പാനൂർ: പാനൂർ പൊയിലൂർ മുത്തപ്പൻ മടപ്പുര ഏറ്റെടുക്കാൻ വീണ്ടും ദേവസ്വം ബോർഡ് ശ്രമിച്ചത് സംഘ് പരിവാർ പ്രവർത്തകരുമായി സംഘർഷത്തിനിടയാക്കി. ചൊവ്വാഴ്‌ച്ച പുലർച്ചെ ആറരയ്ക്ക് പൊയിലൂർ മുത്തപ്പൻ മടപ്പുരയിൽ കൂത്തുപറമ്പ് എ.സി.പി സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം ഇരച്ചുകയറുകയും ക്ഷേത്രത്തിലെ ഓഫീസ് പൂട്ട് വെൽഡിങ് മെഷീൻ ഉപയോഗിച്ച് പൊളിക്കുകയും ചെയ്തു.

ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത്, വടക്കയിൽ പവിത്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രം ഓഫീസിനകത്ത് പ്രവേശിക്കുകയും പണം, രേഖകൾ എന്നിവ ബലമായി പിടിച്ചെടുക്കുകയും ചെയ്തു. തൃപ്പങ്ങോട്ടൂർ വില്ലേജ് ഓഫീസർ സുനിൽ , വില്ലേജ് അസിസ്റ്റന്റ് രജീഷ്, കൊളവല്ലൂർ സി ഐ എം സജിത്ത് ,എസ് ഐ കെ സുഭാഷ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു.തുടർന്ന് വൻ പൊലീസ് സന്നാഹത്തോടെ ക്ഷേത്രവളപ്പിൽ എത്തുകയും ക്ഷേത്രവാതിൽ പൊളിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു തായി സംഘ് പരിവാർ നേതാക്കൾ ആരോപിച്ചു.വിവരമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ സംഘ് പരിവാർ പ്രവർത്തകർ നാമജപത്തിലൂടെ തടയുകയും സംഘർഷം മൂർച്ഛിക്കുമെന്ന് കണ്ട് പൊലീസ് പിന്മാറുകയും ചെയ്യുകയായിരുന്നു.

പൊലീസിനും ദേവസ്വം ഉദ്യോഗസ്ഥർക്കും ക്ഷേത്ര വാതിൽ തുറക്കാൻ ഇതു കാരണം കഴിഞ്ഞില്ല എന്നാൽ ക്ഷേത്ര കാര്യാലയം പൊലീസും ദേവസ്വം അധികൃതരും പുതിയ പൂട്ടിട്ട് പൂട്ടുകയും മടങ്ങുകയുമായിരുന്നു. ദേവസ്വം ബോർഡ് ഉത്തരവനുസരിച്ച് സിസി ക്യാമറ സ്ഥാപിക്കാനുള്ള ടീം എത്തുകയും ജനങ്ങളുടെ പ്രതിഷേധം കാരണം അവർക്കും മടങ്ങി പോകേണ്ടി വരികയും ചെയ്തു. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ക്ഷേത്രത്തിൽ ദീപാരാധനയും, പയങ്കുറ്റിയും നടന്നുവരുന്നത്.

സംഘ് പരിവാറിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ബോർഡ് അധികൃതർ താൽക്കാലികമായി മടങ്ങിയത്. മാർക്‌സിസ്റ്റ് പാർട്ടി ലോക്കൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം പ്രദേശത്തുകാരനായ ഒകെ വാസുവിന്റെ അറിവോടെയാണ് തങ്ങൾ നിയന്ത്രിക്കുന്ന മടപ്പുര പിടിച്ചെടുക്കാൻ ശ്രമിക്കുന്നതെന്ന് പരിവാർ നേതാക്കൾ ആരോപിച്ചു.

ദേവസ്വം അധികൃതർ വ്യാജരേഖ ചമച്ച് ക്ഷേത്രം പിടിച്ചെടുക്കാൻ ഉള്ള ശ്രമം നടത്തുകയാണെന്നാണ് ഇവരുടെ ആരോപണം മടപ്പുരയുമായി ബന്ധപ്പെട്ട് കോടതിയിൽ മൂന്ന് കേസുകൾ നിലവിലുണ്ട്. കോടതിയുടെ പരിഗണനയിലുള്ള കേസുകൾ മറികടന്നാണ് ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നതെന്നും പരിവാർ നേതാക്കൾ കുറ്റപ്പെടുത്തി.

പുരാതനമായ പൊയിലൂർ മുത്തപ്പൻ മടപ്പുര സംഘപരിവാർ പ്രവർത്തകരാണ് നടത്തിവരുന്നത്.മൂന്ന് കേസ് നിലവിലിരിക്കെ വ്യാജരേഖ ചമച്ചു കൊണ്ട് ദേവസ്വം ബോർഡ് അധികൃതർ മുന്നോട്ടുപോവുകയാണെങ്കിൽ ശക്തമായ പ്രതിഷേധം ഉയരുമെന്നും മുത്തപ്പൻ മടപ്പുര പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്നും ബിജെപി ജില്ലാ സെക്രട്ടറി വി പി സുരേന്ദ്രൻ അറിയിച്ചു.

പയേരി ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവർ ദീപേഷിന്റെ നേതൃത്വത്തിലാണ് പൂട്ടു പൊളിക്കൽ നടന്നത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നിരവധി പരിവാർ പ്രവർത്തകർ ക്ഷേത്ര വളപ്പിൽ എത്തി.

ബിജെപി, ഹിന്ദു ഐക്യവേദി നേതാക്കളായ വി പി സുരേന്ദ്രൻ , സി ഗീരീഷ്,വി പി ബാലൻ , ഓട്ടാണി പത്മനാഭൻ , ഇപി ബിജു, മനോജ് പൊയിലൂർ, ശോഭ, എപി വസന്ത , വി പ്രസീത, കെ വി പ്രമോദ് , പി ലിജീഷ് എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.ബിജെപിയിൽ നിന്നും ചേരി മാറി സിപിഎം നേതൃത്വത്തിലേക്ക് വന്ന ഒകെ വാസുവിന്റെ വീടു സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പൊയിലുർ

.ഒകെ വാസുവിന് നേരെ അക്രമം നേരത്തെ നടന്നിരുന്നു.ആർഎസ്എസ് സ്വാധീന പ്രദേശമായ പൊയിലൂരിൽ അവരുടെ ആസ്ഥാന കേന്ദ്രമായ മടപ്പുര പിടിച്ചെടുക്കാൻ ദേവസ്വം ബോർഡ് ശ്രമിക്കുന്നത് വരുംനാളിൽ സംഘർഷത്തിനിടയാക്കുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്. നേരത്തെ കോൺഗ്രസ് അനുഭാവികൾ ഭരിക്കുന്ന മട്ടന്നൂർ മഹാദേവക്ഷേത്രവും പൊലിസ് സഹായത്തോടെ ദേവസ്വം ബോർഡ് പിടിച്ചെടുത്തിരുന്നു.ഇതിന്റെ പ്രതിഷേധം അടങ്ങുന്നതിന് മുൻപാണ് മറ്റൊരു ആരാധനാലയം കൂടി ഏറ്റെടുക്കാനുള്ള നീക്കം നടക്കുന്നത്.