതോടൊപ്പം തന്നെ കരുതൽ ശേഖരണമുണ്ടായതുമില്ല.

ആഗോള പ്രതിസന്ധിയാണെങ്കിലും മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ നടത്താതിരുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. കോവിഡ് മഹാമാരിക്കാലത്തെ വൈദ്യുതി ഉപയോഗത്തെക്കാൾ കൂടുതലാകും വരാനിരിക്കുന്നതെന്ന് മുൻകൂട്ടിക്കാണാൻ സർക്കാരിന് കഴിഞ്ഞില്ലെന്നതാണ് വസ്തുത. ഈ പ്രതിസന്ധി അത്ര എളുപ്പത്തിൽ അവസാനിക്കുന്ന ഒന്നല്ല. ഖനി മേഖലയിൽ കാര്യങ്ങൾ സാധാരണഗതിയിലേക്ക് തിരിച്ചെത്താൻ ഇനിയും സമയം വേണ്ടിവരും. അതുകൊണ്ട് തന്നെ സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ട്.