കൊച്ചി: മാധ്യമ ലോകത്തെ മാധ്യമ ചർച്ചകൾക്ക് പുതുമാനം നൽകി ട്വന്റി ഫോറിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പിപി ജെയിംസിന്റെ പോസ്റ്റ്. വിനു വി ജോണിനെ പോലെ ഒരു പ്രധാന മാധ്യമ പ്രവർത്തകൻ 'കണ്ടോ കണ്ടോ ' എന്ന് ചോദിച്ചാൽ കണ്ടില്ലെന്ന് നടിച്ചു പോകാൻ കഴിയില്ലല്ലോ. മൂന്നരപതിറ്റാണ്ടിൽ പേന കയ്യിലെടുത്ത കാലം മുതൽ എന്റെ തൊഴിലിൽ കറ പുരണ്ടിട്ടില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിന്റെ വിമർശനത്തിന് പിപി ജെയിംസിന്റെ മറുപടി.

പ്രസ് ക്ലബ്ബിൽ പിപി ജെയിംസിന്റെ നേതൃത്വത്തിലെ ഭരണസമിതിക്കാലത്തെ ആരോപണങ്ങൾ വിനു വി ജോൺ കുത്തിപ്പൊക്കൽ മാതൃകയിൽ ചർച്ചയാക്കിയിരുന്നു. മാധ്യമ പ്രവർത്തകർക്കെതിരായ വാർത്തകൾ നൽകുമെന്ന ട്വന്റി ഫോർ ന്യൂസ് ചാനൽ മേധാവി ആർ ശ്രീകണ്ഠൻ നായരുടെ പരസ്യ വെല്ലുവിളിക്ക് ശേഷമായിരുന്നു വിനു വി ജോണിന്റെ ഇടപെടൽ. ഇത് വൈറലായി. ഇതിനൊപ്പം മറ്റ് പല പ്രമുഖരും ട്വിന്റി ഫോറിനെതിരെ രംഗത്തുന്നു. ഈ വിമർശനത്തിനാണ് പിപി ജെയിംസ് പരസ്യ മറുപടി നൽകുന്നത്. വിനു ജോണിനെ ട്രോളുന്ന തരത്തിലാണ് മറുപടി. ഏഷ്യാനെറ്റ് ന്യൂസിലെ ഗ്രൂപ്പിസമാണോ ഈ ചർച്ചകൾക്ക് കാരണമെന്ന ചോദ്യവും പിപി ജെയിംസ് മുമ്പോട്ട് വയ്ക്കുന്നു.

മനുഷ്യസ്‌നേഹിയും മുതിർന്ന ഫോട്ടോ ജേർണലിസ്റ്റുമായിരുന്ന ഏഷ്യാനെറ്റിലെ ശശികുമാർ (അയ്യപ്പൻ ) അവതരിപ്പിച്ച കണക്കുകളിൽ ഇഴകീറി പരിശോധന നടത്തി നൽകിയ റിപ്പോർട്ട്. ആ റിപ്പോർട്ടിൽ സാമ്പത്തിക കാര്യങ്ങൾ നേരിട്ട് കൈകാര്യം ചെയ്തത ട്രഷറർ അയ്യപ്പൻ അവതരിപ്പിച്ച കണക്കുകൾ കൃത്യവും സത്യവുമാണെന്ന് അക്കമിട്ട് നിരത്തിയിട്ടുണ്ട്. പ്രസിഡന്റ എന്ന നിലയിൽ സാമ്പത്തിക ഇടപാടുകളിൽ നേരിട്ട് ബന്ധമില്ലങ്കിലും സുതാര്യമായ സാമ്പത്തിക വർഷം കൂടിയാണ് കടന്നു പോയതെന്ന് എനിക്കുറപ്പുണ്ട്.-ഇതാണ് പിപിജെയിംസ് ചർച്ചയാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസിലെ അയ്യപ്പനെപോലെ ജേർണലിസ്റ്റ് സമൂഹം ബഹുമാനിക്കുന്ന വ്യക്തിയോട് എനിക്കും എല്ലാകാലത്തും ബഹുമാനമാണ്. ഏഷ്യാനെറ്റിലെ ഉൾപ്പോരിൽ അദ്ദേഹം വിനുവിന്റെ എതിർചേരിയിലാണോ ? അല്ലാതെ എന്നെ മാത്രം ഉന്നം വയ്ക്കുന്ന ഒന്നാണ് ആ ട്വീറ്റ് എന്ന് ഞാൻ കരുതുന്നില്ല-എന്നും പിപി ജെയിംസ് കുറിക്കുന്നുണ്ട്.

