ബ്രിട്ടന്റെ യുദ്ധ ടാങ്കുകളുടെ എണ്ണം കുറഞ്ഞ് വരുന്നുവെന്നും ആയുധങ്ങളുടെ അപര്യാപ്തയുണ്ടെന്നും സമീപകാലത്ത് ചില റിപ്പോർട്ടുകൾ ഉയർന്ന് വന്നിരുന്നു. എന്നാൽ അമേരിക്ക കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി ബ്രിട്ടൻ നിലകൊള്ളുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതായത് ഒരു യുദ്ധമുണ്ടായാൽ ബ്രിട്ടന് ചൈനയെയും റഷ്യയെയും തോൽപ്പിക്കാനാവുമെന്നാണ് ബ്രിട്ടൻ അവകാശപ്പെട്ടിരിക്കുന്നത്. യുഎസിനൊപ്പം പരാമർശിക്കപ്പെടുന്ന ഏക ലോക ശക്തിയാണ് ബ്രിട്ടനെന്നാണ് യൂറോപ്യൻ ജിയോസ്ട്രാറ്റജി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലെ ഫലങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. സാധാരണ ആഗോള ശക്തികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൈന, റഷ്യ തുടങ്ങിയവയെ ഈ പഠനത്തിൽ പ്രാദേശിക ശക്തികളെന്നും എന്നാൽ ബ്രിട്ടനെ ആഗോള ശക്തിയെന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഫ്രാൻസ്, ഇന്ത്യ, ജർമനി എന്നിവയ്ക്കും പ്രാദേശിക ശക്തികളുടെ സ്ഥാനമേയുള്ളൂ.

ഒരു സൂപ്പർപവറാകുന്നതിനുള്ള സൗകര്യങ്ങൾ യുകെയ്ക്ക് ഇല്ലെങ്കിലും ഇതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈനിക സാന്നിധ്യമെത്തിക്കാനായിട്ടുണ്ടെന്ന് യൂറോപ്യൻ ജിയോസ്ട്രാറ്റജി അഭിപ്രായപ്പെടുന്നു. അതായത് മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഈസ്റ്റ് ഏഷ്യ, ആഫ്രിക്ക, സൗത്ത് അമേരിക്ക, തുടങ്ങിയ സ്ഥലങ്ങളിൽ യുകെയുടെ സൈനിക സാന്നിധ്യമുണ്ട്. യുകെയുടെ സൈന്യം വ്യാപകവും പുരോഗതി നിറഞ്ഞതും വൈവിധ്യമാർന്നതുമാണെന്നും യൂറോപ്യൻ ജിയോസ്ട്രാറ്റജി വിശേഷിപ്പിക്കുന്നു. നാറ്റോയിലും മറ്റ് സംയുക്ത സൈനിക സഖ്യങ്ങളിലും യുകെ നിർണായക ഘടകവുമാണ്. ഇതിന് പുറമെ ബ്രിട്ടൻ ഓവർസീസ് ഡിഫെൻസ് ബേസുകൾ കൈവശം വച്ചിട്ടുമുണ്ട്. ഉദാഹരണമായി ആസ്സെൻഷൻ ദ്വീപ്, ബെലൈസ്, ബ്രൂണെ, കാനഡ, ഡിഗോ ഗാർസിയ, ഫാക്ക്ലാൻഡ് ഐലന്റ്, ജിബ്രാൾട്ടർ, കെനിയ, ബഹ്റൈൻ, സൈപ്രസ് എന്നിവിടങ്ങളിൽ ബ്രിട്ടൻ ഡിഫെൻസ് ബേസുകളുണ്ട്.

ഇതിന് പുറമെ യുകെ നിരവധി ന്യൂക്ലിയർ ആയുധങ്ങൾ നിലനിർത്തുന്നുമുണ്ട്. ഇതിന്റെ പ്രതിരോധ ബജറ്റിന് ലോകത്തിൽ അഞ്ചോ ആറോ സ്ഥാനമുണ്ട്. യുകെ ഒരു ഗ്ലോബൽ സൂപ്പർപവറാകില്ലെങ്കിലും ഇത് പ്രതിരോധത്തിന് വൻ തുക ചെലവാക്കുന്നതിനാൽ ലോകത്തിലെ രണ്ടാം റാങ്കിലുള്ള സൂപ്പർപവറായി നിലനിൽക്കാൻ ബ്രിട്ടന് സാധിക്കുമെന്നാണ് റോയൽ യുണൈറ്റഡ് ഇൻസ്റ്റിറ്റ്യൂട്ടിലെ യുകെ ഡിഫെൻസ് പോളിസി സ്റ്റഡീസിലെ പ്രഫ. മാൽകോളം ചാംബേർസ് 2011ൽ നടത്തിയ ഒരു പഠനത്തിലൂടെ വെളിപ്പെടുത്തിയിരുന്നത്. ഫ്രാൻസിനൊപ്പം നാറ്റോയിലെ ഏറ്റവും നിർണായകമായ സൈനിക ശക്തിയാണ് ബ്രിട്ടനെന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു.

ചൈന , റഷ്യ പോലുള്ള ശക്കതികൾ ഉയർന്ന് വരുന്നതിനനുസരിച്ച് ബ്രിട്ടന്റെ സ്ഥാനത്തിന് ഭീഷണി നേരിടുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സ്ഥാനത്തിന് 2020 വരെ വലിയ മാറ്റമൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. ചൈനീസ് കോംപ്രഹെൻസീവ് നാഷണൽ പവർ റാങ്കിങ് സിസ്റ്റത്തിലും ബ്രിട്ടന് സൈനിക ശക്തിയുടെ കാര്യത്തിൽ ഉയർന്ന സ്ഥാനമാണുള്ളത്. സൈനികപരമായും സാമ്പത്തിക പരമായുമുള്ള ശക്തിയാണ് സിഎൻപി റാങ്കിംഗിനായി പരിഗണിക്കുന്നത്. എന്നാൽ ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറച്ച് സൈനികർ മാത്രമേ ബ്രിട്ടനുള്ളൂ.വിന്യസിക്കുന്നതിനുള്ള ലോജിസ്റ്റിക്കൽ കഴിവും ബ്രിട്ടന് കുറവാണെന്നും യുകെ ഡിഫെൻസ് ജേർണൽ വെളിപ്പെടുത്തുന്നു.