പാനൂർ: ബിജെപി ശക്തി കേന്ദ്രമായ പൊയിലൂരിൽ കരിങ്കൽ ക്വാറി വീണ്ടും പ്രവർത്തനമാരംഭിച്ചതിനെ തുടർന്ന് നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ. ആർ. എസ്. എസ് ശക്തി കേന്ദ്രമായ പൊയിലൂർ വെങ്ങതോട് ഭാഗത്തു നിന്നാണ് പാർട്ടി നേതൃത്വത്തിനോട്് ഇടഞ്ഞ് നൂറോളം പ്രവർത്തകർ പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്്.

വെങ്ങതോട് കരിങ്കൽ ക്വാറിക്കെതിരെ പ്രദേശത്തെ പാർട്ടി ഘടകം മാസങ്ങളായി മാസങ്ങളായി സമരത്തിലാണ്. എന്നാൽ ഇതിന് ബിജെപി കൂത്തുപറമ്പ് മണ്ഡലം നേതാക്കൾ പിൻതുണ നൽകിയില്ലെന്നു മാത്രമല്ല കരിങ്കൽ ക്വാറി ഉടമയ്ക്കൊപ്പം നിന്ന് സമരത്തെ അട്ടിമറിച്ചുവെന്നാണ് പ്രവർത്തകരുടെ ആരോപണം.

ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി നേതാക്കൾക്കതിരെയാണ് പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തു വന്നത്. കഴിഞ്ഞ ആറുമാസക്കാലമായി നടത്തുന്ന സമരത്തിന് മണ്ഡലം കമ്മിറ്റി യാതൊരു പിൻതുണയും നൽകിയില്ലെന്ന വികാരമാണ് ഈ മേഖലയിലെ പ്രവർത്തകർ പ്രകടിപ്പിക്കുന്നത്.ബിജെപി അനുഭാവി കൂടിയാണ് ക്വാറിമുതലാളി.

എന്നാൽ വെങ്ങതോട് ക്വാറിക്കെതിരെ നടക്കുന്ന സമരത്തിന് ആർ. എസ്. എസ് പൂർണപിൻതുണ നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കൂത്തുപറമ്പ് മണ്ഡലത്തിൽ ആർ. എസ്. എസ്-ബിജെപി നേതാക്കൾ തമ്മിൽ അസ്വാരസ്യത്തിലാണ്. പ്രദേശവാസികൾ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടു ആർ. എസ്. എസ് നേതാക്കൾ പ്രദേശത്തിന് ഭീഷണിയായ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നു ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതിനെ മറികടന്നുകൊണ്ടു കഴിഞ്ഞ ദിവസം മുതൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം പുനരാരംഭിച്ചിരിക്കുകയാണ്.

ഇതോടെ പ്രദേശവാസികളായ ബിജെപി പ്രവർത്തകരിൽ ഭൂരിഭാഗവും നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് സമ്പാദിച്ചാണ് കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നത്. ഇതിനായി പൊലിസ് സംരക്ഷണവും നൽകുന്നുണ്ട്. ക്വാറിക്കെതിരെ സമരം നടത്തിയതിന് പ്രദേശത്തെ സ്ത്രീകളടക്കം നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ക്വാറിയിൽ നിന്നും വരുന്ന ടിപ്പർ ലോറികൾ തടഞ്ഞതിനാണ് പൊലിസ് ഇവരെ അറസ്റ്റു ചെയ്തു നീക്കി കേസെടുത്തിട്ടുള്ളത്.

ഇതോടെയാണ് ക്വാറി ഉടമയ്ക്കു അനുകൂലമായി പ്രവർത്തിക്കുന്ന ബിജെപി നേതാക്കളുടെ നിലപാടിൽ പ്രതിഷേധിച്ച് നൂറോളം പ്രവർത്തകർ രാജി ഭീഷണി മുഴക്കി രംഗത്തു വന്നത്. തൽക്കാലം പാർട്ടിയിൽ നിന്നും രാജിവെച്ചു നിഷ്‌ക്രീയരായി നിൽക്കാനാണ് ഇവരുടെ തീരുമാനമെന്നറിയുന്നു. എന്നാൽ ഇങ്ങനെ രാജിവയ്ക്കുന്ന പ്രവർത്തകരെ വലയിലാക്കി തങ്ങളുടെ കൂടെ കൊണ്ടുവരാൻ സി.പി. എം നേതൃത്വം രഹസ്യനീക്കം തുടങ്ങിയിട്ടുണ്ട്. നേരത്തെ ബിജെപി വിട്ടു സി.പി. എമ്മിൽ ചേർന്ന മുൻ സംഘപരിവാർ നേതാവിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള നീക്കം നടത്തുന്നത്.

എന്നാൽ ഈ അപകടം മണത്ത് ബിജെപി ജില്ലാ നേതൃത്വം പ്രതിഷേധക്കാരുമായി അനുരജ്ഞന ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. നേരത്തെ സമരത്തിന് പിൻതുണ പ്രഖ്യാപിച്ചു കൊണ്ടു ബിജെപി ജില്ലാ നേതൃത്വം പൊയിലൂരിലെത്തിയിരുന്നു.സമരത്തിന് അനുകൂലമായി നിലകൊള്ളുന്ന ആർ. എസ്. എസ് നേതൃത്വത്തിനെ തണുപ്പിക്കാനും അണിയറയിൽ നീക്കം തുടങ്ങിയിട്ടുണ്ട്. ഒന്നാം ഘട്ട ചർച്ച ഇതുമായി ബന്ധപ്പെട്ടു നടന്നിട്ടുണ്ടെന്നാണ് സൂചന. തൃപങ്ങോട്ടൂർ പഞ്ചായത്തിൽ ബിജെപി ഭരിക്കുന്ന വാർഡുകൂടിയാണിത്.

പൊയിലൂർ മേഖലയിലെ ബിജെപിയിലെ അസ്വാരസ്യങ്ങൾ പാർട്ടി നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. ഇതിനിടെ പരമാവധി ഖനനം നടത്തുന്ന തിരക്കിലാണ് ക്വാറി ഉടമ. കരിങ്കല്ലുമായി ചീറിപ്പായുന്ന ടിപ്പർ ലോറികൾ വഴിയാത്രക്കാർക്ക് ഭീഷണിയുയർത്തുന്നതായും പരാതിയുണ്ട്. പാനൂർ മേഖലയിൽ പരിസ്ഥിതി പ്രാധാന്യമുള്ള വാഴമല തകർത്താണ് കരിങ്കൽ ഖനനം നടക്കുന്നത്.