പിപി ജെയിംസിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ

വിനു വി ജോണിന്റെ ട്വീറ്റ് കണ്ടു കണ്ടു ...

പക്ഷെ വിനു.വി.ജോൺ കാണാതെ പോയ കുറെ കാര്യങ്ങൾ കൂടിയുണ്ട്. അതിലൊന്നാണ് കേരളത്തിലെ ഏറ്റവും പ്രശസ്തരായ 'ഐസക് ആൻഡ് സുരേഷ്' പ്രസ് ക്ലബ്ബ് കണക്കുകളിൽ നടത്തിയ ഓഡിറ്റ് റിപ്പോർട്ട്. പറ്റിയാൽ അതൊന്നു സംഘടിപ്പിച്ച് വായിക്കണം. മനുഷ്യസ്‌നേഹിയും മുതിർന്ന ഫോട്ടോ ജേർണലിസ്റ്റുമായിരുന്ന ഏഷ്യാനെറ്റിലെ ശശികുമാർ (അയ്യപ്പൻ ) അവതരിപ്പിച്ച കണക്കുകളിൽ ഇഴകീറി പരിശോധന നടത്തി നൽകിയ റിപ്പോർട്ട്. ആ റിപ്പോർട്ടിൽ സാമ്പത്തിക കാര്യങ്ങൾ നേരിട്ട് കൈകാര്യം ചെയ്തത ട്രഷറർ അയ്യപ്പൻ അവതരിപ്പിച്ച കണക്കുകൾ കൃത്യവും സത്യവുമാണെന്ന് അക്കമിട്ട് നിരത്തിയിട്ടുണ്ട്. പ്രസിഡന്റ എന്ന നിലയിൽ സാമ്പത്തിക ഇടപാടുകളിൽ നേരിട്ട് ബന്ധമില്ലങ്കിലും സുതാര്യമായ സാമ്പത്തിക വർഷം കൂടിയാണ് കടന്നു പോയതെന്ന് എനിക്കുറപ്പുണ്ട്.

പ്രസ്സ് ക്ലബ്ബിലെ ഓരോ അധികാരമാറ്റവും അത്ര സുഗമം അല്ല എന്ന് വിനു വി ജോണിനും നല്ലതുപോലെ അറിയാം. പക്ഷെ ആ ഓരോ മാറ്റത്തിലും തങ്ങൾക്ക് സൗകര്യപ്രദമായ നിലയിൽ മുൻകാല കണക്കുകളെ വിവാദമാക്കാനും വിമർശിക്കാനും തുടർന്ന് വരുന്നവർ ശ്രമങ്ങൾ നടത്തുന്നതും അത് പാളിപ്പോകുന്നതും വിനു വി ജോണിന് അത്ര പരിചയമുള്ള കാര്യമല്ല.

