പോർട്ട് മോഴ്‌സ്ബി: തെക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ പാപുവ ന്യൂഗിനിയയിൽ വൻ ഭൂകമ്പം. റിക്ടർസ്‌കെയിലിൽ 8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്നു സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റാബൗളിൽ നിന്ന് 157 കിലോമീറ്റർ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ചയാണ് ഭൂചലനം ഉണ്ടായത്. ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ സുനാമിക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാപുവ ന്യൂഗിനിയയ്ക്ക് പുറമെ ഇന്തോനേഷ്യ, സോളമൻ ഐലൻഡ് എന്നിവിടങ്ങളിലും സുനാമിക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇവിടങ്ങളിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്. സോളമൻ ഐലൻഡിൽ ആഴ്ചകൾക്കു മുമ്പ് ഉണ്ടായ തുടർചലനങ്ങളെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച ശക്തമായ ഭൂചലനം ഉണ്ടായത്.