- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്പി.സി.എയിൽ അതിക്രമിച്ചു കയറി ഏറ്റെടുത്തു; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ കേസെടുത്തു
കണ്ണൂർ: കണ്ണൂർ നഗരത്തിലെ മൃഗ പരിപാലന കേന്ദ്രമായ എസ്പി.സി.എ ഓഫിസിലേക്ക് അതിക്രമിച്ചു കയറിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. എസ്പി.സി.എ ഭാരവാഹികളുടെ പരാതിയിലാണ് നടപടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവർ ഓഫിസിൽ അതിക്രമിച്ചു കടക്കുകയും ജീവനക്കാരിയെ ബലം പ്രയോഗിച്ച് പുറത്താക്കിയ ശേഷം താക്കോൽക്കൂട്ടം എടുത്തു കൊണ്ടുപോകുകയും ചെയ്തെന്ന പരാതിയിലാണ് കേസ്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റിനൊപ്പം എത്തിയ കണ്ണൂർ ടൗൺ സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്കെതിരേയും നടപടി വേണമെന്ന് കാണിച്ച് എസ്പി.സി.എ ഭാരവാഹികൾ സിറ്റി കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. രോഗം പിടിപെട്ടതും അംഗവൈകല്യമുള്ളതുമായ മിണ്ടാപ്രാണികൾക്ക് ചികിത്സ കൊടുത്ത് സംരക്ഷിക്കുന്ന പ്രവർത്തനമാണ് എസ്പി.സി.എ ചെയ്തുവരുന്നത്. സർക്കാരിൽ നിന്നും ഗ്രാന്റോ മറ്റ് സാമ്പത്തിക സഹായോമാ സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് ലഭിക്കുന്നില്ല. എസ്പി.സി.എയുടെ സ്ഥലത്ത് നിർമ്മിച്ച കെട്ടിടങ്ങളുടെ വാടക കൊണ്ടാണ് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത്.
ഇവയുടെ പ്രവർത്തനങ്ങളിൽ സർക്കാരിനോ ആനിമൽ ഹസ്ബന്ററി വിഭാഗത്തിനോ ഇടപെടാൻ പാടില്ലെന്ന് കോടതി വിധിയുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ജില്ലാ പഞ്ചായത്ത് അധികൃതർ എസ്പി.സി.എ ഓഫിസ് ഏറ്റെടുത്തതായി കാണിച്ച് നോട്ടിസ് പതിച്ചത്. ഏറ്റെടുക്കൽ തടയാൻ ശ്രമിച്ചതിന്റെ പേരിൽ മേയർ ടി.ഒ.മോഹനൻ, എസ്പി.സി.എ ഭാരവാഹികളായ വിനോദ് രാജ്, രത്നാകരൻ, പ്രദീപൻ എസ്പി.സി.എ ഓഫിസ് ജീവനക്കാരി പത്മജ എന്നിവർക്കെതിരേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിൽ നേരത്തെ കേസെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