വിനു കാണാതെ പോയ ഒരു സംഭവം കൂടി പറയാം. വിനു ട്വീറ്റിനൊപ്പം ചേർത്ത നാല് കഷ്ണം പേപ്പർ കിട്ടിയ അലമാരയിൽ ഇല്ലാത്ത ഒരു വിവരം. പ്രസ് ക്ലബ്ബിൽ രണ്ടോ മൂന്നോ ടെം ഭരണ കാലയളവിൽ നടന്ന സാമ്പത്തിക കണക്കുകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും അത് അന്വേഷിക്കണമെന്നും തുടർന്ന് വന്ന ഭരണ സമിതി തീരുമാനിച്ചു. അതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. അധ്യക്ഷനായി മുതിർന്ന മാധ്യമപ്രവർത്തകൻ പവനൻ. അംഗങ്ങളെ കുറിച്ച് ഞാൻ പറയുന്നില്ല. കണക്കുകൾ പരിശോധനയ്ക്കായി നിരത്തി. മുൻകാല ഭരണ സമിതികളെ താറടിക്കാൻ തക്കവിധം വ്യാഖ്യാനങ്ങൾ നൽകി റിപ്പോർട്ട് തയ്യാറാക്കാനായിരുന്നു ശ്രമം. സമിതി അധ്യക്ഷൻ പവനൻ രാജി വച്ചൊഴിഞ്ഞു. ''പ്രതികാര റിപ്പോർട്ട് തയ്യാറാക്കാൻ ഞാനില്ല; സത്യം സത്യമായി രേഖപ്പെടുത്തണം'' എന്നായിരുന്നു അദ്ദഹത്തിന്റെ നിലപാട്. 'ഐസക് ആൻഡ് സുരേഷ്' നൽകിയ ഓഡിറ്റ് റിപ്പോർട്ട് കൂടിയെത്തിയതോടെ പ്രസ്‌ക്ലബ്ബിലെ ബഹുഭൂരിപക്ഷത്തിനും സത്യം മനസിലായി. പിന്നീട് പുറത്തു വന്നത് അച്ചടിച്ച് കൂട്ടിയ അബദ്ധപ്പഞ്ചാംഗം ആയിരുന്നു. മാധ്യമചരിത്രത്തിൽ മായാത്ത കറപ്പാട് പുരട്ടിയ അതേ അച്ചുകൂടത്തിൽ പിറന്ന മറ്റൊരു തെറ്റ്. അധ്യക്ഷനില്ലാത്ത; കറകളഞ്ഞ അംഗങ്ങളില്ലാത്ത ഒരു പ്രതികാര സമിതിയുടെ വെറുപ്പിന്റെ കടലാസ്സ് കൂട്ടം. അതിന് നിയമ സാധുതയില്ല, സത്യമില്ല , മാന്യതയുമില്ല. ഇന്ത്യയിൽ നിലവിലുള്ള ഏത് നിയമസംവിധാനങ്ങളിലും അത് പരിശോധയ്ക്കാൻ അന്നേ നിലപാടെടുത്ത ആളാണ് ഞാൻ. ഏഷ്യാനെറ്റ് ന്യൂസിലെ അയ്യപ്പനെപോലെ ജേർണലിസ്റ്റ് സമൂഹം ബഹുമാനിക്കുന്ന വ്യക്തിയോട് എനിക്കും എല്ലാകാലത്തും ബഹുമാനമാണ്. ഏഷ്യാനെറ്റിലെ ഉൾപ്പോരിൽ അദ്ദേഹം വിനുവിന്റെ എതിർചേരിയിലാണോ ? അല്ലാതെ എന്നെ മാത്രം ഉന്നം വയ്ക്കുന്ന ഒന്നാണ് ആ ട്വീറ്റ് എന്ന് ഞാൻ കരുതുന്നില്ല.

വിനു വി ജോണിനെ പോലെ ഒരു പ്രധാന മാധ്യമ പ്രവർത്തകൻ 'കണ്ടോ കണ്ടോ ' എന്ന് ചോദിച്ചാൽ കണ്ടില്ലെന്ന് നടിച്ചു പോകാൻ കഴിയില്ലല്ലോ. മൂന്നരപതിറ്റാണ്ടിൽ പേന കയ്യിലെടുത്ത കാലം മുതൽ എന്റെ തൊഴിലിൽ കറ പുരണ്ടിട്ടില്ല. ഒരു വാതിലിലും എന്റെ നിലപാടുകൾ പണയം വച്ചിട്ടില്ല. മത്സരത്തിനായി എടുത്തു ചാടിയിട്ടില്ല. ഓരോ വാർത്തയിലും കുറെ ജീവിതങ്ങളുണ്ട് എന്ന് തിരിച്ചറിയുന്നവനാണ്. അതിന്റെ വില മനസിലാക്കി സൂക്ഷ്മതയോടെ മാത്രം അച്ചിലേക്ക് വാർത്ത നല്കിയവനാണ്. ഒരു പ്രസ് ക്ലബ്ബ് കണക്കിൽ ഞാൻ ഉണ്ടാക്കിയ എന്റെ ആത്മാഭിമാനം തട്ടിത്തൂവാൻ ഞാൻ അനുവദിക്കില്ല. സാമൂഹ്യമാധ്യമങ്ങളിൽ ഇനി വാദപ്രതിവാദത്തിനുമില്ല. ഇന്ത്യയിലെ നീതിന്യായ സംവിധാനം സമൂഹമാധ്യമങ്ങളിൽ അല്ലല്ലോ...

കൃത്യമായ ഹോംവർക്കില്ലാതെയാണ് ദൃശ്യമാധ്യമങ്ങൾ വാർത്തകൾ ചമയ്ക്കുന്നതെന്ന ആക്ഷേപം പൊതുജനങ്ങളിൽ നിന്നുയരുമ്പോൾ വിനു വി ജോൺ അടക്കമുള്ളവർ മാതൃകയാവണം. ഞാൻ പറഞ്ഞ ആ റിപ്പോർട്ട് - ഭാരതത്തിലെ ഏതു നിയമ സംവിധാനങ്ങളിൽ ചെന്ന് പുനഃപരിശോധിച്ചാലും ശരിയെന്ന് വിധിക്കുന്ന ആ റിപ്പോർട്ട് - ഒന്ന് മനസിരുത്തി പഠിക്കണം.

- പി പി ജെയിംസ്‌